സുഭാഷ് പോണോളി
രോമാഞ്ചത്തിൽ നനുത്ത രോമങ്ങൾ എഴുന്നു നിൽക്കുന്നു നിന്റെ പേരെഴുതുമ്പോൾ,
ആത്മശിഖരത്തിൽ നിന്റെ കണ്ണീർമുത്തുകൾ സ്വർണ്ണദലങ്ങളായി വിരിയുന്നു.
അധിക്ഷേപത്തിന്റെ തിരകൾകൊണ്ടു നിന്റെ നെഞ്ചിൽ ഉപ്പുതൂകിയവരെ പന്തടക്കത്തിന്റെ കുന്തമുനകൾകൊണ്ട് കൊന്നുത്തീർക്കണം.
പശ്ചാത്താപത്തിന്റെ കുരിശിലവർ പിടഞ്ഞുമരിക്കണം.
കറുത്തവനെ കാണുമ്പോൾ പഴുക്കുന്ന വാക്കുകൾ, ചുമക്കുന്ന നാക്കുകൾ,
അരിഞ്ഞെറിയണം....
കഴുതക്കാമം കരഞ്ഞു തീർക്കുന്ന വെളുത്ത ചെന്നായ്ക്കൾ മലത്തിലെ പുഴുക്കൾക്ക് സമം.
നീ വെന്ത വേനലിൽത്തന്നെയവർ വെന്തു തീരണം.
നാളെ,നിന്റെ നഖം വെട്ടാനവർ വരിയിലുണ്ടാകാം,
വംശവെറിയുടെ ഖബറിടങ്ങളിലവരുടെ ശവങ്ങൾ കഴുകന്മാർ ഭക്ഷിക്കട്ടെ ....
കറുത്ത ഭൂഖണ്ഡങ്ങളിൽ ഇനിവരും പൊൻപ്രഭാതങ്ങൾ നിന്റെ പേരിലുദിയ്ക്കെട്ടെ .... .
കുറുത്ത കാൽപാദങ്ങളിൽ മരവിച്ച നിന്റെ ചേതനയെ ലോകം ആശ്ലേഷിക്കുന്നു..
നിലയ്ക്കാത്ത പേമാരികൊണ്ട് കാലം അഴുകിയ നാവിനെ തുടച്ചു തൂക്കട്ടെ.....
നിന്റെ പന്തടക്കത്തിന്റെ ഭൂപാളരാഗങ്ങളിൽ ഭൂമി കുളിരണിയട്ടെ .....
(വംശീയ അധിക്ഷേപത്തിന് ഇരയായ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെ
കുരങ്ങനെന്നധിക്ഷേപിച്ച യൂറോപ്പിലെ വെളുത്ത കുരങ്ങൻമാരോട് )