advertisement
Skip to content

കണ്ണൂര്‍ വി സി പുറത്താവുമ്പോള്‍, സര്‍ക്കാരിനേല്‍ക്കുന്നത് കനത്ത തിരിച്ചടി

രാജേഷ് തില്ലങ്കേരി

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനുമൊക്കെയായാണ് പിണറായി സര്‍ക്കാര്‍ നവകേരള യാത്ര ആരംഭിച്ചത്. യാത്ര കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കുന്നുണ്ടെന്നും, ജാഥ സമാപിക്കുമ്പോള്‍ കേരളം പൂര്‍ണ്ണമായും മാറുമെന്നുമാണ് കഴിഞ്ഞ 12 ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗവര്‍ണ്ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെ സുപ്രിംകോടതി നടത്തിയ നിരീക്ഷണം സര്‍ക്കാരിന് കുറച്ചുകൂടി ആവേശം ലഭിക്കുന്നതായിരുന്നു. എന്നാല്‍ ഇതാ ആ ആവേശത്തിന് ആയുസ്സ് കേവലം 24 മണിക്കൂര്‍ മാത്രമായിരുന്നു. ഏറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വേദിയായ കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രിംകോടതി വിധി വലിയ തരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറത്താണിപ്പോഴുള്ളത്. നവകേരള സദസ്സിനെത്തുന്നവരെല്ലാം സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമായതിനാല്‍ ചോദ്യങ്ങളൊന്നും ഉണ്ടാവില്ല, വ്യക്തമായ ഉത്തരവും പറയേണ്ടതായും വരില്ല. പൗരപ്രമുഖരുമായുള്ള ചായസല്‍ക്കാരത്തിലും പ്രതിസന്ധിയൊന്നും ഉണ്ടാവുകയില്ല. എന്നാല്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഡോ ഗോപിനാഥ് രവീന്ദ്രനെ അയോഗ്യനാക്കിയ ചീഫ് ജസ്റ്റിസ് അംഗങ്ങളായുള്ള മൂന്നംഗ സുപ്രിംകോടതി വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നതില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കുപോലും എതിരഭിപ്രായമുണ്ടാവില്ല.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായിരുന്ന ഡോ ഗോപിനാഥ് രവീന്ദ്രനെ വിരമിച്ചതിന് ശേഷം യു ജി സി ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി പുനര്‍ നിയമിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു ? സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെമാറ്റാനുള്ള ബില്‍ പാസ്സാക്കുന്നതില്‍വരെ എത്തിച്ച വികാരമെന്തായിരുന്നു. ഏകദേശം രണ്ടു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന ഗവര്‍ണ്ണര്‍- സര്‍ക്കാര്‍ പോര് എന്തുനുവേണ്ടിയായിരുന്നു. ഹൈക്കോടതിയിലും സുപ്രികോടതിയിലുമൊക്കെയായി നിയമപോരാട്ടത്തിന് ചിലവഴിച്ച കോടികള്‍ എന്തിനു വേണ്ടിയാണ് നശിപ്പിച്ചത്.

പ്രിയാ വര്‍ഗ്ഗീസിന് സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനായി സി പി എം നേതൃത്വം നടത്തിയ കുല്‍സിതനീക്കമാണ് സര്‍ക്കാരിനെ ഇത്രയേറെ നാണം കെടുത്തിയത്. പച്ചയാ പക്ഷപാതം ആരാണ് വകവെച്ചുകൊടുക്കുക. സ്വന്തക്കാരെയും പാര്‍ട്ടി സഖാക്കളുടെ മക്കളെയും ഭാര്യമാരേയും കുത്തിനിറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നടന്ന അതീവഗുരുതരമായ അഴിമതിയായിരുന്നു ഗോപിനാഥ് രവീന്ദ്രനെ വി സി നിയമനത്തിന് പിന്നില്‍. ഗവര്‍ണ്ണര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നിയമനം നടത്തിയതെന്ന കുറ്റസമ്മതമാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായകമായ വിധിനിര്‍ണ്ണയത്തിലേക്ക് എത്തിച്ചതെന്നും കാണാം.

ആരൊടെങ്കിലും മമതയോ ഒന്നും കാണിക്കില്ലെന്ന് ഭരണഘടനയില്‍ തൊട്ട് സത്യം ചൊല്ലി അധികാത്തിലേറിയ ഒരു മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അധികാര വിനിയോഗം നടത്തിയെന്നാണ് സുപ്രിംകോടതി കണ്ടെത്തിയിരിക്കുന്നത് എന്നത് ഏറെ ഗൗരവതരമാണ്. ലോകായുക്തയുടെയും ചാന്‍സിലറുടെയും മറ്റും അധികാരം വെട്ടിക്കുറയ്ക്കാനും വി സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കി മാറ്റിയതും ഏറെ ഗുരുതരമാണ്.

വി സി നിയമനത്തില്‍ നിയമന അതോറിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണറായിരിക്കെ അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കിയാണ് നിയമനമെന്നും അതിനാല്‍ ചട്ടപ്രകാരമല്ല നിയമനമെന്നുമാണ് സുപ്രിംകോടതിയുടെ നിര്‍ണ്ണായകമായ കണ്ടെത്തല്‍. അറുപത് വയസിനു മുകളിലുള്ളയാളെ വി സി യായി നിയമിക്കരുതെന്നുള്ള യു ജി സി ചട്ടം ലംഘിച്ചെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. പുനര്‍ നിയമനം തെറ്റാണെന്നായിരുന്നു മറ്റൊരു ആരോപണം എന്നാല്‍ ഇതെല്ലാം നിയമപരമായി തെറ്റാണെന്നു പറയാനാവില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വി സി നിയമനത്തില്‍ സര്‍ക്കാരിന്റെ അന്യായമായ ഇടപെടല്‍ ഉണ്ടായെന്നും രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടായതായി ഗവര്‍ണര്‍തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വി സി നിയമനം തെറ്റായ കീഴ്‌വഴക്കമാണ് ഉണ്ടായതെന്നും സുപ്രിംകോടതി നിരീക്ഷിച്ചതോടെയാണ് വി സിയുടെ കസേര തെറിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാ അംഗവുമായ കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമിക്കുന്നതിനുള്ള നിയമനനടപടികള്‍ സുഗമമാക്കുന്നതിനായാണ് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കാന്‍ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണ്ണറില്‍ സമ്മര്‍ദ്ദതന്ത്രം ഇറക്കിയതെവന്നും, രാഷ്ട്രീയമായ ഇടപെടല്‍ പകല്‍പോലെ വ്യക്തമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രിയായ ഡോ ആര്‍ ബിന്ദു ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്തു പുറത്തുവിട്ടതും, മുഖ്യമന്ത്രി തന്നെ കണ്ട് വി സി സ്ഥാനത്തേക്ക് തന്റെ നാട്ടുകാരനാണെന്നും അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കണമെന്ന് വ്യക്തിപരമായി ആവശ്യപ്പെട്ടെന്നുമായിരുന്നു ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍.

കണ്ണൂര്‍ വി സി നിയമനത്തില്‍ തെറ്റില്ലെന്നുള്ള ഹൈക്കോടതി വിധിയും സുപ്രിംകോടതി ചോദ്യം ചെയ്തതും ശ്രദ്ധേയമാണ്. ജസ്റ്റിസ് മണികുമാര്‍ പുറപ്പെടുവിച്ച വിധിന്യായം തെറ്റാണെന്ന സുപ്രിംകോടതിയുടെ കണ്ടെത്തല്‍ ഗുരുതരമായ മറ്റു പലവിഷയങ്ങളിലേക്കും നയിക്കപ്പെടും. ജസ്റ്റിസ് മണികുമാറിന് സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രിയും മറ്റു പ്രമുഖരും ചേര്‍ന്ന് യാത്രയയപ്പ് നല്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയായ മണികുമാറിനെ കേരള മനുഷ്യാവകാശ കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചത് ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു.

ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിനു വഴിവച്ച സംഭവം കണ്ണൂര്‍ വി സി നിയമനമായിരുന്നു. ഇന്നലെ സുപ്രിംകോടതിയില്‍ അടിയേറ്റതെങ്കില്‍ ഇന്ന് സര്‍ക്കാരിനാണ് സുപ്രിംകോടതിയില്‍ നിന്നും അടിയേറ്റത്
വി സി നിയമനത്തില്‍ ആദ്യം ഘട്ടത്തില്‍ ഗവര്‍ണ്ണര്‍ സര്‍ക്കാരിന് വഴങ്ങി വി സി നിയമന നിര്‍ദ്ദേശം പാലിച്ചു. എന്നാല്‍ സെയ്‌വ് യൂണിവേഴ്‌സ്‌സിറ്റിയും പ്രതിപക്ഷ നേതാവും ഈ വിഷയത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

വാല്‍ക്കഷണം :
കോടതിവിധി മാനിക്കുന്നു എന്നുമാത്രമാണ് വകുപ്പുമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്ന ആദ്യ പ്രതികരണം. ജനസേവന യാത്രയിലായതിനാല്‍ കണ്ണൂര്‍ വി സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു വ്യക്തമായി പ്രതികരിക്കാന്‍ സാധ്യത കുറവാണ്. ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും ആളുകള്‍ ഇതെല്ലാം അങ്ങ് മറക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest