advertisement
Skip to content

നാല്പത് വർഷത്തെ അനുഭവസമ്പത്തുമായി നിങ്ങളോടൊപ്പം ലീലാ മാരേട്ട് (ഉമ സജി)

ലീലാ മാരേട്ട് , നീണ്ട നാല്പത് വർഷങ്ങളുടെ സംഘടനാ പ്രവർത്തന ചരിത്രവും, പാരമ്പര്യ സമ്പത്തും അനുഭവസമ്പത്തും, ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രവർത്തന പരിചയവും ആയി തിളങ്ങുന്ന വ്യക്തിത്വത്തെ അമേരിക്കൽ മലയാളികൾ ഹൃദയത്തിൽ ചേർത്തുവായിയ്ക്കേണ്ട ഒരു വനിതാരത്നം തന്നെ ആണ്. വാക്ചാതുര്യവും നയപരവും ആത്മാർത്ഥവുമായ പ്രവർത്തന ശൈലിയും കൊണ്ട് ആരെയും ആകർഷിക്കുന്ന ലീലാമാരേട്ട് അമേരിക്കൻ മലയീളികൾക്ക് പ്രീയപ്പെട്ടവളാണ്.

ഫെക്കാനയുടെ 2024-2026 വർഷത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ലീലാമാരേട്ട് എന്തുകൊണ്ടും ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിത്വം ആണ്. അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഫൊക്കാനയുടെ തുടക്കം മുതൽ നെടുംതൂണായി നിന്ന് സംഘടനയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി നിരന്തരം പരിശ്രമിച്ചിരുന്നു ലീല മാരേട്ട്. ഫൊക്കാനയുടെ ജീവനും തുടിപ്പുമായ ലീലാ മാരേട്ട് ഫൊക്കാനയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് അരനൂറ്റാണ്ടു പിന്നിട്ട അദ്ധ്യാപക, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ കെട്ടുറപ്പുമായാണ്.

ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജണല്‍ വൈസ് പ്രസിഡന്റ്, നാഷണൽ ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍, ഒർലാണ്ടോ കൺവെൻഷന്റെ നാഷണൽ കോർഡിനേറ്റർ, എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ് അവർ . ഫൊക്കാനയുടെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഒപ്പം അടിയുറച്ചുനിന്ന് സംഘടനയെ ശക്തിപ്പെടുത്തന്നതിലും ശ്ലാഘനീയമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ഫൊക്കാനാ വിമൺസ് ഫോറത്തിലൂടെ സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിച്ചതും, സ്ത്രീകൾക്കുവേണ്ടി ഓർഗൻ ഡൊണേഷൻ രജിസ്റ്റർ ഉണ്ടാക്കിയതും ലീലാ മാരേട്ട് ആണ്. ഇന്ത്യൻ കോൺസുലേറ്റിൽ കേരളപ്പിറവിയുടെ അൻപത് വർഷം ആഘോഷിയ്ക്കാൻ നേതൃത്യം വഹിച്ചതും ലീലാ മാരേട്ട് ആണ്. ഫൊക്കാനയുടെ എക്കാലത്തെയും പ്രവർത്തനങ്ങൾക്കും, സുവനീറുകൾടെയും, ടാലന്റ് മത്സരങ്ങളുടേയും പിന്നിലും ലീലാ മാരേട്ടിന്റെ നിറ സാന്നിദ്ധ്യം ഉണ്ട്. 2022-2024 വർഷത്തെ വാഷിംഗ്ടൺ ഡി സി യിൽ ജൂലെ 18 മുതൽ 20 വരെ നടക്കുന്ന നാഷണൽ കൺവെൻഷന്റെ വൈസ് പ്രസിഡന്റു കൂടി ആണ് ലീലാ മാരേട്ട്.

ഇത്രയേറെ പരിചയസമ്പത്തും സംഘടനാ പാരമ്പര്യവും ഉള്ള ലീലാമാരേട്ടിന് മുൻപ് പലതവണയും അവസാനിമിഷത്തിൽ ഫൊക്കാനയുടെ ദേശീയഅദ്ധ്യക്ഷ സ്ഥാനം കൈവെള്ളയിൽ നിന്നൂർന്നുപോവുകയായിരുന്നു. ഫൊക്കാനയുടെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ശ്രീമതി മറിയാമ്മ പിള്ളയുടെ പിൻഗാമി ആയി ആ സ്ഥാത്തേക്ക് വരേണ്ട ശക്തയായ സ്ത്രീ സാന്നിദ്ധ്യമാണ് ലീലാ മാരേട്ട്.

1981 ൽ അമേരിക്കയിലെത്തിയ ലീല മാരേട്ട് ബ്രോൺക്സ് കമ്യൂണിറ്റി കോളജിൽ അദ്ധ്യപികയായും തുടർന്ന് ന്യൂയോർക്ക് സിറ്റി എൻവയോൺമെന്റൽ ഡിപ്പാർട്ടുമെന്റിൽ മുപ്പത്തിരണ്ടു വർഷം സയന്റിസ്റ്റായും സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. ഔദ്യോഗിക ജോലിയ്ക്കിടയിലും ഉള്ള മികവുറ്റ സംഘടനാപ്രവർത്തനങ്ങൾ ലീല മാരേട്ടിന് അമേരിക്കൻ മലയാളികൾക്കിടയിൽ മാതൃകയാക്കാവുന്ന ഏറ്റവും നല്ല സാമൂഹിക പ്രവർത്തയെന്ന ബഹുമതിക്കു കൂടി അർഹയാക്കി.

അമേരിക്കയിലെത്തിയ ആദ്യനാളുകളിൽ തന്നെ ആരംഭം കുറിച്ച സാമൂഹിക പ്രവർത്തനങ്ങൾ സജീവമാകുന്നത് 1987 ൽ ആണ്. കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ ഓഡിറ്ററായി തുടങ്ങി, ജോയ്ന്റ് സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് ട്രസ്റ്റി ബോർഡ് ചെയർമാൻ, അങ്ങനെ നിരവധി പദവികളിൽ ലീല മാരേട്ട് ശോഭിച്ചു. ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബോർഡ് ചെയർമാൻ, സക്രട്ടറി എന്നീ നിലകളിലും അമേരിക്കയിലെ ഏറ്റവും വലി യൂണിയനായ ഡി സി 37 ന്റെ റിക്കോർഡിംഗ് സെക്രട്ടറി ആയും 18 വർഷം പ്രവർത്തിച്ചു എന്നുള്ളതെല്ലാം ലീലാ മാരേട്ടിന്റെ പ്രവർത്തന മികവിന് തെളിവുകളാണ്. ഇക്കാലത്ത് അമേരിക്കൻ രാഷ്ട്രീയ രംഗത്തുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുകയും, സെനറ്റ് മെമ്പർമാരുമായും, കൗൺസിലറുമാരുമായും ഉള്ള നല്ല ബന്ധങ്ങളുടെ പേരിൽ ഒരുപാട് പേരെ സഹയിയ്ക്കാനും, ഇന്ത്യൻ കോൺസുലേറ്റുമായുള്ള ബന്ധത്തിലൂടെ ഇന്ത്യക്കാരായ ആളുകളെ ലീലഗൽ സ്റ്റാറ്റസ് നേടിയെടുക്കാൻ സഹായിക്കാനും ആരെങ്കിലും മരണപ്പെട്ടാൽ സമയബന്ധിതമായി മൃതദേഹം നാട്ടിലെത്തിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

ഫൊക്കാനയുടെ നേതൃത്വസ്ഥാനത്തെത്തിയാൽ പ്രാദേശിക സംഘടനാ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് കൂടുതൽ തിളക്കമേറിയതും കരുത്തുറ്റതുമായ സ്ഥാനത്തേക്ക് ഉയർത്താൻ കഴിയും എന്ന് ലീലാ മാരേട്ടിന് ഉറപ്പുണ്ട്. ഏതു വിധേനയും ഒരു സംഘടനയുടെ അധികാരം കയ്യടക്കുക എന്നതല്ല, അതിന് തന്റെ ഇത്രയും നാളത്തെ പ്രവർത്തന പരിചയവും, അനുഭവ സമ്പത്തും കൊണ്ട് അർഹതയോടെ എത്തിച്ചേരണം എന്നതാണ് ആഗ്രഹമെന്നും അതിന് കഴിയും എന്നുമാണ് ലീലാ മാരേട്ട് ഉറപ്പു തരുന്നത്. വിജയിച്ചാൽ സ്ത്രീകളും, ചെറുപ്പക്കാരും ഉൾപ്പടെ ഉള്ള അമേരിക്കയിലെയും ക്യനഡയിലേയും മലയാളിസമൂഹത്തെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുകയും, ഓരോ ഫൊക്കാനാ മെമ്പർമാരുടെയും അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കും എന്നും ലീലാ മാരേട്ട് ഉറപ്പു തരുന്നു.

ഫൊക്കാനയുടെ സാഹിത്യപ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കാനും, വരും വർഷങ്ങളിൽ സാഹിത്യത്തെയും സാഹിത്യകാരെയും ഫൊക്കാനയ്ക്കൊപ്പം ചേർത്തുനിർത്താനും പ്രത്യേകം ശ്രദ്ധിയ്ക്കും എന്നും ലീലാ മാരേട്ട് ഉറപ്പിച്ചു പറയുന്നു. ഫൊക്കാനാ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയം ആക്കാനും വരുന്ന രണ്ടുവർഷങ്ങളിലെ പ്രവർത്തനങ്ങൾ മറ്റുള്ള അംഗങ്ങളയുടെ അഭിപ്രായങ്ങളെയും സ്വീകരിച്ച് പ്രത്യേകം ചാർട്ട് ചെയ്ത് പ്രവർത്തിയ്ക്കാനും ലീലാ മാരേട്ട് പദ്ധതികൾ രൂപം ചെയ്യും.

പറയുന്ന കാര്യങ്ങളിൽ ഉറച്ചു നില്ക്കുന്നതാണ് ലീലാ മാരേട്ടിന്റെ പ്രത്യേകത. വാക്കും പ്രവർത്തിയും ഒരുപോലെ കൊണ്ടുപോകുന്നതാണ് ലീലയുടെ വ്യക്തിത്വം. അല്പം കാർക്കശ്യക്കാരി ആണെങ്കിലും എല്ലാവരെയും ഒപ്പം നിർത്താനും, ഏകഭാവത്തോടെ പ്രവർത്തിയ്ക്കാനും ലീലാ മാരേട്ടിന് അനിതരസാധാരണമായ കഴിവുണ്ട്. സത്യസന്ധതയില്ലാത്ത സംഘടനാ പ്രവർത്തനം സംഘടനയെ നാശത്തിലെത്തിയ്ക്കും എന്നും, സംഘടനയുടെ ഉന്നതിയ്ക്കു വേണ്ടി പ്രവർത്തിച്ച ഓരോ വ്യക്തികളുടെയും വിയർപ്പുതുള്ളകൾ പാഴായിപ്പോകും എന്നും ലീല മാരേട്ട് വിശ്വസിയ്ക്കുന്നു.

ഇരുപത് വർഷമായി ഫൊക്കാനയുടെ നിറസാന്നിദ്ധ്യമായ ലീലാ മാരേട്ടിന് ഫൊക്കാനയുടെ നേതൃസ്ഥാനത്തിരുന്ന് ഇനിയും മികച്ച പ്രവർത്തനങ്ങളിലേക്ക് നയിയ്ക്കുന്നതിന് കഴിവും ആത്മവിശ്വാസവും ഉണ്ട്. അതുകൊണ്ട് ഓരോ അംഗങ്ങളും അവരുടെ സമ്മതിദാന അവകാശം ഫൊക്കാന എന്ന സംഘടനയുടെ, അമേരിക്കൻ- ക്യനഡ മലയാളികളുടെ ഉന്നമനത്തിനുവേണ്ടി തനിക്കു തരും എന്ന് ലീലാ മാരേട്ട് ഉറച്ചു വിശ്വസിയ്ക്കുന്നു.

ഫൊക്കാന നേതൃസ്ഥാനത്തെത്താൻ എന്തുകൊണ്ടും അനുയോജ്യയായ ഒരു വ്യക്തിത്തം തന്നെ ആണ് ലീലാ മാരേട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest