യാത്ര
സ്വപ്നരാമൻ ഒരു സംഗീതക്കച്ചേരി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അയാൾക്കന്ന് കുറച്ചധികം പണം കിട്ടി.
അതുകൊണ്ട് അരുണയ്ക്കും ദാനുവിനുമേകിയ വാഗ്ദാനങ്ങൾ പാലിക്കാൻ തനിക്കു സാധിക്കുമല്ലോ എന്നയാൾ ആശ്വസിച്ചു.
സ്വപ്നരാമൻ അരുണയ്ക്ക് ഒരു ജോഡി വെള്ളിക്കൊലുസും ദാനുവിന് ഒരു കളിവീണയും വാങ്ങി.
അരുണയ്ക്ക് ചെറുപ്പത്തിൽ കൊലുസുണ്ടായിരുന്നു. കുളിക്കാനും നനയ്ക്കാനും പുഴയിലെത്തുമ്പോൾ അവൾ പാദം മുങ്ങുന്ന ജലത്തിൽ ഇറങ്ങിനിൽക്കും.
പുഴക്കൈകൾ കൊലുസിൽ തൊട്ടുവിളിക്കുന്നത് കണ്ടുനിൽക്കാൻ അവൾക്കേറെ ഇഷ്ടമായിരുന്നു.
പിന്നീടെന്നോ അത് പുഴയിൽ നഷ്ടപ്പെട്ടു. ഒരിക്കൽ പുഴയിൽ കുളിക്കുമ്പോൾ ജലത്തിനടിയിലൂടെ രണ്ടു കൈകൾ നീണ്ടുവന്ന് കൊലുസുകൾ അടർത്തിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണവൾ പറയുന്നത്.
അവൾക്കപ്പോൾ അദമ്യമായ സന്തോഷം തോന്നി. കൊലുസ് നഷ്ടപ്പെട്ടതിൽ അവൾക്ക് ദുഃഖം തോന്നിയതുമില്ല.
ദാനുവിന് നൽകാനുള്ള കളിപ്പാട്ടം, ഒറ്റക്കമ്പിയുള്ള ഒരു കളിവീണയായിരുന്നു.
അതിനേക്കാൾ മികച്ചതൊന്ന് അവനു നൽകാനില്ലെന്ന് സ്വപ്നരാമൻ ഓർത്തു.
ഒരുപക്ഷേ അവനത് കുറച്ചു കഴിയുമ്പോൾ വലിച്ചെറിയുമായിരിക്കും.
സാരമില്ല.
കളിക്കോപ്പുടയുന്ന ഒച്ച പോലും ഒരു സംഗീതമാണ്. അയാൾ ഓർത്തു.
പ്രതിഷേധത്തിന്റെയോ ആ ആവർത്തനത്തിനോടുള്ള അസംതൃപ്തിയുടെയോ,
കൂടുതൽ മികച്ച ഒന്നിനായുള്ള അന്വേഷണത്തിന്റെയോ, എന്തിനൊക്കെയോ ഉള്ള ഒരു വെളിപ്പെടുത്തൽ.
ഇതൊക്കെ ആലോചിച്ച് നടന്ന് അയാൾ തന്റെ ചേരിയിൽ എത്തി. അയാൾ അമ്പരന്നു.
അവിടമാകെ മാറിപ്പോയിരുന്നു.
തെരുവ് , ചോരയും മരണവും തീയും കൊണ്ടു വരച്ച ഒരു ചിത്രം പോലെയായിരുന്നു അപ്പോൾ.
വിറയലോടെ അയാൾ മൃതദേഹങ്ങൾക്കിടയിൽ തിരഞ്ഞു. അരുണയോ ദാനവും അക്കൂട്ടത്തിലുണ്ടാകുമോ ?
അയാൾക്ക് അവരെ കണ്ടെത്താനായില്ല.
മരിച്ചുകിടന്ന ഒരു പെൺകുട്ടിയെ അയാൾ കണ്ടു. അയാൾ ആ മൃതദേഹത്തിനരികിൽ ഇരുന്നു. അരുണയ്ക്ക് കൊടുക്കാൻ കൊണ്ടുവന്ന കൊലുസ് അതിന്റെ കാലുകളിൽ അണിയിച്ച് അയാൾ തിരിഞ്ഞു നടന്നു.
