advertisement
Skip to content

കേരളം വിടുന്ന മലയാളികൾ: ഇന്ത്യാ പ്രസ് ക്ലബ് ചർച്ച കേരളത്തിന്റെ കുറവുകളിലേക്ക് വിരൽ ചൂണ്ടി

ജോര്‍ജ് ജോസഫ്‌

മയാമി: ജന്മനാടിനോട് വിടപറയുന്ന മലയാളികൾ എന്ന സുപ്രധാന വിഷയത്തപ്പറ്റി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര കോൺഫറൻസിൽ നടന്ന സുപ്രധാനമായ ചർച്ച ശ്രദ്ധേയമായ അവബോധം പകരുന്നതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ തകർച്ച മുതൽ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ വരെ ഇതിനു കാരണമാകുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ബ്ലോഗറുമായ വിനോദ് നാരായണന്‍, ദുബായ് ആസ്ഥാനമായ ഹിറ്റ് 95 എഫ്.എം. റേഡിയോ എഡിറ്റർ ഷാബു കിളിത്തൊട്ടില്‍ എന്നിവരാണ് സെമിനാര്‍ നയിച്ചത്. ഐ.പി.സി.എന്‍.എയുടെ ഡാളസ്, ഫിലാഡല്‍ഫിയ, കാലിഫോര്‍ണിയ ചാപ്റ്ററുകളാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിന്‍സെന്റ് ഇമ്മാനുവേല്‍ മോഡറേറ്ററായിരുന്നു. യുവജനത എന്തുകൊണ്ട് കേരളം വിടുന്നു എന്ന ചോദ്യത്തിലായിരുന്നു പ്രധാന ചര്‍ച്ചകള്‍.

തലമുറ രാജ്യം വിടുന്നത് തെറ്റായ പ്രവണതയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ദുബായിയിൽ ഹിറ്റ് 95 എഫ്.എം. റേഡിയോ എഡിറ്ററായ ഷാബു കിളിത്തട്ടില്‍ ചൂണ്ടിക്കാട്ടി. ജീവിത പ്രാരാബ്ദങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ കുടിയേറ്റത്തിന്റെ അടിസ്ഥാന കാരണമെങ്കില്‍ ഇന്ന് മുപ്പതോ നാല്‍പ്പതോ ലക്ഷങ്ങള്‍ മുടക്കിയാണ് യുവജനത കേരളം വിടുന്നത്. അതിനുള്ള സാമ്പത്തിക പുരോഗതി മലയാളികള്‍ നേടി എന്നത് അഭിമാനകരമാണ്.

സാമ്പത്തികം മാത്രമല്ല പ്രവര്‍ത്തന മേഖലയിലെ അംഗീകാരമാണ് ഇന്ന് യുവജനത നാടുവിടാന്‍ കാരണം. എത്രയോ ജോലികള്‍ കേരളത്തിലുണ്ട്. പക്ഷെ അതിന് സാമൂഹിക അംഗീകാരം ലഭിക്കുന്നില്ലെന്നതാണ് പ്രശ്‌നം. അത് അന്തസുള്ള ജോലിയായി മിക്കവരും കരുതുന്നില്ല. ജോലികള്‍ ഇല്ലെങ്കില്‍ എങ്ങനെയാണ് ഇത്രയധികം അന്യ സംസ്ഥാനക്കാര്‍ കേരളത്തിലെത്തുന്നത്?

മലയാളികള്‍ കേരളം വിട്ടാല്‍ എന്താണ് കുഴപ്പം എന്ന ചോദ്യമായിരുന്നു ബല്ലാത്ത പഹയൻ എന്ന പേരിലുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവന്സർ വിനോദ് നാരായണന്‍ ഉന്നയിച്ചത്. അവരെയൊക്കെ പിടിച്ചുനിര്‍ത്തിയിട്ട് എന്താണ് പ്രത്യേക പ്രയോജനം എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. അവസരങ്ങളുടെ കുറവ്, സാമ്പത്തിക ഭദ്രത, ജീവിത സൗകര്യം എന്ന പഴയ തലമുറയുടെ അടിസ്ഥാന ആവശ്യങ്ങളാണ് അവരെ കുടിയേറ്റത്തിലേക്ക് പ്രേരിപ്പിച്ചതെങ്കില്‍ ഇന്നത്തെ തലമുറയുടെ മുന്‍ഗണനകള്‍ അതൊന്നുമല്ല. അവര്‍ ഉന്നതിക്കായി ചുവടുകള്‍ പൊടുന്നനെ മാറ്റുന്നവരാണ്. അതില്‍ കുടുംബ ബന്ധങ്ങളോ മറ്റ് ഘടകങ്ങളോ അവര്‍ പരിഗണിക്കാറില്ല. അതുതന്നെ അവരുടെ ഉള്ളിലെ ചിന്താഗതി മുന്‍ തലമുറക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതാണ്. ആ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.

നാട്ടിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ മൂല്യശോഷണം മനോരമ ന്യൂസിലെ അയ്യപ്പദാസ് ചൂണ്ടിക്കാട്ടി കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി അന്താരാഷ്ട്രതലത്തില്‍ പരാജയപ്പെടുന്നതിന്റെ കാരണം നമ്മള്‍ കണ്ടെത്തുകയും അതിന് പരിഹാരം കാണുകയും വേണം. എങ്കില്‍ മാത്രമേ മാറുന്ന ആഗോള സാഹചര്യങ്ങളുമായി കിടപിടിക്കാന്‍ അവര്‍ക്കാകൂ.

കേരളത്തിൽ പണക്കാരനോ അധികാരമുള്ളവനോ വലിയവനും അല്ലാത്തവർ താഴേക്കിടയിലുള്ളവരും എന്ന സ്ഥിതിയുണ്ടെന്ന് ഫൊക്കാന സെക്രട്ടറി ഡോ. കല അശോക് ചൂണ്ടിക്കാട്ടി. ഇവിടെ അതില്ല.

നാട്ടിൽ നഴ്സായിരുന്നപ്പോൾ അവസരങ്ങൾ നിഷേധിക്കപ്പെട്ടത് ഡോ. ഡോണ ചൂണ്ടിക്കാട്ടി. ഇവിടെ ഏതു പ്രായത്തിലും പഠിക്കാം. അങ്ങനെ പഠിച്ചു താൻ രണ്ട് ഡോക്ടറേറ്റ് നേടി. സൂപ്പർവൈസറായി ജോലി ചെയ്യുന്ന താൻ രാവിലെ വന്നാൽ ആദ്യം ചെയ്യുന്നത് ചപ്പുചവർ നീക്കം ചെയ്തു വൃത്തിയാക്കുകയാണ്. അതിൽ ഒരു മോശവും തോന്നുന്നില്ല.

ഫോമാ ജോ. ട്രഷറർ ജെയിംസ് ജോർജ് താൻ കാനഡയിലെത്തി ഫാര്മസിസിസ്റ് ലൈസൻസ് വേഗത്തിൽ നേടിയയത് ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ വരുന്നവർക്ക് പരീക്ഷ പാസാകാൻ കഴിയുന്നില്ല. അതിനാൽ ഇന്ത്യയിൽ നിന്നുള്ളവർ വീണ്ടും രണ്ട് മൂന്നു വര്ഷം പഠിക്കണമെന്ന് കാനഡ നിയമം മാറ്റി.

ജന്മനാടിനോട് വിടപറയുന്ന അമേരിക്കന്‍ മലയാളികള്‍ എന്ന ചര്‍ച്ച ഫലത്തില്‍ മലയാളികളുടെ കുടിയേറ്റം എന്ന വിഷയത്തിലേക്കാണ് നീങ്ങിയത്. ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്നാം ദിനത്തില്‍ നടന്ന സെമിനാറില്‍ എത്ര ശ്രമിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമായി അത് .

സദസിന്റെ സജീവ പങ്കാളിത്തമായിരുന്നു ഈ സെമിനാറിന്റെ ഹൈലൈറ്റ്. നാം എവിടെയാണെങ്കിലും മലയാളിത്തം മറക്കാത്തവരാണ് അമേരിക്കന്‍ മലയാളികളെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി. നമ്മളെ നാടുമായി കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്നതും അതാണ്.

നാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന്റെ ആവശ്യം അമേരിക്കയില്‍ ജനിച്ചുവളരുന്ന പുതു തലമുറയ്ക്ക് കൈമാറുന്നതില്‍ നാം പരാജയപ്പെടുകയാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. നാട്ടില്‍ പോകാന്‍ യുവജനത മടിക്കുന്നു.

സിജില്‍ പാലയ്ക്കലോടി, മനു തുരുത്തിക്കാടന്‍, ഷോളി കുമ്പിളുവേലി, ഷായിമോള്‍ കുമ്പിളുവേലി, ജോസ് പ്ലാക്കാട്ട്, അനിയന്‍ ജോര്‍ജ്, ബിനു ചിലമ്പത്ത്, ജെസി പാറത്തുണ്ടില്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest