പി.കെ. ഗോപി
നാലുകെട്ടിന്റെയിരുട്ടറ ഭേദിച്ചു
ലോകതീര്‍ത്ഥാടനം ചെയ്തു വരുന്നൊരാള്‍
കാലമുരുക്കിയ തൂലികത്തുമ്പിലെ
ഊഴമോരോന്നുമുരുക്കഴിക്കുന്നൊരാള്‍.
നാരായദാഹമടക്കുവാനക്ഷര-
ത്താളിയോലയ്ക്കു വലംവച്ചു വന്നൊരാള്‍
കാരസ്‌കരത്തിന്റെ കയ്പുനീര്‍ ജീവിത-
സാരങ്ങള്‍ ചേര്‍ത്തു സദയം കുടിച്ചൊരാള്‍
കാവിലെ നാഗങ്ങള്‍ ചുറ്റിക്കിടക്കുന്ന
പാരമ്പര്യത്തിന്റെ ദൈന്യബിംബങ്ങളെ
കാരുണ്യവഞ്ചിയിലക്കരെയെത്തിച്ചു
മായുന്ന ഗ്രാമപ്രവാചകനായൊരാള്‍
വീടുവിട്ടോടി ശിലാലിഖിതങ്ങളില്‍
നാടുചുറ്റുന്ന പുരാവൃത്തമായൊരാള്‍
ശാന്തിപര്‍വ്വത്തിലശാന്തദുഃഖത്തിന്റെ
കാന്തിപ്രകാശത്തിലമ്മയെ കണ്ടൊരാള്‍
ദൂരെയായാലും നിളാപുളിനത്തിലെ
നാദനിര്‍മ്മാല്യ നിശാഗദ്ഗദങ്ങളെ
ആദിഭൂതാത്മക പ്രേമനിശ്വാസമായ്
ചോരയില്‍ പണ്ടേ ലയിപ്പിച്ചുപോയൊരാള്‍
കോമരക്കോപത്തിനപ്പുറം കല്പാന്ത
വേദനക്കണ്ണീരിലഗ്നി വര്‍ഷിച്ചൊരാള്‍
ആഴമേറുന്ന മഹാമൗന മഞ്ഞിന്റെ
ആത്മാവ് തേടിയലഞ്ഞു നടന്നൊരാള്‍
മൂടുപടങ്ങള്‍ക്കകത്തു നുറുങ്ങുന്ന
നൂറുനൂറായിരം ചങ്ങലക്കണ്ണികള്‍
ഗാഢബന്ധങ്ങളെ ബന്ധിച്ചു വേവുന്ന
ധ്യാനവാനപ്രസ്ഥമാരാഞ്ഞുപോയൊരാള്‍
ഏഴുസമുദ്രവുമൊന്നിച്ചു വാക്കിന്റെ
നീലാഞ്ജനച്ചെപ്പില്‍ വായിച്ചു തീര്‍ത്തൊരാള്‍
ഏകാന്തഭാര പ്രപഞ്ചങ്ങളൊക്കെയും
മൂകനീലാംബരം ദാനം കൊടുത്തൊരാള്‍
ആരണ്യകങ്ങള്‍ക്കകത്തു നിര്‍മ്മിക്കുന്ന
കാവ്യതപോനികുഞ്ജങ്ങളില്‍ പാര്‍ത്തൊരാള്‍
ഭൂമിയെ തൊട്ടുതൊടാതെ നടന്നൊരാള്‍
സ്‌നേഹത്തെ സ്‌നേഹിച്ചു മിണ്ടാതെ പോയൊരാള്‍
ആയുസ്സിലാസുര ഗര്‍വ്വുകള്‍ക്കുള്ളിലെ
നേര്‍മന്ദഹാസത്തിലാകെയലിഞ്ഞൊരാള്‍
ഭാഷയ്ക്കു ഭാഷ കടംകൊടുത്തീ വഴി
പോകുന്ന പോക്കില്‍ പതിഞ്ഞ കാല്പാടുകള്‍
ഈ മണ്‍തരികള്‍ക്കെഴുത്തച്ഛനാകുന്നു
ഈ പുല്‍ക്കൊടികള്‍ക്കനുഗ്രഹമാകുന്നു
ഈ വിരല്‍ത്തുമ്പൊന്നു സ്പര്‍ശിക്കുവാന്‍ വന്ന
ദൂരസ്ഥനായ വെറും തെന്നലാണു ഞാന്‍!
(സ്‌നേഹാദരങ്ങളോടെ എം.ടി.ക്ക് സമര്‍പ്പണം)
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കല്‍ ഗ്രാമത്തില്‍ പി.കെ. കുഞ്ഞുപിള്ളയുടെയും കല്യാണിയുടെയും മകനായി ജനനം. ഫിസി യോതെറാപ്പിസ്റ്റായി ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചു. കവി, ചലച്ചിത്രഗാന രചയിതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയന്‍. കവിതയ്ക്ക് മുണ്ടശ്ശേരി സ്മാരക സമ്മാനം, പാലാ സഹൃദയ സമിതി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മഹാകവി വെണ്ണിക്കുളം അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, എഴുമംഗലം അവാര്‍ഡ്, മഹാകവി പി സ്മാരക പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, കല്ലാട്ട് കൃഷ്ണന്‍ സ്മാരക പുരസ്‌കാരം, പി.ആര്‍. നമ്പ്യാര്‍ പുരസ്‌കാരം, കോഴിശ്ശേരി ബാലരാമന്‍ അവാര്‍ഡ്, കാമ്പിശ്ശേരി പുരസ്‌കാരം, കെ.പി. കായലാട്ട് അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ പുര സ്‌കാരം, സാഹിത്യകേരളം പുരസ്‌കാരം, കേരള കലാവേദി ഒ.എന്‍.വി. പുരസ്‌കാരം, തിരുനെല്ലൂര്‍ അവാര്‍ഡ്, ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്, ഗാനരചനയ്ക്ക് മലയാള ചലച്ചിത്ര പരിഷത്ത് അവാര്‍ഡ്, നാനാ അവാര്‍ഡ്, ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, നിസരി അവാര്‍ഡ്, ബാലസാഹിത്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പി. നരേന്ദ്ര നാഥ് അവാര്‍ഡ്, പി.ടി. ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ്, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, പാലാ കെ.എം. മാത്യു പുരസ്‌കാരം, ഭീമ ബാലസാഹിത്യ അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, ഏറ്റവും നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥനുള്ള ജേസീസ് പുരസ്‌കാരം, വാക്കനല്‍ അവാര്‍ഡ് തുടങ്ങി നാല്‍പതിലേറെ പുരസ്‌കാരങ്ങള്‍. കവിതകള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളഭാഷയെ പ്രതിനിധീകരിച്ച് ആകാശവാണിയുടെ ദേശീയ കവിസമ്മേളനത്തില്‍ പങ്കെടുത്തു. ചിരന്തനം, സുഷുമ്‌നയിലെ സംഗീതം, നെഞ്ചിലെ മണ്‍ചെരാതുകള്‍, എഴുത്തമ്മ, ഏകം, ഒപ്പ്, മഴത്തോറ്റം, മരുഭൂമിയുടെ മഴഗണിതം, ഒരിറ്റ്, സുദര്‍ശനപ്പക്ഷിയുടെ തൂവല്‍, ആയിരത്തിരണ്ടാമത്തെ രാത്രി, ജലനിവേദ്യം, ഉരകല്ല് തുടങ്ങിയവയാണ് കവിതാസമാഹാരങ്ങള്‍. ഹരിശ്രീ, നേര്, ചിമിഴ്, കുരുവിക്കൂട്, മണ്‍കുടം, പട്ടം, അറിവും മുറിവും, മുത്തുമൊഴികള്‍, കിളിയമ്മ, തണല്‍മരം, ഓലച്ചൂട്ടിന്റെ വെളിച്ചം, പുഴ തന്ന പുസ്തകം, ഉറങ്ങുന്ന തീനാളം, എനിക്ക് ഞാനാകണം, കമ്മലുല്‍സവം, എന്നിലുണ്ടെല്ലാമെല്ലാം, പൊക്കിള്‍ക്കൊടിയുടെ വീട് തുടങ്ങിയവ ബാലസാഹിത്യ കൃതികള്‍. നോവിന്റെ സംഗീതം അനുഭവസ്മരണ.
മേല്‍വിലാസം: 'നന്മ', പി.ഒ. മലാപ്പറമ്പ്
കോഴിക്കോട് 673009.