advertisement
Skip to content

കനേഡിയൻ പ്രവാസിയായ നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ എന്ന നോവൽ റിവ്യൂ

"മരം നിറുകയിൽ നിന്നും ഭൂമിയിലേക്ക് കൊഴിച്ചിട്ടാൽ പിന്നെ ഇലകൾക്ക് ഒന്നിനെയും പേടിയില്ല. അതിലും വലിയ ചതി എന്താണ്? കരിയിലയായിക്കഴിഞ്ഞാൽ പിന്നെ എന്തപകടത്തെയാണ് പേടിക്കേണ്ടത്?"

ഷാർജ പുസ്തകോത്സവത്തിൽ നിന്ന് വാങ്ങിയ പുസ്തകങ്ങളുടെ വായന ആരംഭിച്ചു. ഇത്തവണത്തെ ഉത്ഘാടനം നടത്തിയിരിക്കുന്നത് കനേഡിയൻ പ്രവാസിയായ നിർമ്മലയുടെ (Nirmala Nirmala) മഞ്ഞിൽ ഒരുവൾ എന്ന നോവൽ വായിച്ചു കൊണ്ടാണ്. തുടക്കം കിടുക്കി. ഒന്നാന്തരം നോവൽ എന്ന് സംശയലേശമെന്യേ പറയാവുന്നത്. നിർമ്മലയുടെ പാമ്പും കോണിയും എന്ന നോവൽ നേരത്തെ വായിച്ചിരുന്നു. കാനേഡിയൻ പ്രവാസത്തെ ഇത്രയേറെ നന്നായി അവതരിപ്പിക്കുന്ന മറ്റൊരു നോവൽ ഞാൻ ഇത് വരെയും വായിച്ചിട്ടില്ല. എന്നാൽ, മഞ്ഞിൽ ഒരുവളിലേക്ക് എത്തുമ്പോൾ നിർമ്മല എഴുത്തിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നു. മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്ന് എന്ന് പറയാവുന്ന വിധം മികച്ചത്.

കൺസ്ട്രക്ഷൻ കമ്പനി ഡയറക്ടറായ അശ്വിനിയുടെ ഒരു വർഷത്തിൽ കുറഞ്ഞ ജീവിതകാലമാണ് നോവലിൽ പറയുന്നത്. ഒരു മഞ്ഞുകാലം കഴിയാൻ കാത്തു നിൽക്കുന്ന സമയത്താണ് അശ്വിനി തന്റെ മുലയിൽ അരിമണിയോളം വലിപ്പമുള്ള ഒരു തടിപ്പ്‌ ശ്രദ്ധിക്കുന്നത്. സ്തനാര്ബുദത്തിന്റെ സാദ്ധ്യതകൾ അവളുടെ ദിവസങ്ങളെ ആകുലത നിറഞ്ഞതാക്കുന്നു. ഒടുവിൽ രോഗം സ്ഥിരീകരിക്കുകയും അനിവാര്യമായി മുല നീക്കം ചെയ്യുകയും ചെയ്യുന്നു. കമ്പനിയിൽ നിന്ന് അശ്വിനി അവധിയിലാണ്. ഭർത്താവ് മോഹൻ തന്റെ ഉദ്യോഗത്തിന് മുൻ‌തൂക്കം കൊടുക്കുകയും രോഗിണിയായ ഭാര്യയ്ക്ക് ശ്രദ്ധയോ പരിഗണനയോ സാന്ത്വനമോ കൊടുക്കാൻ ശ്രദ്ധയില്ലാത്തവനുമാണ്. രോഗമില്ലാത്ത അശ്വിനിയെ അയാൾ സ്നേഹിച്ചിരുന്നു. അയാൾക്ക് രോഗമില്ലാത്ത അശ്വിനിയെയേ സ്നേഹിക്കാൻ പറ്റൂ. മകൾ കീർത്തന ഒരു ഡോക്റിനു പഠിക്കാൻ എൻട്രൻസ് ഒരുക്കത്തിലാണ്. അവധി മാസങ്ങളിൽ ജോലി ചെയ്താണ് അവൾ പഠനത്തിനുള്ള പണം കണ്ടെത്തുന്നത്. പഠനത്തിന്റെ ഭാരത്തിൽ അവൾക്ക് അമ്മയുടെ കൂടെ ചിലവഴിക്കാൻ സമയമില്ല. രന്ന എന്ന് 'അമ്മ ഓമനപ്പേരിൽ വിളിക്കുന്ന കീർത്തന അമ്മയോട് ഏറെ സ്നേഹവും കരുതലുമുള്ളവളാണ്. പക്ഷെ പഠനത്തിന്റെ ഭാരം അവളെ അമ്മയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ നിന്ന് തടയുന്നു. വീഡിയോ ചാറ്റ് ചെയ്യാൻ പോലും അവൾക്കിപ്പോൾ സമയമില്ല. അശ്വിനിയുടെ പൊങ്ങച്ചക്കാരികളായ കൂട്ടുകാരികൾ അശ്വിനിയെ ഒഴിവാക്കിയാണ് ഇപ്പോൾ കറക്കം. രോഗം ഭേദമായിട്ടും ഒറ്റപ്പെടൽ മാറ്റമില്ലാതെ തുടരുന്നു. രോഗത്തിന്റെ ഭീകരതയെക്കാൾ, അത് ഉണ്ടാക്കുന്ന ശാരീരിക മാനസീക പ്രശ്നങ്ങളെക്കാൾ വീട്ടിലും തൊഴിലിടത്തും സുഹൃത്തുക്കൾക്കിടയിലും അശ്വിനി നേരിടുന്ന ഒറ്റപ്പെടൽ അവളെ തിരിച്ചറിവിനാൽ ശക്തയാക്കുകയും സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ തുറന്നു കൊടുക്കുകയും ചെയ്യുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

സാധാരണമെന്ന് തോന്നാവുന്ന ഒരു ഇതിവൃത്തത്തെ മികച്ചതായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് മഞ്ഞിൽ ഒരുവളുടെ മികവ്. എളുപ്പത്തിൽ വായിച്ചു പോകാവുന്ന നോവൽ എന്ന് നിസ്സംശയം പറയാം. അതെ സമയം അത്തരം ടാഗ് ലൈനുകളോടെ വരുന്ന പുസ്തകങ്ങൾക്ക് പോകാൻ പറ്റാത്തത്ര ആഴങ്ങളിലേക്ക് ഈ നോവൽ വായനക്കാരെ കൊണ്ട് പോകുന്നുമുണ്ട്.

മഞ്ഞ്, കാറ്റ്, മരം, ഇല എന്നിങ്ങനെ ബിംബങ്ങളുടെ സഹായത്താൽ സമാന്തരമായാണ് കഥ പറച്ചിൽ. പൊള്ളയായ ശുഭചിന്തകരുടെ വിടുവാക്കുകളെ കണക്കിന് ശകാരിക്കുന്നുണ്ട് എഴുത്തുകാരി. റോബിൻ ശർമ്മ ഈ നോവൽ വായിക്കാതിരിക്കട്ടെ. പ്രവാസ സാഹിത്യത്തെ മുക്കിലിരുത്താൻ ശ്രമിക്കുന്നവർക്കെതിരെയും നോവലിസ്റ്റ് തന്റെ അരിശം പറഞ്ഞു തീർക്കുന്നുണ്ട് ഈ നോവലിൽ. "ഹെമിങ്‌വേയെപ്പോലെ എഴുതണമെന്ന് പറഞ്ഞിട്ട് അദ്ദേഹം തിന്നുന്ന ടോസ്റ്റ് തിന്നാൽ മലയാളിയല്ലാതെയായിപ്പോവും എന്ന് പറയുന്നത് തെറ്റല്ലേ സർ?"

മുല എന്ന് പറയുന്നത് പോലും അശ്ലീലമാണെന്ന് കരുതുന്ന സമൂഹത്തിന് നേരെ അശ്വിനി ചിന്തിക്കുന്നതിങ്ങനെ. "ക്യാൻസർ എന്ന് പറയുന്നതിനേക്കാൾ ബുദ്ധിമുട്ട് മുല എന്ന് പറയുന്നതിനാണ്. ബ്രെസ്റ് തന്നെ ബെസ്റ്റ്. രോഗം വന്നാലും ചീഞ്ഞു പൊട്ടിയൊഴുകിയാലും മുല അശ്ളീലമാണ്. മുലയെന്നാൽ കാമോപാധി മാത്രമാണ്. സ്തനാർബുദം എന്ന അച്ചടിവാക്കായാലോ?"

"മരം നിറുകയിൽ നിന്നും ഭൂമിയിലേക്ക് കൊഴിച്ചിട്ടാൽ പിന്നെ ഇലകൾക്ക് ഒന്നിനെയും പേടിയില്ല. അതിലും വലിയ ചതി എന്താണ്? കരിയിലയായിക്കഴിഞ്ഞാൽ പിന്നെ എന്തപകടത്തെയാണ് പേടിക്കേണ്ടത്?"

"കാറ്റ് മരത്തിനെ ചുഴറ്റി തണ്ടിൽ പിടിച്ചു വലിച്ചു. മഞ്ഞിനെ ഒരില പോലും കാണിക്കില്ല. ചുവന്ന കായ ഒന്നുപോലും ബാക്കി വെയ്ക്കില്ലെന്ന വാശിയിൽ നിഷേധിക്കാറ്റ് ശിഖരങ്ങൾക്കിടയിൽ കൈയെത്തി എല്ലാം പറിച്ചെറിഞ്ഞുകൊണ്ടിരുന്നു."

"കാനഡയിലെ കുട പോലെയാണ് കെട്ട്യോന്മാർ. ഒരു ചന്തത്തിന് കൊണ്ട് നടക്കാം. ശക്തിയായിട്ടൊരു മഴയോ കാറ്റോ വന്നാല്പിന്നെ സംരക്ഷണം എന്ന ഉപയോഗം ഇല്ലാതാവും."

പ്രവാസത്തിന്റെ ഏകാന്തത ഈ നോവലിന്റെ ഒരു പ്രധാന അന്തർധാരയാണ്. ഒന്നിനും നേരമില്ലാതെ, ആരെയും പരിഗണിക്കാൻ കഴിയാതെ എല്ലാം തനിക്കായി സ്വരുക്കൂട്ടാൻ തത്രപ്പെടുന്ന വ്യക്തികളുടെ കൂട്ടം.

അശ്വിനിയുടെ മനസ്സിലൂടെ / കാഴ്ചപ്പാടിലൂടെ മാത്രമാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത് ഈ നോവലിന്റെ പ്ലസും മൈനസുമാണ്. ആസ്വിനിയുടെ മനസ്സ് വിഹ്വലമാണ്. അവളുടെ സ്വയം ഭാഷണങ്ങളാണ് അവളുടെ മനസ്സ് കാണാൻ നമ്മെ സഹായിക്കുന്നത്. സമൂഹം പറഞ്ഞു കൊടുത്ത ചിന്താഗതികൾ പലരുടെ രൂപത്തിലും അവളുടെ ഉള്ളിൽ അവളെ നിയന്ത്രിക്കുകയാണ്. ഇത് ഒരു കമ്പ്യൂട്ടർ പ്രോഗ്രാം പോലെ നമ്മെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് വിവരിക്കുന്നുണ്ട് നോവലിസ്റ്റ്.

തീവ്ര ഫെമിനിസത്തിന്റെ വേരുകളാണ് ഈ നോവലിന്റെ തായ്ത്തടിയെ താങ്ങി നിർത്തുന്നത്.

"പിന്നോട്ട് മാത്രം കെട്ടിവലിച്ചുകൊണ്ടുപോകുന്ന പഴങ്കഥകൾക്ക് ഒരു പെണ്ണുമാത്രം കൂട്ടിരിക്കുന്നതെന്തിനാണ്? ജീവനുവേണ്ടി മുല പണയപ്പെടുത്താമെങ്കിൽ ജീവിതം കാർന്നു തിന്നുന്ന എല്ലാ ക്യാന്സറുകളെയും മുറിച്ചും കരിച്ചും വിഷം കുടിച്ചും ഇല്ലാതാക്കുന്നതും തെറ്റല്ല. ചില നല്ല കോശങ്ങളും ആ കൂട്ടത്തിൽ നഷ്ടമായേക്കാം. പക്ഷെ ജീവിതമല്ലേ വലുത്? ഒരാൾക്ക് സ്വന്തമായ ജീവിതം?"

"ആണില്ലാതെ അതിജീവിക്കാൻ പാടില്ലാത്ത വിധത്തിൽ പുരുഷന്മാർ മെരുക്കിയെടുത്ത ഒരു സമൂഹത്തിലെ അഡ്ജസ്റ്റ്മെന്റ്. മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കാൻ എനിക്കിനി സാധ്യമല്ല. ആയിരം പുരുഷന്മാരും ഒരുപാടു വർണ്ണങ്ങളും നിറഞ്ഞ ലോകത്തെ എനിക്കു ഭയമില്ല" എന്ന നിർഭയത്വത്തിലേക്കാണ് അശ്വിനിയുടെ ചിന്തകൾ കാറിനെ പറപ്പിക്കുന്നത്.

"ഒരുവൾ ഒരുമ്പെട്ടാൽ എന്നങ്ങു സ്തംഭിച്ച് ഒരു സദാചാരക്കാറ്റ് നിശ്ചലം നിന്നു." എന്ന മികച്ച വാചകത്തിലാണ് നോവൽ അവസാനിക്കുന്നത്.

മലയാളം ആഖ്യാനത്തിനിടയിൽ ഇംഗ്ലീഷ് ഇടയ്ക്ക് കയറി വരുന്നു എന്നത് ഒരു തടസ്സമായി കണ്ടില്ലെങ്കിൽ അംഗീകാരങ്ങൾ അർഹിക്കുന്ന ഒരു മികച്ച മലയാള നോവലാണ് നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest