സൃഷ്ടിസ്ഥിതിസംഹാരമായ പ്രപഞ്ചവും
പച്ചയാൽപൊതിഞ്ഞ പ്രകൃതിയും
ചാരവർണ്ണത്തിലുള്ള ലോലമായ ഭൂമിയും
അലയടിക്കുന്ന കടലുകളും
ചിലനേരങ്ങളിൽ നിശബ്ദത കനക്കുന്ന വിജനമായ പാതയോരങ്ങളും
സമ്പുഷ്ടമായ ഈയിടത്ത് മനുഷ്യനായുള്ള ജീവിതത്തിൽ ഇന്നലെയും നാളെയുമില്ലല്ലോ
ഇന്നിൻ നിമിഷം മാത്രം.
ജീവിതത്തേക്കാൾ
എത്രയോ മനോഹരമാകുന്ന മരണമേ
നീയൊരു കലയും കവിതയും യാഥാർത്ഥ്യവുമാണല്ലോ...
ഞാനെൻ്റെ ജീവിതം ജീവിക്കുമ്പോൾ ജീവിതത്തിൻ്റെ സമയം എനിക്കുണ്ടാകണം
സർഗ്ഗാത്മകതയുടെ ഭാവനയേ തുറന്ന് പറയാനായി വാക്കിൻ ശക്തിയും ധൈര്യവും ആർജിക്കണം
ജീവിതത്തിലെ പല വാതായനങ്ങളും തട്ടിതുറന്ന് ജീവിക്കുമ്പോൾ ആന്തരീകവും ബാഹ്യവുമായ അനുഭവത്തിൻ്റെ നിഴലുകളും ഭാഷയും ഞാനനുഭവിക്കുന്നു..
എൻ്റെ മൗനത്തിന് കനം വയ്ക്കുമ്പോൾ അതെന്നെ മരണത്തേക്കാൾ ഭയാനകമായി തളർത്തും നേരം
എന്നുള്ളിലെ അണയാതെ പുകയുന്ന എഴുത്തുമായി ഞാൻ വീണ്ടും വാചാലയാവും
ഞാനങ്ങനെ മായാത്ത പുഞ്ചിരിയാവും.
ബീന ബിനിൽ
തൃശൂർ.