കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ച പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് സ്വദേശികളായ 12 പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം മന്ത്രിമാര്‍ വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എം.എ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ എന്നിവരുടെ രണ്ട് ലക്ഷം രൂപ വീതവുമുൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും ധനസഹായമായി നൽകിയത്.
പത്തനംതിട്ടയില്‍ ആകാശ് ശശിധരൻ നായർ , തോമസ് സി ഉമ്മൻ എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ്ജും, കോട്ടയത്ത് സ്റ്റെഫിൻ എബ്രഹാം സാബു, ശ്രീഹരി പ്രദീപ് നായർ, ഷിബു വർഗീസ് എന്നിവരുടെ ആശ്രിതര്‍ക്ക് സഹകരണ മന്ത്രി ശ്രീ. വി എൻ വാസവനും മലപ്പുറത്ത് നൂഹ് കുപ്പൻ്റെ പുരക്കൽ, ബാഹുലേയൻ മരക്കടത്ത് പറമ്പിൽ എന്നിവരുടെ കുടുബംങ്ങള്‍ക്കുളള ധനസഹായം കായികം, വഖഫ് കാര്യ മന്ത്രി ശ്രീ. വി അബ്ദുറഹിമാനും കണ്ണൂര്‍ കാസര്‍ഗോട് സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, അനീഷ് കുമാർ , നിതിൻ കൂത്തൂർ, കേളു പൊൻമലേരി, റെങ്കിത്ത് കുണ്ടടുക്കം എന്നിവരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രനുമാണ് കുടുംബാംഗങ്ങള്‍ക്ക് അവരുടെ വീടുകളിലെത്തി കൈമാറിയത്.
നിയമസഭാ ഡെപ്പ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എ മാരായ മാത്യു ടി തോമസ് എം രാജഗോപാൽ, എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു ജില്ലാ കലക്ടർമാരായ അരുൺ കെ വിജയൻ, കെ. ഇമ്പശേഖർ, പ്രേംകൃഷ്ണന്‍. എസ്, വി.വിഗ്നേശ്വരി മറ്റ് ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, നോര്‍ക്ക റൂട്ട്സില്‍ നിന്നും സെന്റര്‍ മാനേജര്‍മാരായ രവീന്ദ്രൻ സി, സി. സഫറുളള, രജീഷ് കെ.ആര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതോടെ കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞ 16 പേരുടെ കുടുംബംങ്ങള്‍ക്കുളള സഹായധനം കൈമാറി. ബാക്കിയുളളവര്‍ക്ക് വരും ദിവസങ്ങളിൽ ധനസഹായം കൈമാറും.
ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍
പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം