മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്/പന്തളം: വിധിയുടെ കൂരമ്പേറ്റ് ചലനശേഷി ഇല്ലാതെ ജീവിത യാത്രയിൽ പ്രത്യാശ നഷ്ട്ടപ്പെട്ട നൂറ് ജീവിതങ്ങൾക്ക് ഇനി സ്വപ്ന സാക്ഷാത്കാരത്തിൻറെ സന്തോഷ ദിനങ്ങൾ. അപ്രതീക്ഷിതമായി വിവിധ അപകടങ്ങളിൽപ്പെട്ടും ക്ഷണിക്കപ്പെടാത്ത അതിഥിയായി ജീവിതയാത്രയിൽ പിടിവിടാതെ ശരീരത്തിൽ കടന്നു കൂടിയ രോഗങ്ങളാലും കാലുകൾ നഷ്ട്ടപ്പെട്ട് മുമ്പോട്ടുള്ള ജീവിതം വഴിമുട്ടി നിന്ന നൂറു പേർക്കാണ് കഴിഞ്ഞ ദിവസം സൗജന്യ കൃത്രിമക്കാലുകൾ നൽകി "ലൈഫ് ആൻഡ് ലിംബ്‌സ്" എന്ന സ്ഥാപനം ജനഹൃദയങ്ങളെ കീഴടക്കിയത്. പന്തളം കുരമ്പാലയിലുള്ള ഈഡൻ ഗാർഡൻസ് കൺവെൻഷൻ സെന്ററിൽ വച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഡിസംബർ 21 ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് നൂറു പേർ കൃത്രിമ കാലുകൾ വച്ച് തങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് ചുവട് വച്ചപ്പോൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചവരുടെ ജീവിതത്തിലും സന്തോഷത്തിൻറെ ഹൃദയ സ്‌പന്ദനം അനുഭവിച്ച നിമിഷങ്ങൾ. ആലപ്പുഴ ജില്ലയിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന "ലൈഫ് ആൻഡ് ലിംബ്‌സ്" എന്ന സ്ഥാപനത്തിന്റെ സാരഥികളായ ന്യൂയോർക്ക് പ്രവാസി ജോൺസൺ സാമുവേലിനും സഹധർമ്മിണി ജോളിക്കും ജീവിത നിർവൃതിയുടെ അനുഗ്രഹീത മുഹൂർത്തങ്ങൾ. ചലന ശേഷി തിരികെ ലഭിച്ചവർക്ക് ജീവിത യാത്ര മുമ്പോട്ട് സുഗമം നയിക്കാമെന്ന പ്രത്യാശാ കിരണങ്ങൾ.
ന്യൂയോർക്കിൽ താമസിക്കുന്ന ജോൺസൺ ശാമുവേൽ (റെജി) എന്ന മനുഷ്യ സ്‌നേഹി കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിൽ കാലുകൾ നഷ്ടപ്പെട്ടവരെ പരസഹായം കൂടാതെ നടക്കുവാൻ സഹായകരമായ കൃത്രിമ കാലുകൾ നൽകുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷമായി ഇരുന്നൂറിലധികം വ്യക്തികൾക്ക് ചലന ശേഷി നൽകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്വന്തം സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ചതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലുമാണ് അത് സാധ്യമാക്കിയത്. അതിനായി "ലൈഫ് ആൻഡ് ലിംബ്‌സ്" (Life and Limbs) എന്ന സ്ഥാപനം തൻറെ ജന്മദേശമായ മാവേലിക്കരയിൽ സ്ഥാപിക്കുവാനും അനേകർക്ക് അതിലൂടെ സഹായം നൽകുവാനും നേരിട്ട് പ്രവർത്തിച്ചു വരുന്നു. പത്താമത് വാർഷികം ആഘോഷിച്ച ഈ വർഷം ഡിസംബർ 21 ശനിയാഴ്ച കാലുകൾ നഷ്ട്ടപ്പെട്ട നൂറ് പേർക്കായി നൂറ്റിപ്പതിനഞ്ചു കൃത്രിമക്കാലുകളാണ് നൽകിയത്. പതിനഞ്ചു പേർ ഇരുകാലുകളും നഷ്ട്ടപ്പെട്ടവരായിരുന്നു. ഒരു കൃത്രിമക്കാലിന് $2,000-ൽ അധികം (രണ്ടായിരം ഡോളറിലധികം - ഏകദേശം രണ്ടു ലക്ഷം രൂപ) ചെലവ് വരുന്ന ജർമ്മൻ നിർമ്മിത ഓട്ടോബൂക് എന്ന കമ്പനിയുടെ ഏറ്റവും ഗുണമേന്മയുള്ള കാലുകളാണ് അർഹതപ്പെട്ടവർക്ക് നൽകിയത്. ന്യൂയോർക്കിലുള്ള വിവിധ മനുഷ്യസ്നേഹികളുടെ സഹായത്തോടുകൂടിയാണ് ഇത്തവണ നൂറ് പേർക്ക് കൃത്രിമക്കാലുകൾ നൽകുവാൻ ജോൺസണ് സാധിച്ചത്.
പുതുപ്പള്ളി എം.എൽ.എ. ചാണ്ടി ഉമ്മൻ, റാന്നി മുൻ എം.എൽ.എ. രാജു എബ്രഹാം, മുൻ മജീഷ്യനും ഡിഫറൻറ് ആർട്സ് സെന്റർ സ്ഥാപകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട്, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ, ഫാദർ ബോബി ജോസ് കുറ്റിക്കാട്ട്, പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്‌കുമാർ , യു.ഡി.എഫ്. പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ, അഡ്വ. എം. വി. ജയഡാലി, ഫൊക്കാന മുൻ പ്രസിഡൻറ് പോൾ കറുകപ്പള്ളി, ന്യൂയോർക്ക് ചാരിറ്റി സംഘടന "എക്കോ" (ECHO)-യുടെ പ്രതിനിധി വർഗ്ഗീസ് എബ്രഹാം (രാജു) തുടങ്ങി സമൂഹത്തിലെ വിവിധ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായി ആശംസകൾ അർപ്പിച്ചു.
"കഴിഞ്ഞ പത്തു വർഷത്തോളം പലർക്കും പുതുജീവൻ നൽകിക്കൊണ്ട് തുടർന്ന് പോകുന്ന ലൈഫ് ആൻഡ് ലിംബ്‌സിലെ എല്ലാ അംഗങ്ങൾക്കും എല്ലാവിധ ഭാവുകകങ്ങളും നേരുന്നു. എല്ലാവരുടെയും ദൈവ പ്രതിരൂപമായ ജോൺസൺ സാമുവേൽ സാറിന് എല്ലാവിധ ഭാവുകകങ്ങളും നേരുന്നു. അതുപോലെ ജോളി മാഡത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു" കൃത്രിമക്കാൽ ലഭിച്ച ഒരു വ്യക്തി തന്റെ മനസ്സിലെ വികാരം പ്രകടിപ്പിച്ചു.
"അപകടത്തിൽ കാല് നഷ്ട്ടപ്പെട്ട് ജീവിതം മുൻപോട്ടു കൊണ്ടുപോകുവാൻ ബുദ്ധിമുട്ടിയപ്പോൾ അറുപത്താമത്തെ വയസ്സിൽ ജീവിതത്തിൽ നടന്നു കയറുവാൻ സ്വപ്നക്കാലുകൾ നൽകിയ ജോൺസൺ സാമുവേൽ സാറിനും, ജോളി മാഡത്തിനും ലൈഫ് ആൻഡ് ലിംബ് പ്രവർത്തകർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നൂറു നൂറു പുഷ്പങ്ങൾ സമർപ്പിക്കുന്നു. ജോൺസൺ സാറിന്റെ ജീവിതം യേശുവിൻറെ പുനർജ്ജന്മം കൂടെ ആകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു". തിരുവനന്തപുരം സിറ്റിയിലെ ഓട്ടോ ഡ്രൈവറായ രാധാകൃഷ്‍ണപിള്ള തന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം വാട്ട്സ്ആപ്പ് വോയിസിലൂടെ ലോകത്തെ അറിയിച്ചു.
അപകടത്തിൽ കാല് നഷ്ട്ടപ്പെട്ട അടിമാലിക്കാരനായ അഭിലാഷും കൃത്രിമക്കാലുകൾ ലഭിച്ചതിന് ശേഷം ലൈഫ് ആൻഡ് ലിംബ് സ്ഥാപകൻ ജോൺസൺ സാമുവേലിനും സഹധർമ്മിണി ജോളിക്കും സഹോദരസ്ഥാപനമായ ഇൻഡോ ലൈറ്റിലെ ടെക്നീഷൻമാർക്കും സ്റ്റാഫ് അംഗങ്ങൾക്കും അവരുടെ സ്നേഹസമൃദ്ധമായ പരിചരണങ്ങൾക്കും നന്ദി പറഞ്ഞു മെസ്സേജുകൾ അയക്കുന്നു. അതുപോലെ കൃത്രിമക്കാലുകൾ ലഭിച്ച് വീണ്ടും ജീവിതത്തിൽ പിച്ചവച്ച് നടക്കുവാൻ സാധിച്ച ധാരാളം പേർ അവരുടെ അനുഭവ സാക്ഷ്യവും ഹൃദയഭാഷയിൽ നന്ദിയും കാലുകൾ ലഭിച്ചതിന് ശേഷം പങ്ക് വച്ചു.
നിരവധി ദിവസങ്ങളിൽ കൃത്രിമക്കാലുകൾ വച്ച് നടക്കുവാനുള്ള പരിശീലനം നല്കിയിട്ടാണ് മറ്റൊരു നൂറു പേരുടെ ജീവിത സാഫല്യത്തിന് പൂർത്തീകരണം ആയത്. അതിനായി സ്ഥാപിച്ച ക്ലിനിക്കൽ ലാബ് ആയ ഇൻഡോ ലൈറ്റിലെ സ്റ്റാഫ് അംഗങ്ങളുടെ നിസ്വാർഥമായ സേവനമാണ് ഈ നൂറു പേരുടെ ജീവിത സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുവാൻ സാദ്ധ്യമാക്കിയത്. അറുപത് വയസ്സിൽ താഴെയുള്ളവർക്കാണ് ഇത്തരം പരിശീലനം നൽകി കൃത്രിമക്കാലുകളിൽ നടക്കുവാൻ അവസരം ഒരുക്കിയത്. ഇനിയും ഇതുപോലെ നൂറു കണക്കിന് പേരുടെ ജീവിതത്തിലേക്ക് പ്രത്യാശാകിരണങ്ങൾ നൽകുവാൻ ജോൺസൺ സാമുവേലിനും കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും സാദ്ധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.