തെരുവിലേക്ക് തുറക്കുന്ന ജാലകം
കാലൊച്ചകൾ അടുത്തു വരുന്നുണ്ടോ? അവൾ കാതോർത്തു. അവർ പിന്നാലെ എത്തിയേക്കാം. ചിലപ്പോൾ നേരെ മുന്നിലൂടെ.
അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.
പാതിരാവിൻ്റെ നേർത്ത തണുപ്പിലും അവൾ വിയർത്ത് നനഞ്ഞിരുന്നു.
ഇരുട്ടിൽ അതിൻ്റെ തന്നെ ഒരു ഭാഗം പോലെയായിരുന്നു അവൾ. കറുത്ത കട്ടിത്തുണികൾ വാരിപ്പുതച്ച ഒരു രൂപം. ആ തുണിക്കെട്ടിനുള്ളിൽ കുഞ്ഞിൻ്റെ ദേഹം അവളോടൊട്ടിക്കിടക്കുന്നു.
അതിനിപ്പോൾ ചൂടോ തണുപ്പോ?
അവളാലോചിച്ചില്ല. തെരുവോരത്തെ നിഴൽ പറ്റി അവൾ നടന്നുകൊണ്ടിരുന്നു. നടത്തം ഇടയ്ക്കിടെ ഓട്ടം തന്നെയായി.
അകലെ എവിടെയൊക്കെയോ ശബ്ദങ്ങൾ ഉയരുന്നു. ആർപ്പുവിളികൾ. കൂട്ടക്കരച്ചിലുകൾ. ശാപവാക്കുകൾ. പിന്നെന്തൊക്കെയോ തിരിച്ചറിയാനാകാത്ത ശബ്ദങ്ങൾ. മുദ്രാവാക്യങ്ങളോ ഗാനങ്ങളോ പോലെ നിയതമായ ഒരീണമില്ല അവയ്ക്ക്.
പക്ഷെ, ജീവിതം പോലെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അവയിലുണ്ട്.
രാത്രികൾ ഇങ്ങനെയൊക്കെയാണ്.
അവയ്ക്ക് ജീവനുണ്ട്. ഓരോ പേശിയിലും നിറഞ്ഞു തുളുമ്പുന്ന കരുത്തുമായിട്ടാണ് രാത്രികൾ നഗരത്തിലെത്തുന്നത്. പിന്നെ കഴിഞ്ഞു പോയ പകലിനെപ്പറ്റി വിദൂര സ്മരണയേ ഉണ്ടാവൂ.
വെയിലിൻ്റെ ശവക്കച്ചയണിഞ്ഞ പാവം പകലുകൾ.
തെരുവിൽ പുകമണം തങ്ങിനിന്നു.
പണ്ട് ഈ പുക ശ്വാസംമുട്ടൽ ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ ശ്വാസകോശങ്ങൾക്ക് അതും പരിചിതമായിരിക്കുന്നു. നഗരം സമ്മാനിച്ച നിരവധി കഴിവുകളിലൊന്ന്.
കെട്ടിടസമുച്ചയങ്ങൾക്കിടയിൽ എവിടെയോ തീവെളിച്ചം മിന്നി. അകലെയാണ്. അവൾ ആശ്വസിച്ചു. അടുത്താണെങ്കിൽ നെഞ്ചിടിപ്പു വർദ്ധിക്കും. അല്ലെങ്കിൽ തന്നെ ഒരാശ്വാസത്തിൻ്റെ ആയുർദൈർഘ്യം എത്ര?
തെരുവോരത്ത് കെട്ടിടങ്ങൾ തകർന്നും തീയെരിഞ്ഞും കരിപുരണ്ടും കാണപ്പെട്ടു. പുരാതനമായ ഏതോ നഗരാവശിഷ്ടങ്ങൾ പോലെ. ഒരു പ്രാചീന നഗരത്തിൻ്റെ ശേഷിപ്പുകൾ ചരിത്രാന്വേഷകരുടെ തിരച്ചിലിൽ പ്രത്യക്ഷപ്പെട്ടു നിൽക്കുകയാണോ എന്നു തോന്നും. അവിടെ ഒരു പ്രേതം പോലെ അവൾ.
ശബ്ദങ്ങൾ. അവ അടുത്തു വരുന്നു.
ചിലമ്പലുകൾ. കിതപ്പുകൾ. കാലടിയൊച്ചകൾ.
അവൾ നിന്നു. ചുറ്റും നോക്കി. അടുത്തുകണ്ട മതിലിൻ്റെ വിള്ളലിലൂടെ അവൾ റോഡിൽ നിന്നും മാഞ്ഞു. ഒരു പൊളിഞ്ഞ വീടിൻ്റെ മുറ്റത്താണ് അവൾ ചെന്നുപെട്ടത്. അതിൻ്റെ ഇരുൾ വാതിൽ അവളെ സ്വീകരിച്ചു.
മുറിക്കുളളിലെ ഇരുട്ടിൽ അവൾ നിന്നു.
തെരുവിലേക്കു തുറന്നിട്ട ഒരു ജനാലയുണ്ടായിരുന്നു ആ മുറിക്ക്. അതിൻ്റെ പാളികൾ നഷ്ടപ്പെട്ടു പോയിരുന്നു. അഴികൾ ഇല്ലാത്ത വലിയ ജാലകം. അതിലൂടെ പുറത്തേക്കു നോക്കി അവൾ നിന്നു.
ശബ്ദം കൂടിക്കൂടി വന്നു.
ആദ്യം ഒരു മൂളൽ പോലെ. പിന്നെ അടക്കിയ ഒരാരവം. തുടർന്ന് ഒരിരമ്പൽ. അതുച്ചത്തിലായി.
നൃത്തം ചെയ്തു നീങ്ങുന്ന നിഴലുകൾ.
അവ അടുത്തുവന്നു. അവളറിയാതെ കുട്ടിയെ അടക്കിപ്പിടിച്ചു.
നിഴലുകൾ ഇളകി. ആയുധങ്ങൾ. അവയുടെ തിളക്കം. കലമ്പൽ. നിശ്വാസങ്ങൾ. അത് രാത്രിയുമായി കലർന്നു.
പിന്നെ തെരുവിൻ്റെ സംഗീതം അവരോഹണമാരംഭിച്ചു. നിഴൽകൂട്ടം അകന്നു.അവൾ അപ്പോഴും അതേ നില്പു തുടർന്നു.
" അവർ പോയോ ?''
അവൾ വിറച്ചു.
ആരാണു സംസാരിച്ചത്?
"പേടിക്കണ്ട"
ഇരുട്ടിൻ്റെ വൃദ്ധസ്വരം വീണ്ടും കേട്ടു. "ഞാനൊരു കിഴവൻ. നിന്നെക്കാൾ മുന്നെ ഇവിടെ വന്നു കൂടിയ ഒരാൾ ''
അവൾ ഒന്നും മിണ്ടിയില്ല. നഗരത്തിലെ പരിചിതശബ്ദങ്ങൾക്കിടയിൽ നിന്ന് ഈ ശബ്ദം വേർതിരിച്ചെടുക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല.
''എൻ്റെ വൃത്തികെട്ട ശബ്ദം നിന്നെ ഭയപ്പെടുത്തിയെങ്കിൽ ക്ഷമിക്കൂ." വൃദ്ധൻ്റെ രൂപം അല്പം കൂടി തെളിഞ്ഞു. അയാൾ തുടർന്നു.
"എൻ്റേതല്ലാത്ത ഈ മുറിയിൽ , എൻ്റെ വിരുന്നുകാരിയാണ് നീ. ഇരിക്കൂ കുട്ടി. നിൻ്റെ ഇടതുവശത്തായി ഒരു പീഠമുണ്ട്.''
അയാൾ കയ്യിലിരുന്ന വടി നിലത്തു മുട്ടിച്ച് ശബ്ദമുണ്ടാക്കി. എന്നിട്ട് താഴേയ്ക്കിട്ടു. വടി ഉരുളുന്ന ശബ്ദം അവൾ കേട്ടു.
" എൻ്റെ കയ്യിൽ ആകെയുള്ള ആയുധം ഇതാണ്" അയാൾ ഒന്നു ചിരിച്ചു. ഒരു ചുമ പോലെയായിരുന്നു അത്.
അവൾ ഇരുന്നു. അതൊരു ശിലാപീഠമായിരുന്നു.
" കയ്യിലെന്താണ് ? കുട്ടിയോ ?"
വൃദ്ധൻ ചോദ്യങ്ങൾ തുടരുകയാണ്.
" ഉം " അവൾ മൂളി.
'' ഇങ്ങിനെ പൊതിഞ്ഞു പിടിച്ചാൽ അതിനു ശ്വാസം മുട്ടില്ലേ ?"
മറുപടിയുണ്ടായില്ല.
കുറച്ചു നേരം അയാൾ ഒന്നും മിണ്ടിയില്ല. നിമിഷങ്ങളിൽ ഇരുട്ട് അലിഞ്ഞു കൊണ്ടിരുന്നു.
" എവിടെ നിന്നാണ് വരുന്നത് ?"
അവൾ ഒരു തെരുവിൻ്റെ പേരു പറഞ്ഞു.
അയാൾ നിശബ്ദം അവളുടെ വാക്കുകളിൽ ചികഞ്ഞു. അന്നു കത്തിയെരിഞ്ഞ കോളനികളിലൊന്നിൻ്റെ പേരാണ് അവൾ പറഞ്ഞത്. കേട്ടറിവ് ശരിയാണെങ്കിൽ അവിടെ ഇന്ന് കുട്ടികളുടെ ദിവസമായിരുന്നു. എന്നുവച്ചാൽ, കശാപ്പു ചെയ്യപ്പെട്ടതെല്ലാം...
വൃദ്ധൻ കിതച്ചു
''വിശ്രമിക്കുക. വിശ്രമിക്കുക.' അയാൾ പിറുപിറുത്തു. ആ സ്വരം ദൂരെ എവിടെനിന്നോ വരുംപോലെ അവൾക്കു തോന്നി.
അവൾ, പുറത്ത് മരിച്ചുകൊണ്ടിരുന്ന രാത്രിയെ നോക്കിയിരുന്നു.
പിന്നീടെപ്പൊഴോ വൃദ്ധൻ്റെ ചുക്കിച്ചുളുങ്ങിയ വിരലുകൾ കുട്ടിയുടെ മൃതശരീരത്തിൽ സ്പർശിച്ചു.
അനന്തരം പ്രഭാതമായി.