നിഴൽയുദ്ധങ്ങൾ - പോൾ സെബാസ്റ്റ്യൻ
ആറു മാസങ്ങൾക്കു മുൻപാണ് പോൾ സെബാസ്റ്റ്യൻ എന്ന എഴുത്തുകാരൻ മനസ്സിൽ ഇടം നേടിയത് . അതിനു കാരണമായത് അദ്ദേഹത്തിന്റെ 'ആ മൺസൂൺ രാത്രി' എന്ന നോവൽ വായിക്കാൻ ഇടയായതാണ്. ഒരു കൊലപാതകത്തെ തുടർന്നുള്ള അന്വേഷണങ്ങളിലൂടെ കടന്നുപോകുന്ന ഉദ്വേഗജനകമായ ഒരു നോവൽ എന്നത്തിനപ്പുറം ആത്മാക്കളുമായി നടത്തുന്ന സംവേദനങ്ങൾ, മന്ത്രം, മാസ്മരികത, ഹിപ്നോട്ടിസം, മനോബല പരീക്ഷണങ്ങൾ തുടങ്ങി യാഥ്യാർത്ഥത്തിൽ നിന്നും അകന്നു വായനക്കാരെ എഴുത്തുകാരൻ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന ഒരു തരം അനുഭൂതിയാണ് ഉളവാക്കുന്നത്. യാഥ്യാർത്ഥ്യവും, സാങ്കല്പികതയും കൂടിക്കലർന്ന ഒരു നോവൽ. വായനയുടെ ലോകത്തു നിന്നും മടങ്ങി വരുമ്പോൾ, സത്യവും മിഥ്യയും തമ്മിൽ ഒരു യുദ്ധം നടക്കുന്ന പോലെയുള്ള അനുഭവം.
ദീപയെന്ന സാധാരണ പെൺകുട്ടി ഒരു ലേഡി ഡിക്റ്ററ്റീവ് ആയി തീരുന്നതു തന്റെ പ്രിയ കൂട്ടുകാരി ശോഭ പോളിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലൂടെയാണ്. കൂടെ അവളെ സഹായിക്കാനായി മന്ത്ര - തന്ത്രങ്ങൾ സ്വായത്തമാക്കിയ ഗുരുസ്ഥാനീയരായ ശാവേലച്ചനും ഭട്ടതിരിപ്പാടും.
ആദ്യം മുതൽ അവസാനം വരെ ഉദ്വേഗവും ആകാംഷയും നിറഞ്ഞ നോവൽ ഒറ്റയിരുപ്പിനു വായിച്ചു തീർക്കാൻ തക്ക പ്രേരണ നല്‌കുന്നു എങ്കിലും മുഖ്യ കഥാപാത്രമായ ദീപ എന്ന സാധാരണ പെൺകുട്ടിയെ അസാമാന്യതയുടെ പാരമ്യത്തിൽ എത്തിക്കുന്നുന്നത് കഥയുടെ ഒഴുക്കിൽ ചില തടസങ്ങൾ ഉണ്ടാക്കുന്നു.
സാഹസിക യാത്രകൾ നടത്തി കേസിനു തുമ്പുണ്ടാക്കി കൊലപാതക രഹസ്യം പുറത്തു കൊണ്ട് വന്നു പ്രശസ്തയായി മാറുന്ന ദീപ എന്ന പെൺകുട്ടിയുടെ മറ്റൊരു സാഹസികമായ കേസന്വേഷണമാണ് 'നിഴൽ യുദ്ധങ്ങൾ'. ആദ്യ ബുക്കിന്റെ രണ്ടാം ഭാഗമെന്ന് പറയാവുന്ന തരത്തിൽ ആദ്യ നോവലിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടും പുതിയ കഥാപാത്രങ്ങളെ കഥക്കനുയോജ്യമായി സൃഷ്ടിച്ചു കൊണ്ടും കഥാപാത്ര സൃഷ്ടിയിൽ മുന്നിട്ടു നില്കുന്ന ഒരു സയൻസ് ഫിക്ഷൻ നോവൽ എന്ന് സംശയമന്യേ പറയാം.
ദീപയുടെ വിചിത്രമായ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളിൽ നിന്ന് തുടങ്ങി, കുറെയേറെ ആളുകളുടെ കാണാതാകലും, അതേതുടർന്ന് ദീപ നടത്തുന്ന അന്വേഷണങ്ങളും ആണ് കഥയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നത്. രാഷ്ട്രീയ - സാമൂഹിക പ്രശ്നങ്ങൾ, തീവ്രവാദം, വഴി വിട്ട വിദേശ ബന്ധങ്ങൾ, അധികാര ദുർവിനിയോഗം, സോഷ്യൽ മീഡിയകളിലെ ചതിക്കുഴികൾ, ശാസ്ത്രത്തെ രാജ്യത്തിനെതിരായി ഉപയോഗിക്കൽ, മനുഷ്യ ശരീരത്തെ ചൂഷണം ചെയ്യൽ തുടങ്ങി ഇന്നത്തെ ലോകത്തു പ്രസക്തമായ അനവധി നിരവധി പ്രശ്നങ്ങൾ ഈ നോവലിലൂടെ നോവലിസ്റ്റ് പറയുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും മുഖ്യ കഥാപാത്രത്തിന്റെ അതിരു കവിഞ്ഞ അസാമാന്യതയിൽ വായനക്കാർക്ക് ഒരല്പമെങ്കിലും അന്ധാളിപ്പ് ഉണ്ടാകാം. സാമൂഹിക പ്രസക്തിയുള്ള നോവൽ എന്ന അവലോകനത്തോടൊപ്പം ശക്തമായ പ്രമേയം കൊണ്ട് വായനക്കാരെ ഒരു തരിമ്പു പോലും നിരാശപ്പെടുത്തില്ല എന്ന ഒരു നിഗമനത്തിൽ സംശയമന്യേ എത്തിച്ചേരാം.
കല്യാണി ശ്രീകുമാർ