(കവിത -ദിലീപ് )
ഭാഗം 1
ഒരു കവിതയുടെ
വനാന്തരത്തിൽവച്ചു
നമ്മൾ
കണ്ടുമുട്ടുമ്പോൾ
നിസ്സംഗതയ്ക്ക്
ജീവിതം
വേവിക്കുകയായിരുന്നു നീ!!
ചിരി കരിഞ്ഞുപോയ
ആകാശം പോലെ
നിന്നിലേക്ക്
പടർന്നു കയറിയ
അസ്തമയ നിഴലുകളെ
ലാളിക്കുകയായിരുന്നു!!
സ്വപ്നങ്ങൾ
മുറിച്ചുമാറ്റപ്പെട്ട
ഞരമ്പുകൾ
ജീർണ്ണതയുടെ
വേരായിരുന്നു!!
നിറം മങ്ങിയ
കണ്ണുകളിലെ
കല്ലിച്ചുനിന്ന
സങ്കടങ്ങൾ തറച്ചു
ചോരവാർത്തിരുന്നു നീ!!
ഒറ്റയ്ക്ക്
ചുമക്കുന്നൊരു
ചില്ലുകൊട്ടാരമായിരുന്നു
നിൻ ജീവിതം!!
ഭാഗം 2
നിന്നിലേക്ക്
നോക്കിയപ്പോഴൊക്കെ
കരുണയുടെ
കടൽ തിളയ്ക്കുന്നത്
കണ്ടു ഞാൻ!!
മൗനങ്ങളിലും
വർണ്ണങ്ങളുണ്ടെന്നറിഞ്ഞു!!
ഓർമ്മകൾ കത്തുന്ന
ശൂന്യതയിലും
കരയുന്ന കണ്ണുകൾ
തുടയ്ക്കുന്നു നീ!!
വറ്റുന്ന
പുഴകൾക്കെത്ര
മധുരം വിളമ്പുന്നു നീ!!
കാലം പറയും
കണക്കുകളിൽ
മൗനം പുതയ്ക്കുന്ന
കൂട്ടുകാരി
നിന്റെ
ഉൾക്കടലിൽ
പൊട്ടിച്ചിതറുന്നുണ്ടൊരു
ഭൂമി!!
ഭാഗം 3
നിന്നിൽ
മരിച്ച ചിരികൾക്ക്
ഞാൻ വളമാവുന്നു!!
നിന്നിലൂടെ
നടക്കുമ്പോഴൊക്കെയും
പൊട്ടിച്ചിതറും
നട്ടുച്ചയിൽ
തട്ടിത്തടഞ്ഞു
വീഴുന്നു ഞാൻ!!
കുത്തിയൊലിക്കുമീ
നോവിൻ ശിലകൾ
തട്ടിയെറിഞ്ഞു
കത്തും നിലാവായി
തെളിയണം നിന്നിൽ!!
ഏതോ ധ്രുവങ്ങളിൽ
മൂടിപ്പുതച്ചുറങ്ങും
വസന്തത്തിൻ
വിത്തുകൾ
നിന്നിൽ വിതറുന്നു ഞാൻ!!
ആരും കീറിയെറിയാത്ത
ജീവിതം,
നീട്ടിപ്പിടിച്ചു
നിൽക്കണം നിൻ മുന്നിൽ!!
ഓർമ്മകൾ
വറ്റാതെയൊഴുകുമ്പോഴും
രാമഴക്കുളിരായി
ചേരണം നിന്നിൽ!!
ഭാഗം 4
പ്രണയത്തിൽ
ജീവനെ നട്ടു നമ്മൾ
വരൾച്ചയിൽ
തളിർത്തൊരു
ഇലഞ്ഞിയായി പൂത്തു,
വാക്കിന്റെ,
നോക്കിന്റെ
തണലിൽ നമ്മൾ
ഇല്ലിത്തലപ്പുപോൽ
പടർന്നു!!
വരികൾ തെറ്റാത്ത
സ്നേഹമൊരു
കവിതയായി
കരളിൽ തറച്ചു നിന്നു!!
ജന്മാന്തരങ്ങളിൽ
ഏതോ പ്രണയശില
പൊട്ടിപ്പിളർന്നു
വന്നവർ നമ്മൾ!!
നമ്മളുരുകുമീ
പ്രണയവേവിലെത്ര
ചുംബനങ്ങൾ
നക്ഷത്രങ്ങളായി!!
മുറിവുകൾ
വീണമീട്ടുന്ന
നരക ജീവിതം
മറന്നു നമ്മൾ!!
ഊഷ്മളമൊരാകാശം
പിറക്കുന്നു നമ്മളിൽ
സ്വപ്ന ചഷകങ്ങളിൽ
വീഞ്ഞു നുരയുന്നു!!
നമ്മളിൽ
നമ്മൾ വിരിയുന്നു
പൂക്കളായി!!
ഭാഗം 5
നിന്നോളമില്ല
മറ്റൊന്നുമെന്നു
കാലം കാത്തിരിപ്പിൻ
കണ്ണിൽ കുറിക്കുന്നു!!
നിന്നോളമില്ലേതു
ലോകവും,
നിന്നോളമില്ലേതു
വർണ്ണവും,
നിന്നോളമില്ലേതു
ഭംഗിയും!!
നിന്നിലെൻ
ജീവന്റെ
നേര് നീറുന്നു!!
നിന്നിലെൻ
വാഴ്‌വിന്റെ
വസന്തം വിടരുന്നു!!
നിന്നിലെൻ
നോവിന്റെ
ജലമുറയുന്നു!!
നിന്നിലെൻ
ആത്മദാഹങ്ങൾ
വഴിമുട്ടി നിൽക്കുന്നു!!
നിന്നിലെൻ
ജീവന്റെ
രക്തബീജമുണരുന്നു!!
നിന്നിലെന്റെ
ലോകവും ഞാനും
വീണൊടുങ്ങുന്നു!!
✍️ദിലീപ്...!!