പൂർവകഥ
ഒരിക്കൽ
കാടിന്റെ ഇരുണ്ട പച്ചയിലേക്ക്
രണ്ടു പേർ ഓടിപ്പോയി.
ഒരു ശലഭമായി
വെളുത്ത ഉടുപ്പിൽ അവൾ.
കരിവണ്ടിന്റെ മൂളലായി അവൻ.
കുട്ടികളെയും പ്രേമികളെയും
കാട് പെട്ടെന്നാണ് ഉള്ളിലേക്കെടുക്കുക.
മരച്ചുവട്ടിൽ ചേർന്നുനിന്ന്
അവർ ഉമ്മവച്ചു.
കാടിനുള്ളിലും മനുഷ്യൻ്റെ നിയമങ്ങൾ ചുമക്കാൻ ബാധ്യസ്ഥരാണ് അവരെന്ന്
മരത്തിന് അറിയാം.
തന്നോളം ഒരുമ്മയ്ക്ക് തണലാവാൻ
മറ്റാർക്കുമാവില്ലെന്നും അതിനറിയാം.
അവൾ ഒരു ചുള്ളിക്കമ്പ് കൊണ്ട് അരുവിയിലെ വെള്ളത്തിൽ
ഇക്കിളിയാക്കിയപ്പോൾ
അവൻ അറ്റം കൂർത്ത ഒരു കല്ലുകൊണ്ട് മരത്തിൽ
അവരുടെ പേരുകൾ കോറി വച്ചു. എഴുത്തു കഴിഞ്ഞപ്പോൾ അവൻ അവളെ വിളിച്ചു.
ചേർന്നുനിന്ന് അവൾ അത് വായിച്ചു.
'വേണ്ടായിരുന്നു,
ആരെങ്കിലും വന്ന് കണ്ടാലോ '
അവൾ ഭയന്നു.
മരം ചിരിച്ചു.
''ആരും കാണില്ല.
ഇത് നിങ്ങൾക്കു മാത്രം
കാണാൻ വേണ്ടി
ഞാൻ സൂക്ഷിച്ചു വെക്കും.
ഇതൊരു കരാർ ആണ്. "
ആർക്കറിയാം.
കാട്ടിലെ മരങ്ങൾ എത്ര പേരുകളാണ് സൂക്ഷിച്ചുവച്ചിരിക്കുന്നത്.
എഴുതിയവർ വന്നാലും ഇല്ലെങ്കിലും മരങ്ങൾ വാക്കു മാറിയില്ല.
പ്രണയങ്ങളുടെ സൂക്ഷിപ്പുകാരാകാൻ അവയ്ക്ക് ഇഷ്ടമായിരുന്നു.
അതിന്റെ ചില്ലയിൽ വന്നിരിക്കുന്ന
ഓരോ കിളിയും അവരുടെ പ്രണയം കൊത്തി വയ്ക്കാറുണ്ടായിരുന്നു,
ചുണ്ടുകൊണ്ടും നഖങ്ങൾ കൊണ്ടും
പാട്ടുകൊണ്ടും.
പ്രേമത്തിൻ്റെ രഹസ്യം മരത്തിന് അറിയാം.
കിളിക്കാലുകൾ നാരായമുനയായി മരത്തിലാഴും പോലെയാണ്
മരവേരുകൾ
മണ്ണിൽ പ്രേമമെഴുതുന്നതും.
വർഷങ്ങൾ കടന്നുപോയി.
അയാളും അവളും രണ്ടായി.
ഒന്നുമോർക്കാതെ
പലപ്പോഴും
അവരാ വഴിയേ കടന്നുപോയി.
മരമാകട്ടെ അതേ നില്പു നിന്നു.
കരാർ പത്രത്തിലെ പേരുകൾ വഹിച്ച്.
മരം വളർന്നു.
അവൻ്റെ കൈപ്പട
കൂടുതൽ ഉറച്ചതും ദൃഢവുമായി.
വിട്ടുപോയവരുടെ ഓർമ
ഹൃദയത്തിലുറയ്ക്കുന്നതു പോലെ.
ഒരിക്കൽ തമ്മിൽ തിരിച്ചറിയാതെ
അവർ
ഒരേ ബസ്സിൽ
ഒരേ വഴിയിൽ
യാത്ര ചെയ്തു.
അതേ സ്ഥലത്ത് കൂടി കടന്നുപോയ ബസ്സ് അവിടെ നിന്നുപോയി.
നേരം പോകെ
അവനും അവളും അവിടെ ഇറങ്ങി. ആരോ പേര് ചൊല്ലി വിളിക്കുന്നത് അവർ കേട്ടു .
മരങ്ങളുടെ പൂരപ്പറമ്പിൽ
തിരക്കു വകഞ്ഞ്,
പരസ്പരം കാണാതെ
അവർ മരച്ചുവട്ടിൽ എത്തി.
മരം മഹാവൃക്ഷമായി വളർന്നിരുന്നു. അവരുടെ പേരുകൾ വെളിപ്പെട്ടു.
അത് ശിലാശാസനമോ
വടുക്കളോ മാതിരി ആഴത്തിൽ കാണപ്പെട്ടു.
അവർ ചേർന്നുനിന്നു.
അവർക്കിടയിലൂടെ നാലു പതിറ്റാണ്ടുകൾ പറന്നു പോയി.
അവർ ഒന്നും സംസാരിച്ചില്ല.
മരമോർത്തു:
''ഇലകളിൽ
ഞരമ്പുകളിൽ
വേരുകളിൽ
വാർഷികവലയങ്ങളിൽ ഞങ്ങൾ എത്രയോ പേരുകളെ വഹിക്കുന്നുണ്ട് .
എൻ്റെ ആയുസ്സറ്റു.
മനുഷ്യനുമായുള്ള കരാറുകൾ
ഞങ്ങൾക്ക്
കാട്ടുതീ പോലെയാണ്"
അറിയാത്ത ലിപികളിൽ
അറിയാത്ത ഭാഷയിൽ
ഇലകൾ പൊഴിയാൻ തുടങ്ങി.
മരം കാറ്റിൽ ഉലയാൻ തുടങ്ങി.
പേരുകൾ നിറഞ്ഞ ഇലകൾ
അവരെ മൂടിക്കൊണ്ടിരുന്നു.
ഓരോയിലും പേരുകളണിഞ്ഞ്
മരങ്ങൾ പ്രേമികളെ മൂടി നിന്നു.
രണ്ടാം കഥ
അവർ പിരിഞ്ഞേ പോയി.
അവൾ നേരത്തേ മരിച്ചും പോയി.
അതറിഞ്ഞ് അവനൊരിക്കൽ
അവരുടെ മാത്രമായ വഴികളിലൂടെ
ആ മരച്ചുവട്ടിലെത്തി
മരം ആ കരാർ പത്രം
അവനെ കാണിച്ചു.
അവൻ
അതിൽ ചേർന്നു നിന്നു വിതുമ്പി..
'മാമ്പഴ'ത്തിലെ കാറ്റുപോലൊന്ന്
അവനെ തലോടി കടന്നു പോയി.
'മരണത്തിൽ ചില തുടക്കങ്ങളുണ്ട്'
മരം പറഞ്ഞു.
തടിയിൽ അവളുടെ പേർ കൂടുതൽ
തെളിഞ്ഞു കണ്ടു.
മൂന്നാം സാധ്യത
അവരിരുവരും ഒന്നിച്ചിരുന്നു.
അവരുടെ കുട്ടിക്ക്
ഏഴു വയസായ നാളിൽ
അവർ അതേ കാട്ടിൽ
അതേ മരച്ചുവട്ടിലെത്തി.
കുട്ടി മരത്തണലിൽ ഓടിക്കളിച്ചു.
അവർ ആ തണലിൽ വിശ്രമിച്ചു.
അവരുടെ മറവിയോർത്ത്
മരത്തിൻ്റെ മനം വിങ്ങി.
കുട്ടിയാകട്ടെ,
മരത്തിൽ വലിഞ്ഞുകയറി.
ഇടയ്ക്ക് ആ കരാർ ലിഖിതത്തിൽ
അവൻ്റെ നെഞ്ചമർന്നപ്പോൾ
മരം കോരിത്തരിച്ചു പോയി.
കൂടുതൽ യതാതഥമായ മറ്റൊന്നുകൂടി.
അവൾ ശരിക്കും മരിച്ചുപോയിരുന്നു.
മറ്റെല്ലാം ആരുടെയോ
(എൻ്റെയോ നിങ്ങളുടെയോ)
സ്വപ്നങ്ങൾ മാത്രമായിരുന്നു.
ഓരോ ഇലകളും വായിച്ച്
അവളുടെ ആത്മാവ്
ഒരു കാട്ടുകടന്നലായി പാറിനടന്നു.
വേനലിൽ വിശ്രമിക്കുന്ന മൃഗങ്ങളെയും
സ്വർണനിറമുള്ള വേനലിലകളെയും പാർത്ത് അവൾ ഒഴുകി.
കാടിൻ്റെ മുരൾച്ച.
പക
വിശപ്പ്
പേര് നഷ്ടപ്പെട്ട പ്രണയങ്ങൾ
ഒക്കെയും വന്യമൃഗങ്ങളായി
ചുരമാന്തി.
നഖങ്ങളും പല്ലുകളും ഒളിപ്പിച്ച്
അലഞ്ഞു.
കാറ്റ് ചൂളം കുത്തി.
മഹാശബ്ദങ്ങളുടെ സിംഫണിയിൽ
ഒരു മൂളലായി അവളിഴുകി.
അവൻ ഇലകളിലേക്ക്
മടങ്ങുന്ന നിമിഷത്തിനായി,
അദൃശ്യപരതയിൽ അവനെ
കണ്ടു കണ്ട്,
തന്നിലേക്കു വരാനുള്ള യാത്രയുടെ
ഒരുക്കങ്ങളായി
അവൻ്റെ ഓരോ നരയും
കൊഴിയലും
ശ്വാസനിശ്വാസങ്ങളും
കണ്ട് കണ്ട്,
കരാറിലയിലെയക്ഷരമായിക്കൊണ്ടും...
പ്രണയശേഷം
മരം പറഞ്ഞതാകാം ശരി-
മനുഷ്യനുമായുള്ള കരാറുകൾ
തിരിച്ചെടുക്കുമ്പോൾ
കാട്ടുതീ മുളയ്ക്കുമെന്ന്*