ദാനു
ദാനു ജനിച്ചതുതന്നെ പാട്ട് കേൾക്കാനായിരുന്നു എന്ന് അരുണയ്ക്ക് തോന്നിയിട്ടുണ്ട്.
സ്വപ്നരാമന്റെ പാട്ടുകൾ കേട്ട് ഉറങ്ങിപ്പോവുകമൂലം പലപ്പോഴും മുല കുടിക്കാൻ പോലും അവൻ മറന്നു പോകുമായിരുന്നു.
സന്ധ്യയായാൽ അരുണ വാതിലുകളും ജനാലകളും എല്ലാം അടയ്ക്കും. പിന്നെ അവളും സ്വപ്നരാമനും ദാനുവും മാത്രമുള്ള ഒരു ലോകമാണ്. അരുണ എപ്പോഴൊക്കെയോ മോഹിച്ച ഒരു ലോകം.
പുറത്ത് അപ്പോൾ ആയുധപരിശീലനം നടത്തുന്നവർ ഉണ്ടാക്കുന്ന ശബ്ദം കേൾക്കാം. ചെറുപ്പക്കാരുടെ കിതപ്പുകളും പരിശീലകന്റെ ആജ്ഞകളും.
നാടെങ്ങും അശാന്തി നിറയുകയാണെന്നും അതുകൊണ്ട് മനുഷ്യൻ തന്റെ കൂടിനുള്ളിൽ കൂടുതൽ മുഴുകുകയാണെന്നും സ്വപ്നരാമൻ ഒരിക്കൽ പറഞ്ഞു. അങ്ങനെ മുഴുകും തോറും നാട് ഒന്നുകൂടി അശാന്തമാകുന്നു എന്നും അയാൾ സംശയിച്ചു.
ഇതു പറഞ്ഞിട്ട് അയാൾ ദാനുവിനെ മടിയിൽ ഇരുത്തി കളിപ്പിച്ചു. അവനെ ചിരിപ്പിക്കാൻ അയാൾ ഒരു നേഴ്സറി പാട്ട് പാടി. അവൻ മടിയിലിരുന്നു കൈകൊട്ടി തലയിളക്കി ചിരിച്ചു.
ചിരിമുനയിൽ നിന്നും വെള്ള മുത്തുകൾ പൊഴിഞ്ഞു. അവ തെറ്റിത്തെറിച്ച് മുറിയിലെങ്ങും സഞ്ചരിച്ചു. സ്വപ്നരാമൻ അതിൽ നിന്നും ഒരു വെള്ള മുത്തെടുത്ത് കൈത്തലത്തിൽ വച്ചു.
ഒരു തുള്ളി വെൺമ. അയാൾ സൂക്ഷിച്ച് നോക്കി. മുത്തിന്റെ ദ്വാരമുഖം അയാൾക്കു നേരെ തിരിയുന്നു. അതിലൂടെ നേർത്ത ഒരു ചോരച്ചാൽ ഒഴുകിയിറങ്ങുന്നു.
ചോര അയാളുടെ കൈത്തലത്തിൽ നിറയുകയാണ്. അതിൽ മുത്ത് മുങ്ങിത്തുടങ്ങി. പൂർണമായും മുങ്ങിത്താഴും മുമ്പ് അത് ദ്വാരമുഖം ഒന്നു മുകളിലേക്ക് ഉയർത്തി. അവസാന ശ്വാസത്തിന് എന്നവണ്ണം.
അതിലൂടെ ചോര മുകളിലേക്ക് ചീറ്റി.
മുത്ത് മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പൽ ആയിരുന്നു. അതിൽ നിന്നും കമ്പി സന്ദേശങ്ങൾ എല്ലാ ദിക്കിലേക്കും സഞ്ചരിച്ചു. സഞ്ചാരികൾ അതിന്റെ മുകൾത്തട്ടിൽ നിരന്നു നിന്ന് പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരുന്നു.
ഡക്കിൽ ഒരറ്റത്ത് കപ്പിത്താൻ നിന്നു, അനന്ത നീലിമയിലേക്ക് ജീവനറ്റ കണ്ണുകൾ നട്ടുകൊണ്ട്. അയാളുടെ മഞ്ഞ മുഖം വെയിൽ തട്ടി തിളങ്ങി.