കളിവീണ, അയാൾ അടുക്കി പിടിച്ചിരുന്നു. കുറച്ചു നടന്നപ്പോൾ അയാൾ പിന്നിൽ ഒരു കൊലുസിന്റെ ശബ്ദം കേട്ടു.
തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.
അയാൾ വീണ്ടും നടന്നു. വീണ്ടും ശബ്ദം കേൾക്കുന്നു. വേദനയോടെ ഒന്നു പുഞ്ചിരിച്ചിട്ട് അയാൾ നടപ്പ് തുടർന്നു. രാത്രി മുഴുവൻ ആ ശബ്ദം 'അയാളെ പിന്തുടർന്നു. പകൽ ഉദിച്ചപ്പോൾ അതും നിലച്ചു.
നടന്നുനടന്ന് അയാൾ പകലുകൾ പിന്നിട്ടു. ഒരു ഹരിത ഭൂമിയുടെ സ്മരണ അയാളെ പൊള്ളിച്ചു.
മുമ്പിവിടെല്ലാം മരങ്ങളായിരുന്നു. പലതരത്തിലും വലിപ്പത്തിലുമുള്ള ധാരാളം മരങ്ങൾ.
ഓരോ മരത്തിനും ഓരോ മുഖച്ഛായ ആയിരുന്നു.
അവയെല്ലാം എവിടെയോ മറഞ്ഞിരിക്കുന്നു. മരങ്ങൾ
യാത്രപോയിരിക്കുന്നു. സ്വപ്നരാമൻ അറിഞ്ഞു.
ശേഷിച്ചവയെല്ലാം ഒരേപോലുള്ളവയാണ്. ഒരേ തരം മരങ്ങൾ. അവയുടെ കൊമ്പുകളിൽ വെളുത്ത ഇലകൾ ചിരിച്ചു.
അവയിൽ മൊട്ടുകൾ ഉണർന്നു. പടുകൂറ്റാൻ പൂക്കൾ അതിൽ വിരിയാൻ തുടങ്ങി വല്ലാത്തൊരു സുഗന്ധം അതിൽ തുളുമ്പി. ആയിരം അത്തർ കുപ്പികൾ ഒന്നിച്ചു തുറന്നതുപോലെ.
ആ ഗന്ധം ശ്വസിച്ച് സ്വപ്നരാമൻ മത്തനായി. ലഹരിക്കടിപ്പെട്ടവനെപ്പോലെ അയാൾ വേച്ചുപോയി. വീഴുമെന്ന് ഭയന്ന് അയാൾ നടന്നു.
' വെയിൽ തലയ്ക്കു മുകളിൽ തിളച്ചു മറിഞ്ഞു. അയാൾ ഒരു തണലിനായി പരതി.
മരച്ചുവട്ടിൽ ഉറങ്ങാൻ അയാൾക്ക് ഭയമായിരുന്നു. രക്തം കുടിക്കുന്ന വേരുകളെ അയാളെന്നും പേടിച്ചു.
അയാൾ ഒരു തണൽ കണ്ടെത്തി.
ഒരു കൂണ്.
അതിനടിയിൽ ഒരു തവള ഇടം പിടിച്ചിരിക്കുന്നു. സ്വപ്നരാമൻ തവളയുടെ അരികിലായി അല്പം ഇടം നേടിയെടുത്തു. അയാൾ കൂണിന്റെ തണ്ടിൽ ചാരിയിരുന്ന് മയങ്ങി. ബോധംകെട്ടു കിടന്നു എന്നു പറയുന്നതാണ് ശരി.
സ്വപ്നരാമൻ ഉറങ്ങി. ഉറക്കമായിരുന്നില്ല, കാതടപ്പിക്കുന്ന കോലാഹലങ്ങളിലേക്കുള്ള ഒരുണർച്ചയായിരുന്നു അത്.
അകലെ എവിടെയോ ഉള്ള മരണ രംഗങ്ങളിലേക്ക് അയാൾ എടുത്തറിയപ്പെട്ടു.
ഇരുണ്ട ഗലികളിലൂടെ, അമ്മമാരുടെ രക്തം വാർന്ന വഴികളിലൂടെ അയാൾ ഓടുകയായിരുന്നു.
ബഹളം വയ്ക്കുന്ന കുറെ പട്ടികളുടെ ഇടയിലേക്കാണ് അയാൾ ചെന്നു പെട്ടത്. അവ ഒരു കുട്ടിയുടെ മൃതദേഹത്തിനായി വഴക്കിട്ട് കൊണ്ടിരുന്നതാണ്.
അയാൾ ഒഴിഞ്ഞുമാറി നടന്നു.
അപ്പോൾ പറന്നുപോയ ഒരു കാക്കക്കൂട്ടത്തിന്റെ നിഴൽ അയാൾക്കു മേൽ പതിച്ചു.
അയാൾ തലയുയർത്തി നോക്കി. ഒരു കാക്കയുടെ കൊക്കിൽ നിന്നും എന്തോ താഴേക്ക് വീഴുന്നത് അയാൾ കണ്ടു. അത് താഴെ വീണു. മണ്ണിൽ കിടന്ന് തിളങ്ങി.
സ്വപ്നരാമൻ വേഗം അതിനടുത്ത് ചെന്ന് കുനിഞ്ഞു നോക്കി.
അതൊരു കണ്ണായിരുന്നു. ചൂഴ്ന്നെടുക്കപ്പെട്ട ഒരു കണ്ണ്. അത് ആകാശത്തേക്ക് തുറിച്ചു നോക്കിക്കിടന്നു.
അതിന്റെ നേർത്ത കൃഷ്ണമണിയിൽ ആകാശം ഒരു വെള്ളിക്കുമിളയായി.
കറുത്ത പൊട്ടുകൾ പോലെ കാക്കക്കൂട്ടം പറന്നകലുന്ന കാഴ്ച അതിൽ പ്രതിബിംബിച്ചു.
എവിടെയോ ഒരു കുട്ടിയുടെ നിലവിളി ഒരലർച്ചയുമായി ഇടഞ്ഞു തീർന്നു.
സ്വപ്നരാമൻ വിയർത്തുണർന്നു. കാതിൽ ആരവങ്ങളും അലർച്ചകളും ബാക്കി നിൽക്കുകയാണ്.
മറ്റൊരു സ്വപ്നത്തിലേക്ക് ഉണരാൻ ഭയമായതുകൊണ്ട് അയാൾ ഉറങ്ങാൻ മടിച്ചു.
അടുത്തിരുന്നുറങ്ങുന്ന തവളയെ അയാൾ സൂക്ഷിച്ചു നോക്കി.
അപ്പോഴാണ് മനസ്സിലായത്. തവളയുടെ നിറം യഥാർത്ഥത്തിൽ പച്ചയല്ല. നല്ല വെളുപ്പാണ്. അതിന്റെ ദേഹം ആരോ പച്ച കുത്തിയിരിക്കുകയാണ്.
തവള കണ്ണുമിഴിച്ചു. അതിന്റെ കണ്ണുകൾ ഒന്നു ഭ്രമണം ചെയ്തു. അത് സ്വപ്നരാമനെ നോക്കി.
സ്വപ്നരാമൻ പരിചയം ഭാവിച്ച് ഒന്ന് ചിരിച്ചു.
തവള ചിരിച്ചില്ല. അത് തൊണ്ടയിലൂടെ ഒരു പുച്ഛം കീഴ്പ്പോട്ടിറക്കി.
സ്വപ്നരാമൻ അറിയാത്ത ഒരു സത്യം തവള അറിഞ്ഞിരുന്നു. അയാൾ സ്വപ്നം കാണാൻ ഭയക്കുമ്പോഴും, അയാളെ കാത്ത് അനേകം സ്വപ്നങ്ങൾ, ഉയരെ മേഘങ്ങൾക്കിടയിൽ മറഞ്ഞിരിക്കുകയാണ് എന്ന സത്യം.
അതറിഞ്ഞാണ് തവള പുച്ഛിച്ചത്.
തവള എന്നും മേഘങ്ങളുടെ വിവർത്തകനായിരുന്നു.