ചിക്കാഗോ: ഭർത്താവിൻ്റെ വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ചിക്കാഗോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം ഉഴവൂര്‍ സ്വദേശി മീര (32) യുടെ ആരോഗ്യനിലയിൽ പുരോഗതി. ഇല്ലിനോയി ലൂഥറൻ ജനറൽ ആശുപത്രിയിൽ കഴിയുന്ന മീരയുടെ മൂന്നാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
മീരയെ ഭർത്താവ് കോട്ടയം ഏറ്റുമാനൂർ സ്വദേശി അമൽ റെജി വെടിവച്ചു എന്നാണ് കേസ്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നു കരുതുന്നു. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുഎസ് സമയം തിങ്കളാഴ്ച രാത്രി 10 മണിക്കു ശേഷമാണ് കുറ്റകൃത്യം നടന്നത്.സെൻ്റ് സാക്ക്റി പാരിഷിനു സമീപം കാറില്‍ വെച്ച് വാക്കുതര്‍ക്കത്തിനിടെ അമല്‍ മീരക്ക് നേരെ വെടിയുതിര്‍ത്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 10 തവണ വെടിയുതിർത്തിട്ടുണ്ട്. മീരയുടെ വാരിയെല്ലിനും കണ്ണിനും വെടിയേറ്റിട്ടുണ്ട്.
അപ്പോൾ തന്നെ ലൂഥറൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്തുനിന്ന് വെടിയേറ്റതിനാൽ പരുക്ക് ഗുരുതരമാണ്. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകളാണ് മീര. ഇരട്ട സഹോദരി മീനുവും ചിക്കാഗോയിൽ തന്നെയാണ് താമസിക്കുന്നത്. മീരയും മീനുവും നഴ്സുമാരാണ്. ഒന്നര വർഷം മുമ്പാണ് മീരയും അമലും യുഎസിലേക്ക് വന്നത്. അന്നു മകൻ ഡേവിസിനെ നാട്ടിൽ നിർത്തിയാണ് വന്നത്. ഈ ജനുവരിയിലാണ് മകൻ ഡേവിസിനെ അവർ യുഎസിലേക്ക് കൊണ്ടുവന്നത്. അമൽ റെജിയുടെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പൊലീസ് ഇന്ന് നൽകും.
