advertisement
Skip to content

ഇന്ത്യൻ ഭരണഘടന ആദ്യം കളറിൽ അച്ചടിച്ചതിനു പിന്നിൽ മലയാളീ.

ന്യൂയോർക്ക് : ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75 - മത് വാർഷികം ആഘോഷിക്കുന്ന ഈ നാളുകളിൽ അത് ആദ്യം കളറിൽ അച്ചടിച്ചതിന്റെ പിന്നിൽ മലയാളീയായ കുമ്പനാട് ഊര്യപ്പടിക്കൽ പരേതനായ തോപ്പിൽ ടി.എൻ നൈനാൻ ആണ് നേതൃത്വം നൽകിയത്.

ഭരണഘടന അംഗീകരിച്ചതിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് 1959 ലാണ് കളർ അച്ചടിക്ക് ഇന്ത്യാ ഗവൺമെന്റ് തീരുമാനം എടുക്കുന്നത്. ഈ നാളിൽ ഡൽഹി ഇന്ത്യ ഗവ. പ്രസിൽ വർക്സ് മാനേജരായി പ്രവർത്തിച്ചിരുന്ന ടി.എൻ നൈനാനെ കൊളംബോ പ്ലാൻ പദ്ധതി പ്രകാരം രണ്ടു വർഷത്തേക്ക് ഇംഗ്ലണ്ടിൽ സാങ്കേതികവിദ്യ പഠിക്കുവാനായി ഇന്ത്യാ ഗവൺമെന്റ് അയച്ചു. തുടർന്നാണ് ഭരണഘടന കളറിൽ അച്ചടിക്കുന്നത്.

കൊൽക്കത്ത, ഷിംല, നാസിക്ക് തുടങ്ങി പല ഗവ.പ്രസുകളിലും ഉന്നത പദവികളിൽ ജോലി ചെയ്ത ടി.എൻ നൈനാൻ 2013 ൽ തൊണ്ണൂറ്റി അഞ്ചാം വയസ്സിലാണ് അന്തരിച്ചത്. ഭാര്യ കുറിയന്നൂർ പൂവണ്ണുനിൽക്കുന്നതിൽ അന്നമ്മയാണ്.

പിതാവിനെ പോലെ മക്കളും പ്രശസ്തരാണ്. മകൻ ടി.എൻ നൈനാൻ ജൂനിയർ ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനും, ബിസിനസ്‌ സ്റ്റാൻഡേർഡ് സ്ഥാപക ചെയർമാനും, എഡിറ്ററുമാണ്. അമേരിക്കയിൽ ആയിരിക്കുന്ന ഡോ. ഫിലിപ്പ് ടി. നൈനാൻ പ്രശസ്തമായ ജോർജിയായിലെ എമോറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ സൈക്യാട്രി ആൻഡ് ബിഹേവിയറൽ സയൻസ് പ്രൊഫസറും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ ട്രീറ്റ്മെന്റ് അസസ്മെന്റ് റിവ്യൂ കമ്മിറ്റിയുടെ ആദ്യക്ഷനും, അനേക മെഡിക്കൽ സയന്റിഫിക് ജേർണലുകളുടെ രചയിതാവുമായിരുന്നു.

അറ്റ്ലാന്റായിൽ ആയിരിക്കുന്ന ഇളയ മകൻ എബ്രഹാം ടി. നൈനാൻ കൊക്ക - കോള കമ്പനിയുടെ ഇന്റർനാഷണൽ എക്‌സിക്യൂട്ടിവ് ആയിരുന്നു. 1993 ൽ ഇന്ത്യയിൽ കൊക്ക-കോള കമ്പനി വീണ്ടും പുനംസ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മാർത്തോമ്മ സഭയുടെ അറ്റ്ലാന്റായിലെ കാർമ്മേൽ മാർത്തോമ്മ സെന്ററിന്റെ ഗവേർണിംഗ് ബോർഡ് അംഗവും, അറ്റ്ലാന്റാ മാർത്തോമ്മ ഇടവക ക്വയർ ഡയറക്റ്ററുമാണ്.

മാരാമണ്ണിൽ താമസിക്കുന്ന റിട്ട.അധ്യാപികയായ ഏക മകൾ സാറാമ്മ വലിയപറമ്പിൽ അന്ന് പിതാവിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ഭരണഘടനയുടെ കളർ കോപ്പി 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും ഉണക്കിയെടുത്ത് അമൂല്യനിധിയായി ഇപ്പോഴും സൂക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest