ഉഷ സുധാകരൻ
ഓപ്പോളെന്താവും ഇപ്പോൾ ആലോചിക്കുന്നുണ്ടാവുക. ജനലിന്നിടയിൽ ദൃഷ്ടി ഒരേ സ്ഥലത്തേക്ക് തന്നെ പതിപ്പിച്ചിതെത്ര നേരായി ഈ നില്പു നിൽക്കുണൂ ഓപ്പോള്. ഒരുകാലത്ത് ആ മനസ്സിലൂടെ പായണ എല്ലാ കാര്യങ്ങളും തനിക്കറിയാമായിരുന്നു.
"ഓപ്പോളെന്താ നോക്കണ് ?
"രചന ടാക്കീസിലിപ്പോ വച്ച പാട്ട് ഏത് സിനിമയിലേയാ ജാനൂ "?
" രചന തിയേറ്ററ് നാട്ടിലല്ലേ ഓപ്പോളേ, അതുമല്ല തിയേറ്ററ് പൂട്ടിയിട്ടെത്ര കാലായി?"
"ഇന്ന് കാവില് തുള്ളല് കാണാൻ പോവുമ്പോൾ വേഷ്ടിയും മുണ്ടും ചുറ്റണോ, അതോ സാരി ഉടുക്കണോ?"
" നമ്മളിവിടെ ആശുപത്രിയിലല്ലേ ഓപ്പോളേ?"
" ഇന്നുച്ചക്ക് ഉണ്ണിക്കുട്ടനെ സ്കൂളിൽ വിളിക്കാൻ പോണ്ടേ ജാനൂ "?
ഉത്തരമൊന്നും ഉരിയിടാതെ പുറത്തേക്ക് ദൃഷ്ടി പായിച്ച് നില്ക്കണ ഓപ്പോളേ പതുക്കെ പിടിച്ചു കൊണ്ട് വന്ന് മടിയിൽ കിടത്തി തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് ജാനു ഓർത്തു, അമ്മടെ മടിയില് കിടക്കാൻ ഭാഗ്യല്ലാതിരുന്ന എനിക്ക്ഓ പ്പോൾടെ മടിയായിരുന്നു സ്വർഗ്ഗമായിരുന്നത്. ഇന്നാ സ്വർഗ്ഗമതാ മനസ്സിലെ ചിന്തകൾക്ക് മാറാലപിടിച്ച് തന്റെ മടിയിൽ. ജാനുവിന്റെ മനസ്സുരുകി വീണ കണ്ണീർ ഓപ്പോളുടെ കവിളിൽ തട്ടി താഴെ ചിതറി...
ഉഷ സുധാകരൻ✍️