ഉച്ചയൂണ്
എണ്ണയും കരിയും മെഴുകിയ
ചിമ്മിനിച്ചുവരിൽ
അമ്മ എഴുതിവച്ച പാചകപംക്തിയുണ്ട്
ചോറ് വെന്തൂന്ന് പറയാൻ
ചിരട്ടക്കയിലിൽ കോരിയെടുത്ത
നാലഞ്ചു വറ്റും
കൂട്ടാൻ ആയീന്ന് പറയാൻ
ചട്ടിയുടെ ഒത്ത നടുവിൽ കണ്ട
മൂന്നാല് കുമിളയും
ഊണുകാലം വിളിച്ചുപറയുന്ന
പൊട്ടിത്തെറിച്ച
കടുക് മണികളും
ഉച്ച വെയിലിനെ സൽക്കരിച്ചിരുത്തും
ഉപ്പിലൂടെ
എരിവിലൂടെ
പുളിയിലൂടെ
വിശപ്പ് തണലിലേക്കിറങ്ങും
പിന്നെ
പിഞ്ഞാണം കഴുകി തൊടിയിലേക്ക് വീശുമ്പോൾ
ചീരത്തോട്ടത്തിൽ ചിതറിയ
അന്നം കൊത്തിയെടുക്കാൻ
സൂര്യസ്നാനം ചെയ്ത കാക്കകൾ
താഴേക്ക് ഇറങ്ങിവരും
പിന്നെയും ബാക്കിയായ
ഒരന്നത്തിന് ചുറ്റും
ഒരു കൂട്ടം ഉറുമ്പുകൾ
നിശ്ശബ്ദരായി നൃത്തം ചെയ്യും
ഞാനും കാക്കയും ഉറുമ്പും
വിശപ്പില്ലാത്തവരായി
അമ്മയെ അന്വേഷിച്
അടുക്കളയിലേക്ക് നടക്കും .
ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് രാമന്തളിയാണ് സ്വദേശം .കഴിഞ്ഞ ഇരുപത് വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം .ദുബായിൽ ജോലി ചെയ്യുന്നു .നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു .യാത്രകളും വായനയും ഇഷ്ടപ്പെടുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.