റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന് പുതു നേതൃത്വം. 2024 - 2025 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് ബോർഡിലെ പ്രസിഡണ്ട് ആയി ബിജു സഖറിയാ (ഫ്‌ളവേഴ്‌സ് ടിവി USA ) പ്രസിഡണ്ട്, സെക്രട്ടറിയായി അനിൽ മറ്റത്തിക്കുന്നേൽ (ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ്), ട്രഷറർ ആയി അലൻ ജോർജ്ജ് (ഏഷ്യാനെറ്റ് ന്യൂസ്), വൈസ് പ്രസിഡണ്ട് ആയി പ്രസന്നൻ പിള്ളൈ (കൈരളി ടിവി), ജോയിന്റ് സെക്രട്ടറിയായി ഡോ സിമി ജെസ്റ്റോ (ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ് ), ജോയിന്റ് ട്രഷറർ ആയി വർഗ്ഗീസ് പാലമലയിൽ (എൻ ആർ ഐ റിപ്പോർട്ടർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ട് ശിവൻ മുഹമ്മയുടെ അധ്യക്ഷതയിൽ കൂടിയ ബോർഡ് മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
കഴിഞ്ഞ രണ്ടു വർഷക്കാലം ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിനെ നയിക്കുവാൻ ലഭിച്ച അവസരത്തിനും, ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും, അന്താരാഷ്‌ട്ര മീഡിയ കോൺഫ്രൻസിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുവാനും സാധിച്ചതിൽ എല്ലാ ചാപ്റ്റർ അംഗങ്ങൾക്കും ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നതായി ശിവൻ മുഹമ്മ അറിയിച്ചു. നോർത്ത് അമേരിക്കയിലെ മാധ്യമ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകി വരുന്ന ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അദ്ദേഹം പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.
മികച്ച ഒരു മാധ്യമ സമ്മേളനം മിയാമിയിൽ വച്ച് നടത്തുവാൻ സാധിച്ചതിലുള്ള സന്തോഷം അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. വ്യത്യസ്തമായ മാധ്യമങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും, അമേരിക്കൻ മലയാളി സമൂഹത്തിനോടുള്ള പ്രതിബദ്ധതയും , മലയാളി മാധ്യമ പ്രവർത്തകർ എന്ന ഒത്തൊരുമയും ഇന്ത്യാപ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ബാനറിൽ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇതുപോലുള്ള പ്രൗഢഗംഭീരമായ മാധ്യമ സമ്മേളനങ്ങളടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുവാൻ IPCNA ക്ക് സാധിക്കുന്നത് എന്ന് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
നോർത്ത് അമേരിക്കയിലെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവർത്തകർ തമ്മിലുള്ള ഊഷ്മളമായ ബന്ധം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ വര്ഷങ്ങളായി പ്രവർത്തിക്കുന്ന IPCNA തുടർന്നും അമേരിക്കൻ മലയാളി സമൂഹത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി പ്രശോഭിക്കും എന്ന് നിയുക്ത ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകികൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ , അർത്ഥവത്തായ പരിപാടികൾ ആസൂത്രണം ചെയ്യുവാനുള്ള തയ്യാറെടുപ്പോടെയാണ് ചിക്കാഗോ ചാപ്റ്റർ എത്തുന്നത് എന്നും, ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ സുനിൽ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയോടും , സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള നാഷണൽ അഡ്വൈസറി ബോർഡിനോടും ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും നിയുക്ത പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു.
ബോർഡ് മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും സെക്രട്ടറി പ്രസന്ന പിള്ള സ്വാഗതവും ട്രഷറർ അനിൽ മറ്റത്തിക്കുന്നേൽ നന്ദിയും അറിയിച്ചു.