അയാളുടെ ശിരസ്സിന് പിന്നിൽ ആകാശ നീലിമ. പ്രാർത്ഥിക്കാൻ മറന്നുപോയവനോ പ്രാർത്ഥനകളുടെ നിഷ്ഫലത അറിഞ്ഞവനോ ആയിരുന്നു അയാൾ.
ഒരു കുഞ്ഞിന്റെ നിലവിളിയായിരുന്നു അവസാനം കടലെടുത്തത്.
അപൂർണ്ണമായ ആ നിലവിളി സ്വപ്ന രാമനെ തൊട്ടു. അയാൾ ദാനുവിനെ വാരിയെടുത്ത് ഉമ്മ വച്ചു. അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ആ കണ്ണിലെങ്ങാനും കടലിളകുന്നുണ്ടോ?
ആ നിമിഷം തെരുവിനെ ഒരാരവം മുക്കിക്കളഞ്ഞു. അട്ടഹാസങ്ങളും ആർത്തനാദങ്ങളും ഉയർന്നു. സ്ഫോടനങ്ങളുടെ ശബ്ദത്തിൽ കെട്ടിടങ്ങൾ കുലുങ്ങി.
വീടിൻ്റെകതകുപാളികളിൽ ഒന്ന് ഇളകിത്തെറിച്ചു. സ്വപ്നരാമനും അരുണയും ദാൻവും അതിലൂടെ പുറത്തേക്ക് നോക്കി സ്തംഭിച്ചു നിന്നു.
തെരുവിലെങ്ങും പുകയായിരുന്നു. എല്ലാറ്റിന്റെയും വിനാശം കുറിക്കുന്ന പുക. അതിന് കരിഞ്ഞ മാംസത്തിന്റെ ഗന്ധമായിരുന്നു.
ദാനുവിനെ എടുത്ത് അവർ ഇരുട്ടിന്റെ മറവിലൂടെ നടന്നു പോയി. തെരുവ് അപ്രത്യക്ഷമായിരുന്നു തെരുവിലെ ജനങ്ങളും അപ്രത്യക്ഷരായിരുന്നു.
എങ്ങും പുകയും ഇരുട്ടും മാത്രം.
ദാനുവിനെയും കൊണ്ട് അവർ ആദ്യമായി യാത്ര ചെയ്യുകയായിരുന്നു. അവൻ ശബ്ദം നഷ്ടപ്പെട്ടവനെ പോലെ സ്വപ്നരാമൻറെ തോളിൽ ഇരുന്നു. ഇരുട്ട് ആവോളം കണ്ടുരസിച്ചു. ഇടയ്ക്ക് തീപ്പൊരികൾ കണ്ടപ്പോൾ മറ്റെന്തോ ആണെന്ന് കരുതി അവൻ കൈനീട്ടി.
നടന്നുനടന്ന് അവർ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തി. അവിടം വെളിച്ചത്തിൽ കുളിച്ച് നിന്നിരുന്നു. പിന്നിട്ട പ്രദേശങ്ങളുടെ മരണഗന്ധം അവിടെ ഇല്ലായിരുന്നു.
ഒരാഘോഷമോ ഉത്സവമോ നടക്കുന്നതിന്റെ തിരക്കായിരുന്നു എല്ലായിടവും.
അവർ സമ്മേളനനഗരിയിലേക്ക് നടന്നു.
ഇടതിങ്ങി നിൽക്കുന്ന ജനക്കൂട്ടം. അവർക്ക് മുന്നിൽ ഉയർന്ന മനോഹരമായ വേദി. അതിൽ വിശിഷ്ടാതിഥികൾ നിരന്നിരിക്കുന്നു.
മികച്ച സുരക്ഷാസന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.
സ്വപ്നരാമനും കുടുംബവും ഏറ്റവും പിറകിൽ നിന്നു. അരുണ കാൽവിരൽ കുത്തി ഉയർന്നുനോക്കി.
വേദിയിൽ നിറഞ്ഞ വെളിച്ചത്തിൽ കുളിച്ച് ദിദി ഇരിക്കുന്നത് അവൾ കണ്ടു. പിന്നെ അറിയാത്ത ആരൊക്കെയോ.
എല്ലാം വലിയ വലിയ ആൾക്കാർ അവർക്ക് പിന്നിൽ തിളങ്ങുന്ന അക്ഷരങ്ങൾ.
ദീദിയുടെ പുതിയ സ്കൂളിന്റെ ഉദ്ഘാടനമാണ്.
അരുണ സ്വപ്നരാമന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു. അവളെ വിറയ്ക്കുന്നത് അയാൾ അറിഞ്ഞു.
ആൾക്കൂട്ടത്തിൽ ഏറെയും മഫ്ത്തി പോലീസുകാരായിരുന്നു. വേദിയിൽ കറുത്ത പൂച്ചകൾ എന്ന് വിളിക്കപ്പെടുന്ന ഗാർഡുകൾ വി.ഐ.പികൾക്ക് കാവൽ നിന്നു.
മൂവരും പിൻവാങ്ങി.നടന്നു നടന്ന് അവർ ഒരു നദീതീരത്ത് എത്തി.
മറുകര കാണാത്ത പുഴ. അത് നിലാവിൽ തിളങ്ങിനിൽക്കുന്നു, അവർക്ക് മുന്നിൽ ഒരു വിശാലതയായി.
സ്വർഗ്ഗത്തിന്റെ സ്മരണകളും പേറി നദി ഒഴുകിക്കൊണ്ടിരുന്നു.
അവിടെ ഒരു വലിയ ബോട്ട് അവരെ കാത്തു കിടക്കുന്നുണ്ടായിരുന്നു. അവർ അതിൽ കയറി. ബോട്ട് കരയിൽ നിന്ന് അകന്നു.
ബോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോൾ സ്വപ്നരാമൻ അമ്പരന്നു ചുറ്റും നോക്കി. ബോട്ടിൽ നിറയെ ആൾക്കാർ ഉണ്ടായിരുന്നു. എല്ലാ മുഖപരിചയം ഉള്ളവർ. തങ്ങൾ താമസിച്ചിരുന്ന തെരുവിലെ താമസക്കാർ. അവർ സംസാരിക്കുന്നേ ഇല്ലായിരുന്നു.
സ്വപ്നരാമൻ അവരിൽ ചിലരെ നോക്കി പുഞ്ചിരിച്ചു. അവർ തിരികെ നോക്കുകയോ അനങ്ങുകയോ ചെയ്തില്ല. അയാൾ അമ്പരന്നു. കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് .
ഇവർ പ്രതിമകളെപ്പോലെ ഇരിക്കുന്നതെന്ത്?
അയാൾ സംശയത്തോടെ ഒരാളുടെ കയ്യിൽ പിടിച്ചു. ഒരു തണുപ്പ് അയാളുടെ വിരലുകളിൽ പടർന്നു.
അയാൾ മനസ്സിലാക്കി അവരെല്ലാം മരിച്ചവരായിരുന്നു. കപ്പിത്താനുൾപ്പെടെ.
ബോട്ട് നദിയുടെ നടുവിൽ ആയിരുന്നു അപ്പോൾ.
മരിച്ച മനുഷ്യരുടെ മൂകതയെ കീഴ്പ്പെടുത്തിക്കൊണ്ട് ബോട്ടിന്റെ എൻജിൻ ശബ്ദിച്ചു. അശബ്ദം അരുണ ശ്രദ്ധിച്ചു.
ബോട്ടിന്റെ ശബ്ദത്തിൽ എന്തൊക്കെയോ അടങ്ങിയിരിക്കുന്നു. തിരിച്ചറിയാനാവാത്ത ഒത്തിരി മനുഷ്യ ശബ്ദങ്ങൾ. ആർത്തവിലാപങ്ങൾ.
യുദ്ധകാഹളങ്ങൾ. സംഘഗാനങ്ങൾ. മുദ്രാവാക്യങ്ങൾ. യന്ത്രങ്ങളുടെ അലർച്ചകൾ അവർക്ക് ഭയമാണ്.
ഈ നൂറ്റാണ്ട് നൽകുന്ന പീഡയാണ് അതെന്ന അറിവിൽ സ്വപ്നരാമൻ നിശബ്ദനായി.
മറുകര കണ്ടുതുടങ്ങി.
കരയിൽ ബോട്ടടുത്തു. സ്വപ്നരാമനും കുടുംബവും ഇറങ്ങി. അവർ നന്ദിപൂർവ്വം നോക്കിനിൽക്കെ ബോട്ട് അകുന്നു.
നിറയെ പരേതാത്മാക്കളുമായി അത് നദി മുറിച്ച് കടന്നുപോയി. അതു മറഞ്ഞപ്പോൾ സ്വപ്നരാമനും അരുണയും യാത്ര തുടർന്നു.
ഏഴു ദിവസങ്ങളുടെ ദൂരം താണ്ടി അവർ ഒരു നഗരത്തിലെത്തി. ഏറ്റവും വലിയ നഗരം, എന്നതുകൊണ്ട് തന്നെ ഏറ്റവും വലിയ ചേരിയും അവിടെയായിരുന്നു .അത്ര ധാരാളിത്തത്തോടെ അതവരെ സ്വാഗതം ചെയ്തു.
കറുത്തവരും വെളുത്തവരും കുറുകിയവരുമെല്ലാമുള്ള നരച്ച തെരുവുകൾ. എല്ലാരും മെലിഞ്ഞവരായിരുന്നു എന്ന് മാത്രം. ജനങ്ങളിൽ ഏറെയും കുട്ടികളായിരുന്നു.
ചുടുകാറ്റിൽ പറന്നുയരുന്ന പൊടിപടലങ്ങൾക്കും രോഗാണുക്കൾക്കുമൊപ്പം അവിടെങ്ങും ജീവിതം നിറഞ്ഞുനിന്നിരുന്നു അതിൻറെ ഒരു തുണ്ട് സ്വപ്നരാമനും ,മുറിച്ചെടുത്ത് സ്വന്തമാക്കി.
അരിയുടെയും ഗോതമ്പിൻ്റെയും ഉരുളക്കിഴങ്ങിന്റെയും മുളകിന്റെയും മറ്റും രൂപത്തിൽ അയാൾ ജീവിതം കണ്ടെത്തി. അയാളതു പെറുക്കിയെടുത്ത് അരുണയ്ക്ക് നൽകി. അവൾ തിളച്ചു പൊന്തുന്ന ജീവിതം പാത്രങ്ങളിൽ പകർന്നു.. വിളമ്പിവച്ചു.
അരുണയുടെ പാട്ടിലൂടെ ദാനുവിനും ജീവിതം ലഭിച്ചു ജീവിതമെന്നത് പങ്കുവയ്ക്കപ്പെടാനുള്ള ഒരു അസംസ്കൃതവസ്തു മാത്രമായിത്തീർന്നു.
വെയിലിന്റെ നിറമുള്ള തെരുവിൽ മണ്ണുകൊണ്ടും പല ക കൊണ്ടും തകരം കൊണ്ടും മറച്ചുണ്ടാക്കിയ വീടുകളിൽ ജീവിതം നിറഞ്ഞുനിന്നു. പൊടിപിടിച്ച ശരീരമുള്ള കുട്ടികൾ വെയിലത്ത് കളിച്ചു. അവരുടെ ചെമ്പൻ മുടി വിയർപ്പിൽ ഒട്ടി മുഖത്തേക്ക് പരന്നുകിടന്നു.
സ്വപ്നരാമൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു സായാഹ്നം. തെരുവിലെ കുട്ടികൾക്കൊപ്പം ദാനുവുമുണ്ടായിരുന്നു. വഴിവക്കിലിരുന്ന് അവരുടെ കളികൾ കണ്ടു രസിക്കുകയായിരുന്നു അവൻ.
അരുണ അടുക്കളയിൽ എന്തോ ഭക്ഷണം ഉണ്ടാക്കുന്ന ജോലിയിലേർപ്പെട്ടിരുന്നു.
എവിടെയോ നിന്നും കുതിരക്കുളമ്പടി ശബ്ദങ്ങൾ അവൾ കേട്ടു.
അതടുത്തുവരികയാണ്. അവൾ നടുങ്ങി.
അവൾ പുറത്തേക്ക് ഓടി. കുട്ടികൾക്കിടയിൽ നിന്നും ദാനുവിനെയും എടുത്ത് മുറിക്കുള്ളിലേക്ക് തിരിഞ്ഞോടി.
കുളമ്പടിശബ്ദം അടുത്തുവന്നു.
അതിന്റെ താളം തെരുവിലെത്തി നിന്നു.