(ഷാജി ആലുവള & സാബു തൊട്ടിപ്പറമ്പിൽ)
പമ്പാ നദിയുടെ ഇരുകരകളിലുമായി വ്യാപിച്ചുകിടക്കുന്ന നഗരം. കിഴക്കൻ മലഞ്ചെരുവുകളുടെ 'റാണി' ആണ് റാന്നി എന്ന പേരിൽ അറിയപ്പെടുന്നത്. കോവിഡ് എന്ന മഹാ വ്യാധിക്ക് ശേഷം റാന്നി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രൗഢ ഗംഭിരമായിരുന്നു ക്രൈസ്തവ ചിന്ത വി.എം മാത്യൂ പുരസ്ക്കാരവേദി. സമൂഹത്തിൻെറ നാനാതുറകളിൽ പ്പെട്ടവർ ഒത്തുചേർന്ന് റാന്നി പള്ളി ഭാഗം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ ഹാൾ ധന്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക നായകർ , മാധ്യമപ്രവർത്തകർ, അഭിഭാഷകർ , മർച്ചൻ്റ് അസോസിയേഷൻ ഭാരവാഹികൾ, എം.പി എംഎൽഎമാർ ,ആത്മീയ മണ്ഡലത്തിലെ പ്രമുഖർ എല്ലാവരും ഒത്തുചേർന്ന് ഏറ്റവും ധന്യകരമായ ഒരു സായംസന്ധ്യ .! പുരസ്കാര ജേതാവ് കെ.എം. ഫിലിപ്പ് എന്ന മനുഷ്യസ്നേഹിയെ കാണുക ലക്ഷ്യത്തോടെയായിരുന്നു ഇടുക്കിയിൽ നിന്നും റാന്നിയിലേക്കുള്ള എൻെറ യാത്ര. ക്രൈസ്തവ ചിന്ത എഡിറ്റർ ഷാജി ആലുവിളയുടെ ഫീച്ചർ വായിച്ചശേഷം ഉള്ളിലെ വലിയ ആഗ്രഹമായിരുന്നു പാസ്റ്റർ ഫിലിപ്പിനെ ഒന്ന് നേരിൽ കാണുക എന്നത്. ക്രൈസ്തവ ചിന്ത അദേഹത്തെ ആദരിക്കുന്ന വേദിയിൽ ക്രൈസ്തവചിന്ത കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ എനിക്ക് അഭിമാന നിമിഷവും ആയിരുന്നു അത്. എളിമയുടെ ആൾ രൂപമായി അവാർഡ് ജേതാവ് കെഎം ഫിലിപ്പ് എന്ന മാതൃക പുരുക്ഷൻ. ലാഭ ഇച്ഛയൊന്നുമില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ ജീവിതങ്ങളെ തന്റെ മാറോ ട് ചേർത്ത് നിർത്തി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവാൻ മുംബൈയിലെ തെരുവോരങ്ങളിൽ ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹി. ഉറുമ്പരിച്ചതും പുഴുവരിച്ചതും മാറാരോഗികളും. ചോരയും പഴുപ്പും ഒലിച്ച് കണ്ടാൽ വികൃതമായിരിക്കുന്നവരെയും സ്നേഹത്തിൻെറ കരം കൊടുത്ത് സീൽ ആശ്രമം എന്ന ആശ്വാസ കേന്ദ്രത്തിൽ അഭയം നൽകി ; അവരിൽ ഒരാളായി മാറിയ അശരണരുടെ പപ്പായാണ് ഈ മനുഷ്യസ്നേഹി .




സീൽ ആശ്രമത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനം ഏവരുടെയും കണ്ണുകളെ ഈറനാക്കി. ഒരുവേള ഉള്ളിൽ നിന്ന് ഉയർന്ന വേദന കണ്ഠനാളത്തിൽ വീർപ്പുമുട്ടായി തീർന്നു. ചീഫ് എഡിറ്റർ കെ.എൻ. റസ്സൽ സാർ പറഞ്ഞത് 'എനിക്ക് ഇത്തരത്തിൽ ഒരു പ്രവർത്തിയിൽ ഏർപ്പെടാൻ കഴിയില്ല ' എന്നാണ്. അതിനോട് ചേർത്ത് തന്നേ പറയട്ടെ 99% ആളുകളും വെറുപ്പോടും അറപ്പോടും അകറ്റിനിർത്തുന്നവരെ ചേർത്തുപിടിക്കുന്ന മുംബൈയിലെ സീൽ ആശ്രമം ഡയറക്ടർ കെ എം ഫിലിപ്പ് എന്ന വ്യക്തിത്വത്തെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. എന്നാൽ അവാർഡ് വാങ്ങി നന്ദി പ്രകാശന വാക്കുകളിൽ അദ്ദേഹം പറഞ്ഞത് 'ഈ അനുമോദന വാക്കുകൾക്കൊന്നും ഞാൻ യോഗ്യനല്ല. സർവ്വശക്തനായ ദൈവം തനിക്ക് തന്ന ഒരു കാഴ്ചപ്പാട് ആണ് ഈ പ്രവർത്തി. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും സീൽ ആശ്രമത്തെയും കൂടി ഓർത്ത് പ്രാർത്ഥിക്കണമേ' എന്നാണ്. വേദനയോടെ ഒരു പിഞ്ചുബാലിക ആശ്രമത്തിൽ മരണത്തോട് മല്ലടിക്കുമ്പോൾ, അവളുടെ മരണം ഏറെക്കുറെ ബോധ്യമായ സാഹചര്യത്തിൽ എല്ലാവരും അവളുടെ അരികിൽ എത്തി. അപ്പോഴും അർത്ഥബോധാവസ്ഥയിൽ പപ്പാ, പപ്പാ എന്ന് അവൾ വിളിച്ച് കൊണ്ടിരുന്നു. പലരും ഒരു സാന്ത്വനമായി കരം പിടിക്കാൻ ശ്രമിച്ചപ്പോഴും അതൊക്കെയും തട്ടിമാറ്റി. ഭൂമിയിൽ, തന്നെ മാറോട് ചേർത്ത് ആശ്വസിപ്പിച്ച വേദനയെ സ്നേഹത്തിൻെറ മരുന്ന് പുരട്ടി കൂടിരുന്ന ആ പപ്പയുടെ സ്പർശനം, രക്ഷയുടെ മൃദുസ്പർശനത്തിലെ ശാന്തത അതവൾ തിരിച്ചറിഞ്ഞു! '' മോളെ പപ്പാ എന്നല്ല ;ദൈവമേ എന്നു വിളിക്കൂ.'' ഇടറിയ വാക്കുകളോടെ സീൽ ആശ്രമ സ്ഥാപകൻ ഇത് വിവരിക്കുമ്പോൾ സദസ്സിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു അതാണ് കെ.എം ഫിലിപ്പ് എന്ന മഹത് വ്യക്തി. ആശ്വാസത്തിന്റെയും പരിരക്ഷയുടെയും ആൾരൂപമായി മുംബൈയിൽ തെരുവോരങ്ങളിൽ കണ്ണും കാതും കൂർപ്പിച്ചിരിക്കുന്ന മനുഷ്യസ്നേഹി. സീൽ ആശ്രമം എന്ന ആശ്രമത്തിൻെറ സാരഥി. ഈ പ്രവർത്തനത്തിൻ്റെ പേരിൽ സാമൂഹികവിരുദ്ധരിൽ നിന്നും പാസ്റ്റർ ഫിലിപ്പ് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ട്.
പാസ്റ്റർ രാജു മേത്ര അധ്യക്ഷത വഹിച്ചു. പാസ്റ്റർ പ്രിൻസ് തോമസ് സമ്മേളനത്തിന് നേതൃത്വം കൊടുത്തു. ചീഫ് എഡിറ്റർ കെ എൻ റസ്സൽ പുരസ്ക്കാര അവലോകനം നടത്തി. എഡിറ്റർ ഷാജി അലുവിള സ്വാഗതവും, സാംകുട്ടി മാമ്മൻ നന്ദിയും പ്രകാശിപ്പിച്ചു. ഡോ.ഒമ്മന റസ്സൽ സീൽ ആശ്രമാധിപനെ സദസ്സിന് പരിചയപ്പെടുത്തി.
ആൻ്റോ ആൻ്റണി എം. പി ഫലകവും റാന്നി എം എൽ എ. പ്രമോദ് നാരായണൻ ക്യഷ് അവാർഡും പാസ്റ്റർ ഫിലിപ്പിന് സമ്മാനിച്ചു കൊണ്ട് ഫിലിപ്പിൻ്റെയും സീൽ ആശ്രമത്തിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. മുൻ എം.ഏൽ. എ രാജു ഏബ്രഹാം തുടങ്ങി മറ്റനേക സാമൂഹിക, സാംസ്കാരിക പ്രവർത്തകർ സഭാനേതാക്കൻമാർ, വിശ്വാസികൾ എന്നിവർക്കൊപ്പം ഹല്ലേലൂയ്യ പത്രാധിപർ സാംകുട്ടി ചാക്കോ, മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവരും ആശംസകൾ അറിയിച്ചു.
ആത്മീയ സാംസ്കാരിക പത്രമായ ക്രൈസ്തവചിന്തക്കുള്ള ക്രൈസ്തവ കൈരളിയുടെ ജനപിന്തുണ ഈ സമ്മേളനത്തിൽ പ്രത്യേകാൽ ശ്രദ്ധേയമായി.
ക്രൈസ്തവചിന്ത ഓവർസീസ് എഡിറ്റർ വർഗ്ഗീസ് ചാക്കോ ഷാർജ സമ്മേളനത്തിൽ സംബന്ധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ സന്ദേശം ചീഫ് എഡിറ്റർ കെ എൻ റസ്സൽ വയിച്ചു. പാസ്റ്റർ പി.എം. ഫിലിപ്പിൻ്റെ മകൾ എമ്യൂന ഫിലിപ്പിനെ പാസ്റ്റർ പ്രിൻസ് തോമസിൻ്റെ സഭാവിശ്വസികൾ പൊന്നാടകൾ അണിയിച്ച് ആദരിച്ചു.
