advertisement
Skip to content

ന്യൂയോർക്ക് കേരളാ സമാജം വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 14 ശനി 3 മണിക്ക് ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ 2024 വർഷത്തെ വാർഷിക പൊതുയോഗവും 2025 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും 14-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ (Tyson Center, 26 N Tyson Ave, Floral Park, NY 11001) വച്ച് നടത്തപ്പെടുന്നു. നിലവിലെ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിൽ സെക്രട്ടറി സജി എബ്രഹാം വാർഷിക റിപ്പോർട്ടും ട്രഷറർ വിനോദ് കെയാർക്കേ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റീ ബോർഡ് അടുത്ത വർഷത്തേക്കുള്ള ചുമതലക്കാരെ തെരഞ്ഞെടുക്കുന്ന നടപടി ക്രമങ്ങളും നടത്തുന്നതാണ്.

"വാർഷിക പൊതുയോഗം ആയതിനാലും മൂന്നു മണിക്ക് മുമ്പേ പൊതുയോഗത്തിനുള്ള കോറം തികയേണ്ടതിനാലും എല്ലാ സമാജം അംഗങ്ങളും കൃത്യ സമയത്തു തന്നെ ടൈസൺ സെന്ററിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തലുകളും പ്രവർത്തന മികവിനായുള്ള നിർദ്ദേശങ്ങളും സംഘാംഗങ്ങൾക്ക് നൽകുവാനുള്ള അവസരം കൂടിയാണിത്. എല്ലാവരുടെയും സഹകരണങ്ങൾക്കു പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു." പ്രസിഡൻറ് സിബി എല്ലാവരോടുമായി അഭ്യർഥിച്ചു.

"ശനിയാഴ്ചത്തെ (നാളെ) പൊതുയോഗത്തിൽ സമാജത്തിന്റെ ഭരണഘടനയിൽ (By-Law) ചില ഭേദഗതികൾ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ എല്ലാ സമാജം അംഗങ്ങളെയും മുൻകൂട്ടി അറിയിച്ചിരുന്നല്ലോ. സമാജത്തിന്റെ മുമ്പോട്ടുള്ള സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ചില ഭരണഘടനാ ഭേദഗതികൾ വാർഷികപൊതുയോഗത്തിൽ ചർച്ച ചെയ്‌ത്‌ പാസ്സാക്കിയെടുക്കുന്നതിന് എല്ലാ അംഗംങ്ങളും 3 മണിക്ക് തന്നെ യോഗ സ്ഥലത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു" സെക്രട്ടറി സജി എബ്രഹാം ഫ്ലോറൽ പാർക്കിൽ പ്രസ്താവിച്ചു.

"എല്ലാ അംഗങ്ങളുടെയും കയ്യഴിഞ്ഞ സഹായ സഹകരണങ്ങളാൽ കഴിഞ്ഞ ഒരു വർഷം സുഗമമായി പ്രവർത്തിക്കുവാൻ സാധിച്ചു. എല്ലാവർക്കും പ്രത്യേകം നന്ദി കരേറ്റുന്നു. വീണ്ടും വാർഷിക പൊതുയോഗത്തിൽ എല്ലാവരെയും കാണാം എന്ന് പ്രതീക്ഷിക്കുന്നു." ട്രഷറർ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു.

"കഴിഞ്ഞ വർഷത്തെ ഭരണ സമിതി വളരെ ഭംഗിയായി സമാജത്തിന്റെ പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ടുപോയി. അൻപത്തിമൂന്നാമതു വർഷത്തേക്ക് സമാജത്തെ നയിക്കുവാൻ നമുക്ക് ചുറുചുറുക്കുള്ള പുതിയ ചുമതലക്കാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികകൾ മുൻകൂട്ടി സമർപ്പിച്ചതിൻപ്രകാരം വാർഷിക പൊതുയോഗത്തിൽ അതിനുള്ള നടപടിക്രമങ്ങൾ നടത്തേണ്ടതുണ്ട്. ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്ന നിലയിൽ അതിനുള്ള ഉത്തരവാദിത്വം ഉള്ളതിനാൽ എല്ലാ അംഗങ്ങളും സമയത്ത് വന്നു ചേർന്ന് അതിന്റെ നടപടിക്രമങ്ങളിൽ പങ്കാളികൾ ആകണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു" ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest