ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട സാഹിത്യ രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പുസ്തക വിഭാഗത്തിൽ അഷേർ കെ.മാത്യൂ കാനഡ പുറത്തിറക്കിയ " വിശുദ്ധന്റെ സന്തതികൾ " എന്ന ഗ്രന്ഥവും, എബി ജേക്കബ് ഹൂസ്റ്റൺ എഴുതിയ "ഹൂ ഈസ് വൈസ് ഇനഫ് റ്റൂ അണ്ടർസ്റ്റാന്റ് " (Who is wise enough to understand) എന്ന പുസ്തകവും 2024 ലെ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അവാർഡിന് അർഹത നേടി.
സാം സഖറിയ ഈപ്പൻ ഫ്ലോറിഡ എഴുതിയ "ചാവാറായ ശേഷിപ്പുകൾ" മലയാളം ലേഖനം വിഭാഗത്തിലും, ജോസഫ് കൂര്യൻ ഹൂസ്റ്റൺ എഴുതിയ " ഹി എലോൺ ഈസ് വർത്തി " ("He alone is worthy") എന്ന ലേഖനവും, ജാസ്മിൻ ജേക്കബ് ഡാളസ് എഴുതിയ " Such a time as this Knowing God's heart " എന്ന ലേഖനം ഇംഗ്ലീഷ് വിഭാഗത്തിലും അവാർഡുകൾ നേടി.









രാഗി ഷിജു ഫ്ളോറിഡ എഴുതിയ "ശീമോന്റെ പടക് " മലയാളം കവിത വിഭാഗത്തിലും, അബിഗേൽ ആൻ ഷിബു ഒഹായോ എഴുതിയ " The secret place" ഇംഗ്ലീഷ് വിഭാഗത്തിലും പുരസ്ക്കാരത്തിന് അർഹത നേടി. റെനി മറ്റത്തിൽ ഡാളസ് എഴുതിയ " വെളുത്ത ലില്ലിപ്പൂക്കൾ" മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്കാരം നേടി.
ക്രിസ്തീയ ദൃശ്യാവിഷ്കാര മേഖലയിലെ സംഭാവനകളെ വിലയിരുത്തി ഡോ. മനു ചാക്കോ ഹൂസ്റ്റൺ രചനയും സംവിധാനവും നിർവഹിച്ച "മഴമേഘങ്ങൾ" എന്ന ക്രിസ്ത്യൻ ഡ്രാമക്ക് സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു.
അവാർഡ് ജേതാക്കൾക്ക് ജൂലൈ 4 മുതൽ 7 വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവൻഷൻ സെന്റർ സമുച്ചയത്തിൽ 39-മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിനോടനുബദ്ധിച്ച് നടത്തപ്പെടുന്ന കെ.പി.ഡബ്ല്യ.എഫ് പ്രത്യേക സമ്മേളനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
ക്രൈസ്തവ സാഹിത്യ മേഖലയിൽ വിവിധ നിലകളിൽ തികഞ്ഞ പ്രാവണ്യം നേടിയിട്ടുള്ള സജി മത്തായി കാതേട്ട് , പാസ്റ്റർ സാംകുട്ടി മാത്യു, സിസ്റ്റർ സൂസൻ ബി. ജോൺ, പ്രൊഫ. സ്മിതാ ചാക്കോ, പാസ്റ്റർ മനു ഫിലിപ്പ് എന്നിവരാണ് വിവിധ മത്സരങ്ങളിൽ വിധി നിർണ്ണയം നടത്തിയത്.
വടക്കേ അമേരിക്കയിൽ കുടിയേറി പാർത്ത മലയാളി പെന്തക്കോസ്ത് വിശ്വാസികളായ എഴുത്തുകാരുടെ ഐക്യ സംഘടനയാണ് നോർത്തമേരിക്കൻ കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം .
രാജൻ ആര്യപ്പള്ളിൽ പ്രസിഡൻറ്, സാം മാത്യൂ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറൽ സെക്രട്ടറി, പാസ്റ്റർ എബിൻ അലക്സ് ജോ സെക്രട്ടറി, ഡോ. ജോളി ജോസഫ് ട്രഷറാർ, ഡോ. ഷൈനി സാം ലേഡീസ് കോർഡിനേറ്റർ, വെസ്ളി മാത്യൂ മീഡിയ കോർഡിനേറ്റർ എന്നിവരാണ് കെ.പി.ഡബ്ള്യു.എഫ് ദേശീയ ഭാരവാഹികൾ.
വാർത്ത : നിബു വെള്ളവന്താനം
