തിരു: തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണ്. കേസ് പിന്‍വലിച്ച് മാധ്യമവേട്ടയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനും സെക്രട്ടറി കെ എന്‍ സാനുവും ആവശ്യപ്പെട്ടു. കെ എസ് യു പ്രതിഷേധം റിപ്പോര്‍ട്ട ചെയ്യാനെത്തിയ 24 ന്യൂസ് മാധ്യമപ്രവര്‍ത്തകയെ അഞ്ചാം പ്രതിയാക്കിയതും അംഗീകരിക്കാനാകാത്തതാണ്.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനോ വാര്‍ത്താ വിവരങ്ങള്‍ ശേഖരിക്കാനോ കഴിയാത്ത വിധം മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിടാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ല..
മാധ്യമസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന പോലീസ് നടപടികളില്‍ നിന്ന് പിന്‍മാറാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രസ് ക്ലബ് രംഗത്തിറങ്ങും.
ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച യുഡിഎഫ് പ്രവര്‍ത്തകരുടെ നടപടിയും ന്യായീകരിക്കാനാവാത്തതാണ്..വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നവരെ സമരക്കാരും പോലീസും കൈകാര്യം ചെയ്യുന്നത് ആവര്‍ത്തിച്ചാല്‍ മാധ്യമ സമൂഹവും പൊതു സമൂഹവും ഒറ്റക്കെട്ടായി അതിനെതിരേ രംഗത്തെത്തുമെന്ന് പ്രസ് ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു