തിരുവനന്തപുരം : കണ്ണൂര്‍ വി സിയായിരുന്ന ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി തന്നെ വന്നു കണ്ടിരുന്നുവെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വി സി നിയമനം റദ്ദ് ചെയ്തുകൊണ്ടുള്ള സുപ്രിംകോടതി വിധി പുറത്തുവന്നതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണ്ണര്‍. ഗോപിനാഥ് രവീന്ദ്രന്‍ തന്റെ നാട്ടുകാരനാണെന്നും അതിനാല്‍ അദ്ദേഹത്തെ ഒരു ടേം കൂടി വി സി യായി നിയമിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ പലതവണ ഈ ആവശ്യവുമായി തന്നെ വന്നു കണ്ടെന്നും ആരിഫ് മുഹമ്മദ്ഖാന്‍ ആരോപിച്ചു. നിരന്തരമായ സമ്മര്‍ദ്ദംമൂലമാണ് വി സി നിയമനത്തില്‍ ഒപ്പുവച്ചതെന്നും നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വി സി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ ഞാന്‍ ആരംഭിച്ചിരുന്നു, ഇതിനിടയിലാണ് ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയ്ത.് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ് എന്നെ കാണാന്‍ പിന്നീട് വന്നത്. അവരാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് എന്നെ ഏ്‌ല്പിച്ചതെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും അനുകൂലമായിരുന്നു. അതിനാലാണ് മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടിവന്നത്.
ഗവര്‍ണ്ണര്‍ പദവി വേറെയും ചാന്‍സിലര്‍ പദവി വേറെയുമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കിയതോടെ വി സി നിയമനവുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീങ്ങുകയാണ്.
ചാന്‍സിലര്‍ പദവി ഗവര്‍ണ്ണറില്‍ നിന്നും മാറ്റുന്ന ബില്ലാണ് ഒപ്പിടാതെ ഗവര്‍ണ്ണര്‍ മാറ്റിവച്ചത്. ബില്ലുകള്‍ ഒപ്പിടാത്ത വിഷയത്തില്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ നിന്നും ഗവര്‍ണ്ണര്‍ പഴികേട്ടിരുന്നു. അതിനാലാണ് ഗവര്‍ണ്ണറുടെ ചുമതല സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ചാന്‍സലര്‍ പദവി മറ്റൊന്നാണെന്നും വ്യക്തമാക്കിയത്.
ജനോപകാരപ്രദമാവുന്ന ഒരു ബില്ലും വൈകിപ്പിക്കാറില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. ഗവര്‍ണ്ണര്‍ തുടര്‍ന്ന് മുംബൈയിലേക്ക് പോയി.