കവിതയെന്നത് ശിവപ്രസാദിന് ജീവിതത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒന്നല്ല. ജീവിതത്തിന്റെ ശ്വാസവും ജീവിക്കാനുള്ള ചോദനയുമാണ്. താൻ ജീവിക്കുന്ന സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കാനുള്ള സമരായുധമാണ്. അതിനാൽ തന്നെ എല്ലാവരെയും അളക്കുന്ന സ്റ്റാൻഡേർഡ് അളവുകൾ വെച്ച് ഈ കവിയെ അളക്കാമെന്ന് ആരും വിചാരിക്കേണ്ട. ദിവസവും ഒരു കവിതയെഴുതി ആത്മസംതൃപ്തി അടയാനോ, ഫേസ്ബുക്കിലിട്ട് കൈയ്യടി വാങ്ങാനോ ഈ കവി ശ്രമിക്കാറില്ല. ചുറ്റുമുള്ള ലോകത്തോടുള്ള പ്രതികരണവും അനീതിയോടുള്ള പ്രതിഷേധവും തന്റെ ആഴത്തിലുള്ള ചിന്തകളുടെ പ്രകാശനവുമൊക്കെയാണ് ശിവപ്രസാദിന്റെ കവിതകൾ. വിവിധ സന്ദർഭങ്ങളിലായി എഴുതിയ കവിതകളെ തന്റെ ആദ്യകൃതിക്ക് എട്ടു വർഷങ്ങൾക്ക് ശേഷം കോർത്തിണക്കി പുസ്തകമാക്കിയിരിക്കുകയാണ് മരിക്കാത്ത കോശങ്ങളുടെ സംഗീതം എന്ന ഈ കവിതാ സമാഹാരത്തിൽ.
പ്രധാനമായും മൂന്ന് തരം കവിതകൾ ഈ സമാഹാരത്തിൽ കാണാൻ സാധിക്കും. എന്താണ് കവിത, എന്തായിരിക്കണം കവിത, ആരാണ് കവി, ആരായിരിക്കണം കവി എന്നൊക്കെയുള്ള എഴുത്തുകാരന്റെ ചിന്ത വായനക്കാരോട് പങ്കു വെയ്ക്കുന്നവയാണ് ഇവയിൽ ഒന്നാമത്തേത്.
"എന്നെ സംബന്ധിച്ച് കവിതകളും അവയിൽ അടക്കംചെയ്യപ്പെട്ട ചിന്തകളും വികാരങ്ങളുമെല്ലാം രാജപാത ഉപേക്ഷിച്ച വാക്കുകളുടെ സഞ്ചാരമാണ്. പ്രണയത്തിന്റെ കെയറോഫിൽ കണ്ണുനീരിനെപ്പറ്റി എഴുതിയ രാഗവിസ്താരത്തിലുള്ള പതിനായിരം കവിതകളേക്കാൾ ചതഞ്ഞു മരിച്ച മനുഷ്യരുടെ ഉള്ളുറപ്പിനെക്കുറിച്ച് എഴുതപ്പെട്ട പത്ത് ചെറുകവിതകളാണ് ഇഷ്ടം. സുഖമധുരമായ മഴയുടെ ഹേമന്തസ്മൃതികളെക്കാൾ അത് മുഴുവൻ നനഞ്ഞ് കിടുങ്ങി വിറച്ച അഭയമില്ലാത്ത മനുഷ്യരുടെ കാണാനിടയില്ലാത്ത കണ്ണീരിനോടാണ് പ്രിയം. പനീർപ്പൂക്കളും ചെമ്പകവും എള്ളെണ്ണയും മണക്കുന്ന പുരാതനഗ്രാമശ്രുതികളുടെ പാരമ്പര്യബന്ധിയായ അകത്തള വിജൃംഭണങ്ങളേക്കാൾ തേക്കുപാട്ടും തുഴയീണവും ചെളിമണ്ണും ചെന്നിനായകച്ചൂരും കൈതയുടെ വിപ്ലവപ്രഖ്യാപനവുമാണ്." എന്ന് ആമുഖത്തിൽ കുറിക്കുന്ന കവിയുടെ കവിതകളിലും തന്റെ കവിതകളെക്കുറിച്ചുള്ള കാഴ്ചപ്പാട് തുടർച്ചയായി പങ്ക് വെയ്ക്കുന്നു. ഇടതു പക്ഷ കവിതകൾ എന്തായിരിക്കണം എന്ന ഒരു പാഠപുസ്തകമിറങ്ങുന്നുണ്ടെങ്കിൽ അതിൽ ചേർക്കാവുന്ന വിധത്തിൽ അവ വ്യക്തവും ശക്തവുമാണ്. "കറുത്ത കാലത്ത് കവിയെന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കായുള്ള പ്രകടനപത്രിക" എന്നാണ് പുസ്തകത്തിന് അവതരികയെഴുതിയ ശ്രീ രാജേഷ് ചിത്തിര ഇതിന്റെ ഒന്നാമത്തെ കവിതയെപ്പറ്റി പറയുന്നത്. മറ്റു പല കവിതകളിലും കവി തന്റെ ഈ പ്രകടനപത്രികയെ വിവിധ നയപ്രഖ്യാപനങ്ങളിലൂടെ നവീകരിക്കുന്നുണ്ട്.
ഇത് വ്യക്തമാക്കാൻ കവിതകളിൽ നിന്ന് കുറച്ചു വരികൾ ഇവിടെ അടയാളപ്പെടുത്തുന്നു.
"കവിത തേൻകുടമല്ല. കാതിലേക്കിറ്റിച്ചു തരുമെന്ന് കരുതി നീ കാത്തിരിക്കേണ്ട.
കവിത ദേശസ്നേഹ ദുന്ദുഭിയിലുണരുന്ന കപടബോധ്യത്തിൽ ചിരിക്കുന്ന ബുദ്ധനല്ല."
"കവിതയിൽ മുലയറ്റ പെണ്ണുങ്ങൾ വന്നുനിന്നലറും , തലയറ്റ തെയ്യങ്ങൾ കൈകോർത്തു നിറയും. മരവിച്ച കുഞ്ഞുങ്ങൾ ശൂലമുനയിൽ നൃത്തമാടും. കാറ്റിന്റെ ചിറകുകളിൽ മാനവവേദം തളിർക്കും."
"കവിത, അത് ചാരമാണ്. മഞ്ചലിലെയജ്ഞത സീതയായ് വീണ്ടും പിറക്കുവോൾ."
"കവിയല്ലാത്ത അയാൾ തന്നെ സ്വയം ഒരു കവിതയായ് വിവർത്തനം ചെയ്യപ്പെടും".
എന്താണ് ശിവപ്രസാദിന്റെ കവിത എന്ന് ഒരൊറ്റ വരിയിൽ പറഞ്ഞാൽ പറഞ്ഞാൽ "പ്രാണൻ കൊണ്ട് പന്തം കൊളുത്തുക." എന്നായിരിക്കാം അദ്ദേഹം പറയുക.
പല സമകാലീന സംഭവങ്ങളോടുമുള്ള ശിവപ്രസാദിന്റെ പ്രതികരണങ്ങളാണ് ഈ പുസ്തകത്തിൽ പ്രബലമായ രണ്ടാമത്തെ വിഭാഗം. മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ എഴുതിയിരിക്കുന്നു, "പുരോചനൻ, ഉമയും ജാസ്മിനും ഒരു സത്യകഥ' തുടങ്ങിയ കവിതകളിൽ നമ്മുടെ ക്രൂരകാലം അതിന്റെ എല്ലാ നിർദ്ദയതയോടും വ്യസനത്തോടും വൈരുദ്ധ്യത്തോടും കൂടി ആവിഷ്കാരം കണ്ടെത്തുന്നു." ഈ വിഭാഗത്തിൽ പെട്ട നല്ല ഒന്നാന്തരം കവിതകൾ ഈ പുസ്തകത്തിൽ നമുക്ക് കാണാൻ സാധിക്കും. അതെ സമയം ഏറെ വൈകാരികമായാണ് കവി ഈ വിഷയങ്ങളെ സമീപിച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ അമിതമായ രാഷ്ട്രീയം അരാഷ്ട്രീയമാവുന്നതിനോടടുത്തെക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. എങ്കിലും വായനക്കാരെ വൈകാരികമായി സ്വാധീനിക്കാൻ അവയ്ക്കുള്ള കഴിവിന്റെ ബലത്തിൽ അവ അവരെ ഒന്നാകെ ഇളക്കി മറിക്കുന്നതിൽ വിജയിക്കുന്നു. "സാംസ്കാരിക പ്രവർത്തനത്തിന്റെ കാന്തവലയത്തിൽ പെട്ട അഴിക്കുള്ളിൽ അപമാനിതനായി ഒരു കവിയുടെ ഊർജസ്രോതസ്സ് മുഴുവൻ കവിതകളിലും വായിച്ചെടുക്കാം." "ഈ സമാഹാരത്തിലെ കവിതകൾ രാഷ്ട്രീയ ലാവണ്യത്തിന്റെ നക്ഷത്ര ചിഹ്നങ്ങളാണ്." എന്ന് കുരീപ്പുഴ ശ്രീകുമാർ എഴുതുന്നത് അന്വർഥമാക്കുന്നതാണ് ഈ കവിതകൾ.
ചില മികച്ച വരികളെ ഓർമപ്പെടുത്തുന്നു.
"കുരുജനാധിപത്യ സ്മാർട്ട് ഫോണിൽ വിദേശ ആപ്പിലേക്ക് കയറി ഇന്നത്തെ സ്പെഷ്യൽ പിസ എനിക്കും അവൾക്കും വെജ്, മക്കൾക്കെല്ലാം ബീഫും നാല് സെറ്റ് ഓർഡർ ചെയ്ത് ഞാനൊരു ദീർഘനിശ്വാസം വിട്ടു."
"തൊവരിമല ഒരു മലയല്ല. കാടിളക്കി വരുന്ന അസഹ്യരിൽ കാറ്റ് ഞാണേറ്റിയിട്ടുള്ള അദൃശ്യമായ ആഗ്നേയമാണ്."
"കറുത്തവനെന്ന കടമ്പ തീർത്തിട്ട് കടുത്ത ബുദ്ധിതൻ കൊടുവാൾത്തുമ്പിനാൽ ബലി കൊടുത്തതാം നുണപ്രതാപങ്ങൾ നിനക്കറിയാത്ത കഥകളാകുമോ?
ദളിതനെന്നയീ കടൽ-നദീമുഖം വിളിക്കുമ്പോൾ മോക്ഷപ്രളയമാവുക."
"മതമില്ലാത്ത ലോകത്തിനു വേണ്ടി കൊല്ലപ്പെട്ടവരുടെ ജാഥ നക്ഷത്രങ്ങൾക്കുമേൽ അണിനിരന്നു. അതിനെ അഭിമുഖീകരിച്ച ദൈവാത്മാവ്, മൂന്നാംലിംഗക്കാർക്കു വേണ്ടി താൻ പുതുതായി സൃഷ്ടിച്ച മതമാണ് ഇനി നയിക്കുകയെന്ന് അർഥശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിച്ചു." ഇത് പോലെ ചില കവിതകളിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ നേരിട്ട് വായനക്കാരനോട് പറയുന്ന രീതി പലയിടത്തും കാണാൻ കഴിയും. "മണലൂറ്റും മറുതകളെ, മലതോണ്ടും പരിഷകളേ, ചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം മണ്ണിത് പാഴ്മരുഭൂവായ്ത്തീരും മുമ്പേ മരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ." ഇത് മറ്റൊരു ഉദാഹരണം.
"എങ്ങനെയാണ് ഇരുളിന്റെ മേഘം പ്രഭാതത്തിന്റെ പ്രശാന്തതയുള്ള താഴ്വരയെ വിഴുങ്ങുന്നത്?
യഥേഷ്ടം യാത്ര ചെയ്തിരുന്ന മനുഷ്യർ വിവസ്ത്രരെപ്പോലെ വിറച്ച് പരിശോധിക്കപ്പെടുന്നത്?
ഏതോ ദുര്മന്ത്രവാദിയുടെ വിരൽത്തുമ്പിലേക്ക് പാഞ്ഞ് ഒരുനാട് ചിതറിപ്പോകുന്നത്?" ഇങ്ങനെ കാലത്തിനാവശ്യമായ നിതാന്തജാഗ്രതയും ഈ പുസ്തകത്തിന്റെ മുഖമുദ്രയാണ്.
മികച്ച കവിതകളുടെ ദർശനമായി തന്റെ പ്രകടനപത്രികയ്ക്ക് യോജിച്ച വിധം എഴുതിയ സർവ്വകാലീനപ്രസക്തമായ കവിതകളാണ് മൂന്നാമത്തെ വിഭാഗം. "ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ കരയാനായി ഒരു വാക്ക് കരുതിവയ്ക്കുന്ന ജാഗ്രത തന്നെയാണ് ഈ കവിതകളെ പ്രസക്തമാകുന്നത്." എന്ന് കവി വീരാൻകുട്ടി എഴുതിയത് അന്വർത്ഥമാക്കും വിധം മികച്ച കവിതകൾ ഈ വിഭാഗത്തിൽ നമുക്ക് വായിക്കാം. വരുന്ന പുസ്തകങ്ങളിൽ ഇത്തരം കവിതകളെ കൂടുതലായി വായനക്കാർ പ്രതീക്ഷിക്കും എന്ന് ഉറപ്പിക്കും വിധം മികച്ച കവിതകളാണവ.
" അംഗവസ്ത്രങ്ങളെല്ലാം അഴിച്ചാൽ നീയെന്ന നിശ്ചലത കനലാകും. തലച്ചോറിൽ ഒരു ചിലങ്ക കിലുങ്ങും. ഹൃദയത്തിൽ തടാകം ശ്വസിക്കും." നോക്കുക! ഓരോ വരിയിലും ജീവിതം ശ്വസിക്കുന്ന, കവിത മിടിക്കുന്ന, ഘനമുള്ള വരികൾ കൊണ്ടാണവ ചേർത്ത് വെച്ചിരിക്കുന്നത്.
'ഒരു കെട്ട് പ്രേമലേഖനങ്ങൾ അഴിച്ചു വെച്ച വരമ്പിൽ ഇരണ്ടപ്പക്ഷികൾ ശരങ്ങളായി പെയ്തുവീണു ചിലച്ചു. പരിഭവങ്ങളുടെ ശിശിരം, പൊട്ടിത്തെറിക്കലിന്റെ ഗ്രീഷ്മം, അലിവിന്റെ ഹേമന്തം, പ്രണയത്തിന്റെ വസന്തം എല്ലാം മനസ്സിന്റെ മഞ്ഞു പാളികളിൽ ചോരത്തുള്ളികൾ ഉറഞ്ഞ തീയക്ഷരങ്ങളായി തെളിഞ്ഞു."
"കൊടുക്കാൻ മറന്നു പോയ നൂറ്റൊന്ന് സാന്ത്വനങ്ങൾ...കീശയിൽ പരതി ഒരു വാർദ്ധക്യം. ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ ബ്ലൂടൂത്തിൽ കോർക്കപ്പെട്ട കൗമാരം. തെയ്യചിലമ്പിന്റെ മിന്നലൊളി ചിതറിച്ച് വേഷമഴിച്ചു വെച്ച ഒരു വയനാടൻ കുലവൻ."
"കണ്ണുകെട്ടി കരൾ മോഷ്ടിക്കുന്ന വിദ്യയെ സിനിമയെന്ന് വിളിച്ചതാരാണ്? ആരുടെ കൈകളാണ് സിനിമയെ കലാപം ചേർത്ത് ഇങ്ങനെ അലസമായും കഠിനമായും ജീവിതത്തിൽ കോർത്തു വെച്ചത്?"
"അടിമുടി നഗ്നയാക്കപ്പെട്ട, കെട്ടിയിടപ്പെട്ട ഏതൊരു മരവും ഒന്ന് ചീറാതിരിക്കില്ല."
"മരങ്ങളുടെ ജാഥയേറ്റ് കൊല്ലപ്പെടുന്ന വാളുകളുടെ കഥ വരും കാലങ്ങളിലുണ്ട്."
ഇങ്ങനെ ശിവപ്രസാദിന്റെ പേന അക്ഷരങ്ങളെ മന്ത്രികസ്പര്ശത്താലെന്നപോലെ വിപ്ലവത്തിന്റെ പടവാളാക്കി മൂർച്ച കൂട്ടുന്നുണ്ട്. അതെ സമയം തന്നെ സുന്ദരമായി പദങ്ങളെ ചേർത്ത് ശീലുകളുടെ മാസ്മരികത വരച്ചു കാട്ടുന്നുമുണ്ട്. "നല്ലോർമ്മകൾ സുല്ല് പറഞ്ഞെങ്ങു മറഞ്ഞു? നമ്മിലെ നാമെങ്ങനെയാ നന്മ മറന്നു?" എന്ന് എഴുതിയ കവിയുടെ വാക്ചാതുര്യത്തിന് കൂടുതൽ തെളിവ് വേണ്ടതില്ലല്ലോ. അവയിൽ സന്ദേശങ്ങളുടെ ഉപ്പ് കലർത്തി മരിക്കാത്ത കോശങ്ങളാക്കി അവയെ നില നിർത്തുവാൻ ശ്രമിക്കുന്നവയാണ് ഈ കവിതാസമാഹാരത്തിലെ ഭൂരിഭാഗം കവിതകളും.
ഈ സമാഹാരത്തിൽ എനിക്ക് പ്രിയപ്പെട്ട കവിതകൾ -
മരിക്കാത്ത കോശങ്ങളുടെ സംഗീതം
പുരോചനൻ= ചില തരം നിലവിളികൾ
ദളിതചന്ദ്രിക
ചാരം
മൗനബുദ്ധൻ
അരം... വാൾ... മരം...
വികർഷണം, തേടി വരാത്ത കൂട്ടുകാർ, രൗദ്രം, ഭയം എന്നീ കവിതകൾ എനിക്ക് മറ്റുള്ളവയെപ്പോലെ ആസ്വദിക്കാനായില്ല.
കവിത പുസ്തകം വായിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും കവി ചോദിച്ച ചോദ്യം ഇപ്പോഴും മനസ്സിനെ ഇളക്കി മറിക്കുന്നു. "ഭാഷയുടെ ഭൂപടം കടലെടുക്കുമ്പോൾ നിനക്ക് കരയാൻ ഏത് വാക്കാണ് കൂട്ടുള്ളത്?" കവിത വിജയിക്കുന്നു. കവിയും.
മരിക്കാത്ത കോശങ്ങളുടെ സംഗീതം - പി ശിവപ്രസാദ്
പ്രസാധനം - ലോഗോസ്
പേജ് - 102, വില 120 രൂപ