advertisement
Skip to content

'ഓമിക്‌സ്' വിദഗ്ധരുടെ സംഗമം തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

ജനിതക ചികില്‍സാരീതി വേണം, ശാസ്ത്രങ്ങളെ ഏകോപിപ്പിക്കണം: ഡോ. ജെ.എന്‍. മൂര്‍ത്തി

ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ജൂബിലി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ഓമിക്‌സ്' വിദഗ്ധരുടെ സംഗമം തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: ആരോഗ്യ പരിപാലനത്തിനു ബയോളജിയും കെമിസ്ട്രിയും അടക്കമുള്ള എല്ലാ ശാസ്ത്രശാഖകളേയും ഏകോപിപ്പിക്കണമെന്നും ജനിതക ചികില്‍സാരീതി അനിവാര്യമാണെന്നും തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി. ജനിതക ചികില്‍സാ രീതികള്‍ക്കു നേതൃത്വം നല്‍കുന്ന 'ഓമിക്‌സ്' വിദഗ്ധരുടെ സംഗമം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ആരോഗ്യ മേഖലയിലെ ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ സര്‍ജറി അടക്കമുള്ള മികച്ച ചികില്‍സ ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു പല വിദേശ രാജ്യങ്ങളിലുള്ളവരും വിദഗ്ധ ചികില്‍സ തേടി ഇന്ത്യയിലേക്കു വരുന്നുണ്ട്. ലോകത്തെത്തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ വ്യവസായം ഇന്ത്യയിലാണ്. 2022 ല്‍ 37,000 കോടി ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നത്. അതായത് 31 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍. അടുത്ത വര്‍ഷത്തോടെ ഇത് 65,000 കോടി ഡോളറായി വര്‍ധിക്കും. 54 ലക്ഷം കോടി രൂപയുടെ ഇടപാടുകളിലേക്കു വളരും.

രോഗനിര്‍ണയത്തിനും പരിശോധനകള്‍ക്കും ചികില്‍സയ്ക്കും ആധുനിക രീതികള്‍ കണ്ടെത്തുന്ന ഗവേഷണങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ട്. ലോകമെങ്ങും ജനിതക ചികില്‍സാരീതിയിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയിലും ആ ദിശയില്‍ സുപ്രധാന ഗവേഷണങ്ങളും ചികില്‍സാ രീതികളും പിന്തുടര്‍ന്നാലേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമാകൂ. ഡോ. ജെ.എന്‍. മൂര്‍ത്തി പറഞ്ഞു.

വിവിധ ചികില്‍സാ രീതികള്‍ ഏകോപിപ്പിച്ചും സമന്വയിപ്പിച്ചും രോഗശാന്തി നല്‍കുന്ന രീതി രൂപപ്പെടുത്തണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ശ്രീകാന്ത് നാരായണം അഭിപ്രായപ്പെട്ടു. രോഗനിര്‍ണയത്തിലും ചികില്‍സയിലും പരമ്പരാഗത ആയുര്‍വേദ ചികില്‍സയ്ക്കും സുപ്രധാന പങ്കുണ്ട്. ചൈന അടക്കമുള്ള രാജ്യങ്ങള്‍ വിവിധ ചികില്‍സാ രീതികളെ സമന്വയിപ്പിക്കുന്ന ചികില്‍സാശൈലിയാണു പിന്തുടരുന്നത്. എല്ലാ ശാസ്ത്ര ശാഖകളേയും ഒന്നിച്ചു കൊണ്ടുപോകണം. അദ്ദേഹം പറഞ്ഞു.
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിലെ പ്രബന്ധങ്ങളുടെ സമാഹാര ഗ്രന്ഥം ഡോ. മൂര്‍ത്തി പ്രകാശനം ചെയ്തു. ജുബിലി ഗവേഷണ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ആയുര്‍ ബയോളജി സെന്റര്‍ ഡോ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

ജൂബിലി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍, ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച് ഡോ. ഡി.എം. വാസുദേവന്‍, റിസേര്‍ച്ച് കോഓഡിനേറ്റര്‍ ഡോ. പി.ആര്‍. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. പ്രവീണ്‍ലാല്‍, സിസ്റ്റര്‍ ഡൊണേറ്റ എന്നിവര്‍ പ്രസംഗിച്ചു.

ജൂബിലി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മദര്‍ തെരേസ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറോളം സ്ഥാപങ്ങളില്‍നിന്ന് ഇരുന്നൂറ്റമ്പതിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സ് ഇന്നും (ശനി) തുടരും. വൈകുന്നേരം നാലിനു സമാപന യോഗത്തില്‍ കേന്ദ്ര മെഡിക്കല്‍ പി.ജി. പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. അഭിജിത് സേത്ത് മുഖ്യാതിഥിയാകും. കേരള സര്‍ക്കാര്‍ പുതുതായി ആരംഭിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂട്രസുട്ടിക്കല്‍സിന്റെ ചീഫ് സയന്റിസ്റ്റ് ഡോ. റൂബി ജോണ്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest