തൃശൂര്‍: പ്രശസ്ത സംഗീതജ്ഞര്‍ നയിക്കുന്ന 'പ്രേമപത്ര്' മുഹമ്മദ് റഫി സംഗീതനിശയും 'സ്നേഹഗായകന്‍' പുസ്തക പ്രകാശനവും ഞായറാഴ്ച. അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി, റഫി ഗായകനായിരുന്ന പി.കെ. ജോസ് സ്മൃതി എന്നിവയോടനുബന്ധിച്ചാണ് ഈ പരിപാടികള്‍ സജ്ജമാക്കുന്നത്.
റഫി ഗാനങ്ങള്‍ ആലപിച്ച് ആറര പതിറ്റാണ്ടോളം ഗാനമേളാ സദസുകളെ കോരിത്തരിപ്പിച്ച തൃശൂര്‍ ജോസ് എന്ന പി.കെ. ജോസ് കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. ലോകപ്രശസ്ത സംഗീതജ്ഞര്‍ക്കൊപ്പം വേദി പങ്കിട്ട ഗായകനാണു ജോസ്. പ്രശസ്തിയില്‍നിന്ന് അകന്നുനിന്ന അദ്ദേഹത്തിനു തൃശൂര്‍ പൗരാവലി നല്‍കുന്ന സ്നേഹാദരമാണ് 'സ്നേഹഗായകന്‍' പുസ്തകവും റഫി സംഗീതനിശയും.
മൈക്കും റേഡിയോയും ഇല്ലാതിരുന്ന കാലത്ത് ജോസ് ഗായകനായതിന്റെ വിചിത്ര വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന സംഗീതചരിത്ര ഗ്രന്ഥമാണു 'സ്നേഹഗായകന്‍'. പ്രശസ്ത സംഗീതജ്ഞരും എഴുത്തുകാരും അടക്കം 94 പേരുടെ രചനകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. മൈക്ക് ഇല്ലാതിരുന്ന കാലത്തെ ഗാനമേളാ സദസുകള്‍, തൃശൂരിലെ ആദ്യ ഗാനമേളാ ട്രൂപ്പ്, റേഡിയോ പോലും ഇല്ലാതിരുന്ന കാലത്തെ പാട്ടു പഠനം, തെരുവില്‍ പാടി വിശ്വഗായകനായ മുഹമ്മദ് റഫിയുടെ കഥ തുടങ്ങിയവയെല്ലാം ഈ പുസ്തകത്തില്‍ കാണാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയിസാണു പുസ്തകത്തിന്റെ എഡിറ്റര്‍. പ്രസാധകര്‍ തൃശൂരിലെ ഈലിയ ബുക്സ്.
ഡിസംബര്‍ എട്ടിനു ഞായറാഴ്ച വൈകുന്നേരം നാലിന് കേരള സാഹിത്യ അക്കാദമി ഹാളില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ആദ്യ കോപ്പി വീണവിദ്വാന്‍ എ. അനന്തപത്മനാഭനു നല്‍കി പുസ്തകം പ്രകാശനം ചെയ്യും. മുതിര്‍ന്ന സംഗീതജ്ഞരായ പുത്തൂര്‍ രാജന്‍, രാപ്പാള്‍ സുകുമാര മേനോന്‍, കെ. ജേക്കബ് ഡേവിഡ്, ജോണ്‍ കൊക്കന്‍, തൃശൂര്‍ പത്മനാഭന്‍, അക്ബര്‍ ഷാ എന്നിവരെ ആദരിക്കും. ഫാ. ഡോ. പോള്‍ പൂവത്തിങ്കല്‍, മോഹന്‍ സിതാര എന്നിവരാണ് ആദരമേകുക. പി.കെ. ജോസ് സ്മൃതി സമിതി ചെയര്‍മാനും ആദ്യകാല ഫുട്ബോള്‍ മാന്ത്രികനുമായ സി.ഡി. ഫ്രാന്‍സിസ് അധ്യക്ഷനാകും. പ്രകാശ് ബാബു- അഷിത ദമ്പതികളും പ്രദീപ് സോമസുന്ദരനും നയിക്കുന്ന റഫി സംഗീത നിശയില്‍ വിശ്വപ്രശസ്ത സംഗീതജ്ഞരാണു സംഗീതോപകരണങ്ങള്‍ വായിക്കുക.
സംഗീതജ്ഞരുടേയും വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളുടേയും കൂട്ടായ്മയായ പി.കെ. ജോസ് സ്മൃതി സമിതിയുടെ നേതൃത്വത്തിലാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പി.എം.എം. ഷെരീഫ്- ജനറല്‍ കണ്‍വീനര്‍
ഡേവിസ് കണ്ണമ്പുഴ - വൈസ് ചെയര്‍മാന്‍
കെ. വിജയരാഘവന്‍- ട്രഷറര്‍
എം.എം.എ. റസാക്ക്- കണ്‍വീനര്‍, പബ്ലിസിറ്റി.
ഫ്രാങ്കോ ലൂയിസ് - എഡിറ്റര്‍- സ്‌നേഹഗായകന്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികൾ വിശദീകരിച്ചു.