മോർഗൻവിൽ, ന്യു ജേഴ്‌സി: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലൊന്ന് ഫെബ്രുവരി 25 ഞായറാഴ്ച ന്യൂജെഴ്‌സിയിൽ ആഘോഷിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം തന്നെയായിരുന്നു ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ ന്യൂജെഴ്‌സിയിലെയും ആഘോഷം. ന്യു ജേഴ്‌സിക്ക് പുറമെ മസാച്യുസെറ്റ്സ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, പെൻസിൽവാനിയ, ഡെലവെയർ, വിർജീനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തകൾ മോർഗൻവില്ലിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് പൊങ്കാല അർപ്പിച്ചത്.



കെ.എച്ച്.എന്‍.ജെ വർഷംതോറും വിജയകരമായി നടത്തുന്ന പൊങ്കാല ഇത്തവണയും വിജയകരമാക്കാൻ സംഘടനാനേതൃത്വം നിരവധി സംസ്ഥാന-ദേശീയ സംഘടനകളെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രസിഡന്റ് ലത നായർ, ജനറൽ സെക്രട്ടറി രൂപാ ശ്രീധർ, കൾച്ചറൽ സെക്രട്ടറി ലിഷ ചന്ദ്രൻ, ട്രഷറർ രഞ്ജിത്ത് പിള്ള, വൈസ് പ്രസിഡന്റ് അജിത് പ്രഭാകർ, എക്സ് ഒഫിഷ്യോ സഞ്ജീവ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കൊപ്പം ആജീവനാന്ത അംഗങ്ങളും സന്നദ്ധ പ്രവർത്തകരും പൊങ്കാല വിജയകരമായി നടത്തുന്നതിനുള്ള നേതൃത്വം വഹിച്ചു. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പൊങ്കാല സമർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു.
ഈ മെഗാ പൊങ്കാല മഹോത്സവത്തിന് പിന്തുണ നൽകിയ എല്ലാവർക്കും ടീം കെ.എച്ച്.എന്‍.ജെ നന്ദി അറിയിച്ചു. കെ.എച്ച്.എന്‍.ജെയുടെ നേതൃത്വത്തിൽ നടക്കുന്ന അടുത്ത പ്രധാന പരിപാടി വിഷു ആഘോഷമാണ്. ഏപ്രിൽ 13 ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ വിഷു ഗംഭീരമായി ആഘോഷിക്കും.
