തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മ്മനിയിലെ നഴ്സിങ് ഹോമുകളിലേയ്ക്കുള നഴ്സ് തസ്തികയിലേയ്ക്കുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലേയ്ക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതില്‍ അപേക്ഷനല്‍കാന്‍ കഴിയാത്തവര്‍ക്ക് നിലവില്‍ ഒഴിവുളള ചില സ്ലോട്ടുകളിലേയ്ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം.
ഇതിനായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററില്‍ (സി.എം. മാത്യുസൺസ് ടവർ, രാം മോഹൻ റോഡ്) 2024 നവംബര്‍ 01 നോ തിരുവനന്തപുരം സെന്ററില്‍ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബര്‍ 04 നോ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ 10 മുതല്‍ ആരംഭിക്കും.
നഴ്സിംങില്‍ Bsc/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ സി.വി, പാസ്പോർട്ട്, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), നഴ്സിംഗ് രജിസ്ട്രേഷൻ, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമാണ്. മുന്‍പ് അപേക്ഷ നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനോടൊപ്പം നടക്കും.