കവിത: ബീനാ ബിനിൽ, തൃശൂർ
വിദൂരതയിൽ ഏകാന്തമേഘം ആർത്തലച്ച് മഴയായി തീരാൻ വിങ്ങിനിൽക്കവേ,
എൻ തീവ്രമായ ദുഃഖങ്ങൾ കനലായ് എരിയുമ്പോൾ വെറുതെയെങ്കിലും നിൻ മിഴികൾ നിറദീപമായ് തെളിയുന്നുണ്ടാവും.
ഋതുക്കൾ മാറിമാറി വന്നും പോയും യാത്രചെയ്യും വേളയിൽ , ഇടവേളകളിൽ ഞാനേകയും നിസ്സംഗയും ആകുന്നു.
സന്ധ്യയുടെ അരുണിമയിൽ എന്നിലെ സ്വപ്നങ്ങളെയും വഹിച്ചുകൊണ്ടെൻ പകൽത്തുമ്പിയോട് വിടപറയും നേരം രാത്രിതൻ കറുപ്പിൽ പ്രണയമെല്ലാം മഴച്ചാർത്തിൽ അലിഞ്ഞില്ലാതായോ?
രാവേറെ ചെല്ലുന്നേരം ഞാൻ നോക്കിയതെല്ലാം നിന്റെ വിരഹാദ്രമിഴികളെ തന്നെയായിരുന്നല്ലോ?
ഓരോ നിമിഷവും എൻ നെഞ്ചിൽ തെളിയുന്ന കിനാക്കളിലെല്ലാം നീ അല്ലയോ?
ഓരോ മാത്രയിലും എൻ മിഴികളിൽ തെളിയുന്ന രൂപം നിൻ ചുണ്ടിൽ വിടരുന്ന പുഞ്ചിരി അല്ലയോ?
നിന്നോട് കൂടാൻ , നിൻ ചാരേ അണയാൻ , കൊതി തീരെ മിണ്ടാൻ, ആ ചുംബനങ്ങൾ ഏറ്റു വാങ്ങാൻ മോഹവും കൊതിയും ഏറെയായിടും മാത്രയിൽ,
പെയ്തു തീർന്ന മേഘത്തെ സാക്ഷിയാക്കി മനസ്സിൻ വിങ്ങലെല്ലാം പ്രണയാദ്രഭാവങ്ങളായ് വിടർന്ന് വിലസുന്നു ഓരോ മാത്രയിലും.