കൊല്ലം : ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പങ്കാളികളായ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ . തമിഴ്‌നാട് തെങ്കാശിക്കടുത്ത പുളിയറയിൽ നിന്നാണ് മൂന്നു പേർ പിടിയിലായത്. ഇവരെല്ലാവരും ചാത്തന്നൂർ സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം കടന്നുകളഞ്ഞ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായവരെന്നാണ് ലഭ്യമാവുന്ന വിവരം. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന, നഴ്‌സിംഗ് സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ബാലികയുടെ അച്ഛൻ. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോവൽ സംഭവം നടന്നത്.
കേരളത്തെ ആകെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമായിരുന്നു ഓയൂരിൽ നിന്നും ആറു വയസ്സുകാരിയായ തട്ടിക്കൊണ്ടുപോയ്ത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് സഹോദരനൊപ്പം നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഒരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. കേരളം ഉറങ്ങാതിരുന്ന ഒരു രാത്രി. പൊലീസും നാട്ടുകാരും മാധ്യമ പ്രവർത്തകരും ബാലികയെ കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. എല്ലാ വാഹനങ്ങളും അരിച്ചുപെറുക്കിയെങ്കിലും ബാലികയെ കണ്ടെത്താനോ, എന്തെങ്കിലും തുമ്പുണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്തുടനീളം പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് അതി നാടകീയമായി കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞത്.
മോചന ദ്രവ്യമായി ആദ്യം അഞ്ചുലക്ഷവും, പിന്നീട് പത്തു ലക്ഷവും ചോദിച്ച സംഘം പിന്നീട് സ്ഥിതിഗതികൾ വഷളായെന്ന് തിരിച്ചറിഞ്ഞതോടെ പിറ്റേ ദിവസം കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബാലികയുടെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകൽ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചതെന്ന സംശയം നേരത്തെ ബലപ്പെട്ടിരുന്നു. പ്രതികളിൽ മൂന്നു പേർ കസ്റ്റഡിയിലായതോടെ പൊലീസിനും ഏറെ ആശ്വാസമാവുകയാണ്.
ബാലികയെ അജ്ഞാനസംഘം തട്ടിക്കൊണ്ടുപോയതല്ലെന്ന നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ തന്നെ പൊലീസ്. നമ്പർ പ്ലേറ്റ് മാറ്റിയെത്തിയ കാറാണ് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ചിരുന്നത്. കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം പൊലീസ് സംഘം കുട്ടിയുടെ അച്ഛനിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി വിളിച്ചുവരുത്തിയിരുന്നു.
ആർക്കെങ്കിലും കുടുംബത്തോട് എന്തെങ്കിലും വൈരാഗ്യമോ, ശത്രുതയുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നുള്ള മറുപടിയായിരുന്നു നൽകിയിരുന്നത്. പൊലീസിനെ ഏറെ കുഴക്കിയതായിരുന്നു ഈ തട്ടിക്കൊണ്ടുപോവൽ സംഭവം.
പ്രതികളിൽ രണ്ട് സ്ത്രീയും രണ്ട് പുരുഷ്ന്മാരും ഉണ്ടായിരുന്നു എന്നാണ് മൊഴിയിലുണ്ടായിരുന്നത്. അവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷ്ന്മാരുമാണ് പിടിയിലായത്. ഒരേ കുടുംബത്തിലുള്ളവരാണ് പ്രതികളെന്നതും, വൻ സംഘമല്ല ഈ തട്ടിക്കൊണ്ടു പോകൽ സംഭവത്തിന് പിന്നിലെന്നു പറഞ്ഞ പൊലീസിന് എന്തുകൊണ്ടാണ് പ്രതികളിലേക്ക് എത്താൻ അഞ്ചുദിവസം വേണ്ടിവന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാക്കിയാവുകയാണ്.