ജോര്‍ജ് ജോസഫ്
മയാമി: നടന്‍ സുരേഷ് ഗോപി എംപി മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചത് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തില്‍ തീപാറുന്ന ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു.
സുരേഷ് ഗോപി ചെയ്തത് ശരിയല്ലെന്ന് ചാനല്‍ ചര്‍ച്ചയിലും താന്‍ പറഞ്ഞത് റിപ്പോര്‍ട്ടര്‍ ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട് ചൂണ്ടിക്കാട്ടി. ആര്‍ക്കും ഒരു മാധ്യമ പ്രവര്‍ത്തകയെ സ്പര്‍ശിക്കാനോ മോളേ എന്നും മറ്റും വിളിച്ചു കൊച്ചാക്കാനോ യാതൊരു അവകാശവുമില്ല.
ഒരു വിഭാഗം വനിതകളും ചില പുരുഷന്മാരും അത് അംഗീകരിച്ചുവെങ്കിലും അത് കേസാക്കിയതിനെ ഒട്ടേറെ പുരുഷന്‍മാർ ശക്തിപൂര്‍വ്വം എതിര്‍ത്തു. യാതൊരു ദുരുദ്ദേശവുമില്ലാതെ തോളില്‍ സ്പര്‍ശിച്ചു എന്നത് വിവാദം പോലും ഉണ്ടാക്കാനുള്ള വിഷയമല്ലെന്ന് ചിലർ വാദിച്ചു. മാത്രവുമല്ല സുരേഷ് ഗോപി ക്ഷമ ചോദിച്ചതോടെ ആ പ്രശ്‌നം അവിടെ തീരേണ്ടതായിരുന്നു. പകരം കേസുമായി പോകുന്നതില്‍ രാഷ്ട്രീയമാണെന്ന് പലരും ചൂണ്ടിക്കാട്ടി. പെണ്മക്കളുടെ പിതാവാണ് അദ്ദേഹം.
ഈ നിലപാടിനോട് ദലീമ ജോജോ എം.എൽ.എയും യോജിച്ചു. സിനിമാ നടനായ സുരേഷ് ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണ്. അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ല. ദുരുദ്ദേശം ആരോപിക്കുന്നതും ശരിയല്ല.
ദുരുദ്ദേശം ഉണ്ടായില്ല എങ്കിലും സ്പര്‍ശനം ശരിയായില്ലെന്ന് സ്മൃതി തറപ്പിച്ചു പറഞ്ഞു. അത് പിന്നീട് രാഷ്ട്രീയ പ്രശ്‌നമായി മാറുകയും ചെയ്തു.
അതേസമയം റിപ്പോട്ടർമാർ സുരേഷ് ഗോപിയെ വളയുകയായിരുന്നുവെന്നു ഒരാൾ ചൂണ്ടിക്കാട്ടി . മാറി നില്ക്കു എന്ന് പറഞ്ഞിട്ട് ആരും കേട്ടില്ല. ആരും തൊടുകയൊന്നും പാടില്ലെങ്കിൽ ചാനലിനകത്തു തന്നെ ഇരുന്നു ജോലി ചെയ്യണം.
രാവിലെ നടന്ന സംഭവത്തില്‍ വൈകിട്ടാണ് കേസുമായി വനിതാ റിപ്പോര്‍ട്ടര്‍ രംഗത്തു വന്നതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയിൽ വീഴാന്‍ പോയ വനിതാ രോഗിയെ വീഴാതെ പിടിച്ചുനിര്‍ത്തിയ ഫിസിയോ തെറാപ്പിസ്റ്റിന് ജോലി പോകുകയും ഇപ്പോള്‍ കേസിന് പോകേണ്ടിവരികയും ചെയ്യുന്നത് ഫോമ നേതാവ് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസും സുരേഷ് ഗോപിക്ക് അനുകൂലമായി സംസാരിച്ചു.
എന്തായാലും സുരേഷ് ഗോപി അനുകൂലികൾക്കായിരുന്നു മേൽക്കൈ.
ചര്‍ച്ച നയിച്ച ബിനു ചിലമ്പത്ത് വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി. കുടുംബത്തില്‍ നിന്നുള്ള പിന്തുണയാണ് തങ്ങളെ കരിയര്‍ രംഗത്തും പൊതുരംഗത്തും മുന്നോട്ടു പോകാന്‍ പ്രാപ്തരാക്കിയതെന്ന് വനിതാ പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
ഹോട്ടല്‍ ബിസിനസില്‍ വനിതകള്‍ രാത്രിയില്‍ ജോലി ചെയ്യുന്നത് പൂര്‍ണ സുരക്ഷിതമാണെന്ന് സാജ് ഹോട്ടല്‍സ് സി.ഇ.ഒ മിനി സാജന്‍ പറഞ്ഞു. ആദ്യകാലത്ത് പലര്‍ക്കും ഇക്കാര്യത്തിന് സംശയമുണ്ടായിരുന്നു. ഇപ്പോഴത് മാറി. ആശുപത്രിയില്‍ വനിതകള്‍ക്ക് രാത്രി ജോലി ആകാമെങ്കില്‍ ഹോട്ടലിലും ആകാം.
വനിതകള്‍ കുഴപ്പത്തില്‍ ചാടുന്നതില്‍ കുറച്ചെങ്കിലും പങ്ക് അവരുടെ ഭാഗത്തുനിന്നും ആണെന്നും മിനി സാജന്‍ പറഞ്ഞത് ചിലർ ചോദ്യം ചെയ്‌തു . വനിതയെ മാത്രം കുറ്റപ്പെടുത്തുന്ന ചിന്താഗതിയാണ് പലര്‍ക്കുമുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി. പുരുഷന് എന്തും ആകാം. സ്ത്രീക്ക് പറ്റില്ല എന്ന വിവേചമാണിത്.
അമേരിക്കയില്‍ പോലും പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തുപോകുമ്പോള്‍ ശ്രദ്ധിക്കാന്‍ പറയുന്നത് നാട്ടിലെ മനശാസ്ത്രത്തില്‍ നിന്നാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്ക് നാട്ടിൽ ഇപ്പോഴും വിവേചനം ഉണ്ടെന്നും പൂർണമായ സുരക്ഷിതത്വം ഇല്ലെന്നും ദലീമ ജോജോ എം.എൽ.എ. പറഞ്ഞു. ആര് ഭരിച്ചാലും ഇതിൽ മാറ്റം വരുന്നില്ല. രാത്രിയിൽ സുരക്ഷിതമായി ഇപ്പോഴും സ്ത്രീക്ക് ഇറങ്ങി നടക്കാനാവുന്നില്ല.
കേരളത്തില്‍ വ്യാപിക്കുന്ന പര്‍ദ്ദ സമ്പ്രദായത്തെപ്പറ്റി പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്നും അതു വരുമ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും സ്മൃതി പറഞ്ഞു. 40 വര്‍ഷം മുമ്പ് ഇങ്ങനെയൊരു കാര്യം കേരളത്തില്‍ വ്യാപകമായി ഇല്ലായിരുന്നുവെന്നു അവരും സമ്മതിച്ചു. എം.എല്‍.എ ദലീമ ജോണ്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചതുമില്ല.
ജസി പാറത്തുണ്ടില്‍, ഡോ. കല അശോക്, ലീലാ മാരേട്ട്, സിമി ജെസ്റ്റോ, റോസ് വടകര തുടങ്ങിയവരായിരുന്നു പാനലിസ്റ്റുകള്‍.