പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഒരു മാസക്കാലത്തെ ചൂടും വാശിയുമേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ സമാപനമായി. ഇന്ന് അവസാനഘട്ട പ്രചാരണ തന്ത്രങ്ങളുമായി ഇരുമുന്നണികളും മണ്ഡലത്തിൽ സജീവമാണ്. യു ഡി എഫ് സ്ഥാനാർ്ത്ഥി ചാണ്ടി ഉമ്മനും, എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് പി തോമസും വലിയ വിജയപ്രതീക്ഷകളിലാണ്. പുതുപ്പള്ളിയിൽ അട്ടിമറി വിജയം ഉണ്ടാവുമെന്നാണ് സി പി എമ്മിന്റെ അവകാശവാദം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പിൻമുറക്കാരനായി മകൻ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ വിജയപതാകയേന്തുമെന്നു പ്രതീക്ഷിക്കുന്നവരാണ് ഏറെയും.
ഉമ്മൻചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി ജയിച്ചുകയറിയ പുതുപ്പള്ളിയിൽ ആര് ജയിക്കുമെന്ന ആകാംഷയിലാണ് ഇരു മുന്നണികളും. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ നേരിടാൻ സി പി എം രംഗത്തിറക്കിയത് ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേരിട്ട ജെയ്ക്ക് പി തോമസിനെയാണ്. രണ്ട് തവണ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ട ജെയ്ക്ക് മകനോടു പോരാടാനായി എത്തുന്നതും കേരള രാഷ്ട്രീയത്തിൽ ഏറെ പുതുമകൾ നിറഞ്ഞതായി.
ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ മത്സരിച്ചപ്പോഴുള്ളതിനേക്കാൾ പ്രതീക്ഷയാണ് മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മനോടുള്ള പോരാട്ടമെന്നാണ് ജെയ്ക്കും സി പി എം കേന്ദ്രങ്ങളും പറയുന്നത്. കേരളത്തിന്റെ വികസനക്കുതിപ്പിൽ പിന്നോക്കംപോയ മണ്ഡലമാണ് പുതുപ്പള്ളിയെന്നായിരുന്നു സി പി എമ്മിന്റെ ഏറ്റവും പ്രധാന പ്രചരണായുധം.
വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു പുതുപ്പള്ളിയിൽ. ഉമ്മൻ ചാണ്ടിയുടെ കുത്തക മണ്ഡലമായിരുന്ന പുതുപ്പള്ളിയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഇതിനകം ദേശീയതലത്തിൽതന്നെ ശ്രദ്ധേയമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ഏറ്റവും സമുന്നത നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മരണത്തോടെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് വേദിയാവുന്നത്. പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ജനകീയമുഖം എന്നതിനപ്പുറം ലളിതജീവിതത്തിന് ഉടമകൂടിയായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്. ഉമ്മൻ ചാണ്ടിയുടെ ആകസ്മികമായ വിടവാങ്ങൽ കേരളത്തിലെ എല്ലാവിഭാഗം ജനത്തേയും ഏറെ വേദനിപ്പിച്ചു. ജനം പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയതും വിലാപയാത്രയിലെ അഭൂതപൂർവ്വമായ ജനത്തിരക്കുമെല്ലാം ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ പ്രസക്തി എത്രത്തോളം വലുതായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു.
ഡിസംബറിൽ വരുമെന്നു കരുതിയ ഉപതെരഞ്ഞെടുപ്പ് വളരെ പെട്ടെന്ന് നടത്താൻ ഇലക്ഷൻ കമ്മീഷണർ തീരുമെടുത്തത് യഥാർത്ഥത്തിൽ വെട്ടിലാക്കിയത് എൽ ഡി എഫിനെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ആശങ്കകളില്ലാതിരുന്നത് യു ഡി എഫ് ക്യാമ്പിലായിരുന്നു. ഏറെയൊന്നും ചർച്ചകൾ ആവശ്യമില്ലാതെ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും മണിക്കൂറുകൾക്കിടയിൽ പ്രചാരണം ആരംഭിക്കാൻ കഴിഞ്ഞതും യു ഡി എഫ് കേന്ദ്രങ്ങളിൽ ആവേശം പടർത്തി. പുതുപ്പള്ളിയിൽ നിലനിൽക്കുന്ന ഉമ്മൻ ചാണ്ടി സ്മരണകൾ ഉപതെരഞ്ഞെടുപ്പിൽ തുണയ്ക്കുമെന്ന തിരിച്ചറിവാണ് കോൺഗ്രസ് പാളയത്തിലുള്ള ആവേശത്തിന് കാരണം. എട്ട് പഞ്ചായത്തുകളിൽ ആറെണ്ണം കയ്യിലുണ്ടായിട്ടും സി പി എമ്മിന് കരുത്തനായ ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ പറ്റാതെ പോയതും പരാജയം മുന്നിൽ കണ്ടുതന്നെയായിരുന്നു. രണ്ടുവട്ടം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ നേരിട്ട അതേ സ്ഥാനാർത്ഥിയെ സി പി എം വീണ്ടും രംഗത്തിറക്കിയത് സി പി എമ്മിന്റെ രാഷ്ട്രീയ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.
കേരളാ കോൺഗ്രസിന് നിർണ്ണായകമായ വോട്ടുള്ള മണ്ഡലമാണ് പുതുപ്പള്ളി, എന്നാൽ പുതുപ്പള്ളിയിൽ കഴിഞ്ഞ തവണയുണ്ടായ ആവേശം കേരളാ കോൺഗ്രസ് കാണിച്ചിട്ടില്ലെന്നു മാത്രമല്ല. യു ഡി എഫിന് അനുകൂലമായ നിലപാടാണ് പ്രാദേശിക തലത്തിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയത്തിന് അപ്പുറം ഉമ്മൻ ചാണ്ടിയോടുള്ള ആദരമായി ചാണ്ടി ഉമ്മന് വോട്ടുചെയ്യാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിലും പുതുപ്പള്ളിയിൽ കാണുന്നത്. ഇത് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കും.
അമ്പതിനായിരത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയും പ്രകടമാണ്. ബി ജെ പി സ്ഥാനാർത്ഥിക്ക് ഇത്തവണ കെട്ടിവച്ച കാശുപോലും നഷ്ടമാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് പുതുപ്പള്ളിയിലേത്. ഭരണ വിരുദ്ധവികാരവും പുതുപ്പള്ളിയിൽ പ്രകടമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവികാരം വോട്ടായി മാറുകയും അത് ചാണ്ടി ഉമ്മന് അനുകൂലമായി ഭവിക്കുകയും ചെയ്താൽ റിക്കാർഡ് ഭൂരിപക്ഷമായിരിക്കും പുതുപ്പള്ളിയിൽ പിറക്കുക. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ പ്രതീക്ഷകളില്ലെന്ന തരത്തിൽ നടത്തിയ പ്രസ്താവനയും പുതുപ്പള്ളിയിലെ വലിയ തിരിച്ചടി പ്രതീക്ഷിച്ചാണ്. മന്ത്രിമാരുടെ വൻപടയും സി പി എമ്മന്റെ എല്ലാ മെഷിനറികളും പുതുപ്പള്ളിയിൽ സജീവമായിരുന്നുവെങ്കിലും ജനഹൃദയങ്ങളിൽ കയറാനുള്ള ഒരു മാർഗവും എൽ ഡി എഫിന്റെ സ്ഥാനാർത്ഥിക്ക് കഴിഞ്ഞിരുന്നില്ല. ഉമ്മൻ ചാണ്ടിയേയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ അധിക്ഷേപിക്കുകയോ പ്രതിപാദിക്കുകയോ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ചിലർ രംഗത്തുവന്നതും വലിയ തിരിച്ചടിക്ക് കാരണമാവും. അച്ചു ഉമ്മൻ നൽകിയ പരാതിയിൽ സി പി എം വർഗബഹുജന സംഘടനാ നേതാവിനെതിരെ കേസെടുത്തതും , അദ്ദേഹത്തിന്റെ മാപ്പപേക്ഷയും തിരിച്ചടിയുടെ ആഘാതം വർദ്ധിപ്പിക്കും.
കരിമണൽ കർത്തയിൽ നി്ന്നും വീണാ വിജയൻ മാസപ്പടി പറ്റിയെന്ന മാത്യു കുഴൽനാടന്റെ ആരോപണത്തിന് വ്യക്തമായ മറുപടി പറയാൻ സി പി എം നേതൃത്വമോ മുഖ്യമന്ത്രി പിണറായി വിജയനോ തയ്യാറായിട്ടില്ല. മൂത്തു തവണ പുതുപ്പള്ളിയിൽ പ്രചാരണത്തിന് എത്തിയപ്പോഴും വിവാദവിഷയങ്ങളിൽ മൗനം തുടർന്നു. ഇതെല്ലാം എൽ ഡി എഫിന് വലിയ തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടലുകൾ.
പുതിയ വോട്ടർമാരും സ്ത്രീ വോട്ടർമാരും നിർണ്ണായകമാവുന്ന തെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ നടക്കാനിരിക്കുന്നത്. നാലായിരം സ്ത്രീ വോട്ടർമാരാണ് പുരുഷ വോട്ടർമാരേക്കാൾ കൂടുതലുള്ളത്. വോട്ടിംഗ് ശതമാനം വർദ്ധിച്ചാൽ അതെല്ലാം ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കും. അട്ടിമറി വിജയമെന്ന അവകാശവാദം കേവലം രാഷ്ട്രീയ പ്രചാരണം മാത്രമായി അവശേഷിക്കും. പുതുപ്പള്ളി ഒരു ചരിത്രമായി മാറുകയും ചെയ്യും.