advertisement
Skip to content

ആളിപ്പടർന്ന് ദാഹം തീർത്ത ചിത എരിഞ്ഞൊടുങ്ങാൻ ഉപേക്ഷിച്ച്, ആളുകളുടെയിടയിൽ നിന്നും മാറി,അമ്മയുടെ മുറിയിൽ കയറി.

മനസ്സിൽ ഒരു സങ്കടക്കടൽ തിരതല്ലുന്നു. പൊട്ടിക്കരയണമെന്നുണ്ട്...ആവുന്നില്ല...

അമ്മയുടെ കൂട്ടിക്കെട്ടിയ കാൽവിരലുകളിൽ നിന്നും തണുപ്പ് എന്നിലും പടരുന്നുവോ?
മുഖമൊക്കെ മരവിച്ചിരിക്കുന്നു....

അമ്മയുടെ കിടക്കയിലിരുന്ന് കിടക്കയിൽ പതിയെ തലോടി.അമ്മയെ എടുത്ത് കൊണ്ട് പോയിട്ടും കിടക്ക ഇനിയും തൂർന്നിട്ടില്ലാത്തത് പോലെ...

അമ്മയുടെ തലയിണയിൽ മുഖമമർത്തി കിടന്നു.ഒരു ശക്തിയില്ലാത്ത തേങ്ങൽ വന്ന് ശ്വാസം മുട്ടിക്കുന്നു.

ഇനിയും ആറാത്ത അമ്മയുടെ ചൂടിലേക്ക് ഒന്ന് കൂടിയൊട്ടി ചുരുണ്ട് കിടന്നു. ഏറ്റവുമൊടുവിൽ അമ്മയിലേക്ക് എത്താനാവാതെ തെന്നിമാറിയ ഒരു കവിൾ ശ്വാസം ഇപ്പോഴും ഇവിടെയെങ്ങോ ഉണ്ടാവില്ലേ?!

തലയ്ക്ക് മുകളിൽ മുരണ്ട് കറങ്ങുന്ന ഫാനിന്റെ താളചക്രങ്ങൾ , എന്നെ ചുറ്റി വലിച്ചെടുത്ത്, അമ്മ പണ്ട് മാഞ്ഞ് പോവാറുള്ള ഇടവേളകളിൽ കൊണ്ട് നിർത്തി.

പണ്ട്, ഒരു പാട്ടിനൊപ്പമോ,ഒരു മഴയ്ക്കൊപ്പമോ,ഒരു വൃശ്ചികസന്ധ്യയിലെ കാറ്റിനൊപ്പമോ, ഒരു പുസ്തകത്താളിനൊപ്പമോ അമ്മ, അമ്മയുടെ മനമിടങ്ങളിലേക്ക് മാത്രമായി ഞങ്ങളിൽ നിന്ന് ഇറങ്ങിപ്പോവാറുണ്ടായിരുന്നു.

ചിരികളും കഥകളും പാട്ടുകളും ഉമ്മകളും അപ്രത്യക്ഷമാകുന്ന കാലം!

മറ്റ് കുട്ടികൾ ഓട്ടപ്രാന്തി കളിച്ച് തകർക്കുമ്പോൾ,ഞാനും അനിയത്തിയും അമ്മയുടെ കളഞ്ഞ് പോയ പുഞ്ചിരി തപ്പി വീടിന് ചുറ്റും നടക്കും.

അമ്മയുടെ നെയ്യും പപ്പടവും കൂട്ടിയ ഉരുളകളും ആ ദിവസങ്ങളിൽ കിട്ടില്ല. ചിരട്ടകളിൽ മണ്ണപ്പം ചുട്ട് കഴിച്ച്, കാറ്റത്തൊടിഞ്ഞ മരം കണക്കെ ഓജസ്സറ്റ് കിടക്കുന്ന അമ്മയുടെ വയറിന്റെ ചൂടിൽ ഞാനും അനിയത്തിയും വിശന്ന് ചുരുണ്ടുറങ്ങും.

കണ്ണുകളിലെ നനവ് എന്നെ പിന്നെയും മുറിയിലെ മൃതിമണത്തിലേക്ക് തള്ളിയിട്ടു. ഉള്ളിലെ സങ്കടത്തിന്റെ തിരതല്ലല്ലിൽ ഞാൻ അമ്മയുടെ പുസ്തകങ്ങളുടെ അടുത്തെത്തി.

വെറുതെ തുറന്നടച്ച പഴയ ഡയറികളൊന്നിൽ, ശൂന്യമായ താളുകൾക്കൊടുവിൽ ചെരിഞ്ഞ് കിടന്നു "മക്കളേ, മാപ്പ്" എന്ന രണ്ട് നീല മഷിപ്പാളങ്ങൾ!

അറ്റമില്ലാത്ത ആ പാളങ്ങൾക്കിടയിൽ പിറുപിറുക്കലുകൾ തൂവിയിട്ട് അമ്മ എന്നിൽ നിന്നും അകലെ താളിനകത്തേക്ക് നടന്നു മറഞ്ഞ് കൊണ്ടിരുന്നു..

പതംപറച്ചിലുകളെല്ലാം പെറുക്കിക്കൂട്ടി ഞാൻ വായിച്ച് തുടങ്ങി...

"മക്കളെ, മാപ്പ്!

നിങ്ങൾക്ക് ഞാൻ നഷ്ടപ്പെടുത്തിയ മഴക്കാലങ്ങൾക്ക്,
ഞാൻ ഉടച്ചുക്കളഞ്ഞ നിങ്ങളുടെ വെയിൽ വർഷങ്ങൾക്ക്,
ഊട്ടാൻ മറന്ന് പോയ നിങ്ങളുടെ കുഞ്ഞ് വലിയ വിശപ്പുകൾക്ക്,
ഞാൻ വറ്റിച്ചുണക്കിക്കളഞ്ഞ നിങ്ങളുടെ ദാഹങ്ങൾക്ക്,
ദഹിക്കാത്ത സ്നേഹത്തിന്റെ അസ്ഖിതയിൽ നിങ്ങളിൽ ഛർദ്ദിച്ചിട്ട അലറിപ്പെയ്ത്തുകൾക്ക്,
പകരാൻ ചൂടില്ലാതെ വാടിക്കരിഞ്ഞ കെട്ടിപ്പിടിച്ചുമ്മകൾക്ക്,
വാശിപ്പിണക്കങ്ങളെ ഒപ്പിയെടുക്കാനാവാതെ പൊഴിഞ്ഞുവീണ കവിളുമ്മകൾക്ക്,
മുറിഞ്ഞ സിരകളെ തുന്നിച്ചേർക്കാനാവാഞ്ഞ, ചോര ചോപ്പോ ഉറപ്പോ ഇല്ലാതെ ജലരേഖകൾ കണക്കെ ദുർബലമായ ഹൃദയത്തുടിപ്പുകൾക്ക്,
നിരാശ കുത്തിവെച്ച്, പൊട്ടിയൊലിച്ച സൂചിമുറിവുകളുടെ നീറ്റലിൽ കരിഞ്ഞുണങ്ങിയ നിമിഷങ്ങൾക്ക്,

നമ്മുടെയിടയിൽ കുഴഞ്ഞ് വീണ് മരിച്ച ശരി-തെറ്റുകൾക്ക്,
എന്നിലൂടെ പിറന്ന്, എന്നിലൂടെ വളരേണ്ടിവന്ന നിങ്ങളുടെ ഈ ജന്മത്തിനൊക്കെയും മാപ്പ്!

മറന്നില്ല നിങ്ങളെയൊരിക്കലും, മാറ്റിവെച്ചിട്ടില്ല നിങ്ങളെയൊരിക്കലും,
ഞാൻ ഞാനായിരുന്ന കാലമത്രയും!"

അമ്മ അനാഥമാക്കിയ അക്ഷരപ്പാളങ്ങളിൽ കാലുടക്കി ഞാൻ മറിഞ്ഞു വീണു.

കുതിർന്ന വാക്കുകളിൽ തട്ടിയും തടഞ്ഞും ഞാൻ അമ്മയിൽ പിന്നേയും പിന്നേയും മുങ്ങിമരിച്ച് കൊണ്ടിരുന്നു.

ദിവ്യ.

Sivan VR Creator

Hello, 👋 I am Photographer & 360˚ Virtual tour creator based in Dubai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest