ന്യു യോർക്ക്:
ഭരണകൂടങ്ങളുടെ മർദനങ്ങളെയും അടിച്ചമർത്തലുകളെയും നേരിട്ടു ധീരതയോടെ മാധ്യമ പ്രവർത്തനത്തെ മുന്നോട്ടു കൊണ്ട് പോകുന്ന ജേർണലിസ്റ്റുകളെ അന്താരാഷ്‌ട്രതലത്തിൽ ആദരിക്കുന്നതാണ് അവാർഡ്.
റോക്‌ലാന്റിൽ സിറ്റാർ പാലസിൽ നടന്ന സ്വീകരണത്തിൽ ചാപ്ടർ പ്രസിഡന്റ് സണ്ണി പൗലോസ് അധ്യക്ഷത വഹിച്ചു. റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ സർട്ടിഫിക്കറ്റു ഓഫ് അച്ചീവ്മെന്റ് നൽകി ആദരിച്ചു.
ഏഷ്യാനെറ്റ് ന്യുസ് തുടങ്ങി വൈകാതെ 1997 മുതൽ പത്ത് വർഷം അവിടെ വാർത്താ അവതാരക ആയും ന്യുസ് റീഡർ ആയും വിവിധ തസ്തികകളിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കിയ ഷാഹിന പിന്നീട് ജനയുഗം, തെഹൽക്ക, ഫെഡറൽ, ഓപ്പൺ തുടങ്ങി വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഔട്ട് ലുക്ക് മാസികയുടെ സീനിയർ എഡിറ്റർ.
ഏഷ്യാനെറ്റിലടക്കം പ്രവർത്തിച്ച സീനിയർ ജേര്ണലിസ്റ്റും ഗ്രന്ഥകാരനുമായ ഭർത്താവ് രാജീവ് രാമചന്ദ്രൻ, പുത്രൻ അൻപ് എന്നിവരും ന്യു ജേഴ്‌സിയിൽ നിന്നുള്ള എഴുത്തുകാരനായ നസീർ ഹുസ്സൈൻ കിഴക്കേടത്ത്, ഭാര്യ ഗോമതി എന്നിവരും അവരോടൊപ്പം പങ്കെടുത്തു.
സ്വീകരണത്തിൽ സംസാരിക്കവെ അരികുവത്കരിക്കപ്പെട്ട മനുഷ്യർക്കു വേണ്ടി വേവലാതിപ്പെടുന്ന ഷാഹിനയെയാണ് കേൾക്കാൻ കഴിഞ്ഞത് .
സദസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ഷാഹിന ഈ അവാർഡ് ലഭിക്കാൻ മറ്റൊരാൾക്കും അവസരം ഉണ്ടാകാതിരിക്കട്ടെ എന്ന് ചൂണ്ടിക്കാട്ടി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയും ഭരണകൂടം വേട്ടയാടുകയും ചെയ്യുന്ന അവസ്ഥ ഒരു നാട്ടിലും പത്രക്കാർക്ക് ഉണ്ടാകാതിരിക്കട്ടെ. അവാർഡ് വ്യക്തിപരമായ ഒരു നേട്ടം ആയി കാണുന്നില്ല. തന്നെക്കാളും മോശമായ അവസ്ഥകൾ നേരിടുന്നവരോടുള്ള ഐക്യദാർഢ്യമായാണ് താൻ ഇതിനെ കാണുന്നത്.
അബ്ദുന്നാസർ മദനിയെ കർണാടക പോലീസ് രണ്ടാം തവണ അറസ്റ് ചെയ്‌തു ജയിലിൽ ആക്കിയപ്പോൾ കള്ളസാക്ഷികളെയാണ് പോലീസ് ആശ്രയിച്ചതെന്ന് വ്യക്തമാക്കി തെളിവ് സഹിതം ഷാഹിന തെഹൽക്കയിൽ ചെയ്ത റിപ്പോർട്ടാണ് അവർക്കെതിരെ കടുത്ത തീവ്രവാദ വിരുദ്ധ നിയമമായ് യു.എ.പി.എ. ചുമത്താൻ പോലീസിനെ പ്രേരിപ്പിച്ചത്. സാക്ഷികൾ പറഞ്ഞതാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സാക്ഷികളെ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞു കേസ് എടുത്തു. 13 വർഷമായി കേസ് തുടരുന്നു. ഏഴ് വര്ഷം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്.
ആഴത്തിലുള്ള പഠനവും റിപ്പോട്ടിംഗും എന്ന ലക്ഷ്യത്തോടെയാണ് വിഷ്വൽ മീഡിയ വിട്ടത്. തിരിച്ച് അങ്ങോട്ട് പോകാൻ ആഗ്രഹിച്ചിട്ടില്ല.
ഇക്കാലത്ത് ഇന്ത്യയിൽ മാധ്യമപ്രവർത്തകർ പലവിധ വിഷമതകൾ നേരിടുന്നു. കേരളത്തിൽ വർഗീയതയും മറ്റും വളരുന്ന സ്ഥിതിയുമുണ്ട്. അതേസമയം കേരളത്തിൽ സാമൂഹിക ക്ഷേമ പെൻഷൻ കൊടുക്കാൻ വൈകി എന്ന് കുറ്റപ്പെടുത്തുമ്പോഴും 65 ലക്ഷം പേർക്ക് പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനവുമില്ല-ഷാഹിന ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തകരായ ജോസ് കാടാപ്പുറം, ടാജ് മാത്യു, ജോർജ് ജോസഫ് , ജേക്കബ് റോയ് തുടങ്ങിയവർക്ക് പുറമെ ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപിള്ളി , ഫിലിപ്പോസ് ഫിലിപ്, ശ്രീകുമാർ ഉണ്ണിത്താൻ , ജോസ് ചാരുമൂട്, റോയ് ചെങ്ങന്നൂർ , ഫിലിപ് ചെറിയാൻ, അജി കളീക്കൽ, മോഹൻ ഡാനിയൽ, നോഹ ജോർജ്, അലക്സ് തോമസ്, അലക്സ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു