കേരളത്തില്‍ ഒരു പാരിസ്ഥിതിക അവബോധം ഉണ്ടാക്കുവാന്‍ പക്ഷിനിരീക്ഷണം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയാനാവും. പക്ഷി ജീവിത പഠനങ്ങളും വര്‍ഗീകരണവും ദേശാടനവും പ്രാദേശിക പക്ഷി നിരീക്ഷണ സര്‍വേകളും ഒക്കെ ഒരുപാട് പേരെ പ്രകൃതി സംരക്ഷണവുമായി കൂട്ടി ചേര്‍ക്കുകയുണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
പയ്യന്നൂരില്‍ പ്രൊഫസ്സര്‍ ജോണ്‍.സി.ജേക്കബിന്‍റെ നേതൃത്വത്തില്‍ 1972 ലാണ് കേരളത്തിലെ ആദ്യത്തെ ജന്തു ശാസ്ത്ര ക്ലബ് തുടങ്ങിയത്. ക്ലബിന്‍റെ മുഖപത്രത്തിന്‍റെ പേരാകട്ടെ - “മൈന”. ഇതാണ് കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക പ്രസിദ്ധീകരണം. പ്രൊഫസ്സര്‍ ജോണ്‍ സി ജേക്കബ് തന്നെ ആയിരുന്നു പ്രകൃതി പഠന ക്ലാസുകള്‍ ആദ്യമായി ആരംഭിച്ചതും. അത്തരം പ്രകൃതി സഹവാസ ക്യാമ്പുകളിലൂടെ പക്ഷികളുടേയും പൂമ്പാറ്റകളുടേയും കള കൂജനങ്ങളും വര്‍ണ്ണ ചിറകുകളും അന്നത്തെ കൌമാരക്കാരിലും ചെറുപ്പക്കാരിലും വിസ്മയത്തിന്‍റെ ഒരു പുത്തന്‍ ലോകം തന്നെ സൃഷ്ടിച്ചു. വീട്ടുമുറ്റങ്ങളില്‍ നിന്നും ഗ്രാമ പ്രദേശങ്ങളില്‍ നിന്നും കാടുകളില്‍ നിന്നും ഒക്കെ അവര്‍ പക്ഷികളെ തിരിച്ചറിയുവാന്‍ തുടങ്ങി. അവയുടെ സംരക്ഷണത്തിനായി നിസ്വാര്‍ത്ഥമായി ഒത്തു ചേര്‍ന്നു. നിഷ്ട്ടുരമായി പച്ചപ്പുകളെ കശാപ്പു ചെയ്യുന്നവരോട് “അരുതേ” എന്ന് പറയുവാന്‍ കരുത്തുള്ള ശബ്ദങ്ങള്‍ ഉണ്ടായി.
അരുണോദയത്തിന് മുന്നേ കാടിന്‍റെ മാസ്മരിക അന്തരീക്ഷത്തില്‍ പ്രൊഫസ്സര്‍ ജോണ്‍ സി ജേക്കബിനൊപ്പം ശ്രദ്ധാപൂര്‍വ്വം നിന്നവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. പക്ഷികളുടെ മംഗളഗീതങ്ങള്‍ ശ്രവിച്ചു നിന്ന ഞങ്ങളോട് അന്ന് അദേഹം ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മയുണ്ട്!
“ഏത് പക്ഷിയാണ് ആദ്യം ഉണരുക?”
പിന്നീട് ചെന്നെത്തുന്ന ഇടങ്ങളിലെ പുലരികളില്‍ ഒക്കെ ഞാന്‍ ഇപ്പോഴും അത് തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ഓരോ ഇടങ്ങളിലേയും വനങ്ങളില്‍ ആദ്യം കേള്‍ക്കുന്ന പക്ഷി ശബ്ദങ്ങള്‍ വ്യത്യസ്തമാണ്. സാധാരണയായി നമ്മെ അഭിമുഖീകരിക്കാതിരിക്കാന്‍ കാട്ടിലെ ഒട്ടു മിക്ക പക്ഷികളും ശ്രദ്ധിക്കാറുണ്ട്. ചില പക്ഷികള്‍ ആകട്ടെ നിരന്തര ഇടപെടലുകള്‍ കൊണ്ട് വലിയ ഭയമൊന്നും കാണിക്കാതെ നമ്മളെ നോക്കിക്കാണാറും ഉണ്ട്. നാണം കുണുങ്ങികളും സദാസമയവും നിഴലുകളില്‍ മറഞ്ഞിരിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. വൃക്ഷ ചില്ലകളിലേയോ കുറ്റിചെടികളിലേയോ ചലനങ്ങള്‍ കൊണ്ടോ, ശബ്ദ സൌകുമാര്യം കൊണ്ടോ, മിന്നല്‍ വേഗതയിലുള്ള നീക്കങ്ങള്‍ കൊണ്ടോ കൌശലപൂര്‍വ്വം ദര്‍ശനം നല്‍കാതെ അവയുടെ പിന്നാലെ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്ന പക്ഷികളേയും കാണാം. അത്തരത്തിലുള്ള ഒരു പക്ഷിയാണ് ചൂളകാക്ക.
കാനനങ്ങളിലൂടെയുള്ള സഞ്ചാരങ്ങളില്‍ ഞാന്‍ ശ്രവിച്ച പക്ഷി ഗായികാ/ ഗായകന്മാരില്‍ എന്നെ ഏറെ ആകര്‍ഷിച്ചവയില്‍ ഒരു പക്ഷെ ചൂളകാക്ക ആയിരിക്കാം മുന്നില്‍. ഹൃദയഹാരി ആയ ആ ഗാനം തേടി ചെല്ലുമ്പോഴാകട്ടെ തീരെ ദര്‍ശനം നല്‍കാതെ ആദ്യകാലങ്ങളില്‍ എന്നെ ഏറെ കുഴക്കിയിട്ടുമുണ്ട് ആ പക്ഷി.
1982 ലാണ് ആദ്യമായി ചൂളകാക്കയുടെ ഗാനാലാപനത്തിന്‍റെ ആ മാന്ത്രിക സ്പര്‍ശനം എനിക്ക് അനുഭവിക്കാനായത്. ഷോളയാര്‍ കാടിന്‍റെ ഉള്ളറകളിലേക്ക് ആദിവാസി കൂട്ടുകാരുമായി സഞ്ചരിക്കുമ്പോഴാണ് ആ ഗാനം എന്നെ തിരഞ്ഞെത്തിയത്.
കാക്കയെ പോലെ ഇരുണ്ട് അത്രയും വലിപ്പം ഇല്ലാത്ത ഒരു പക്ഷി കാട്ടരുവിക്കരയിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും വേഗതയോടെ പറന്നകന്നു.
“മണിക്കുരുവി!”
എന്നാണ് ആദിവാസി കുട്ടികള്‍ അന്നതിനെ പേര് ചൊല്ലി വിളിച്ചത്.
സമയാസമയങ്ങളില്‍ കൃത്യമായി അത് പാടാറുണ്ടത്രേ! അവര്‍ പറഞ്ഞു തന്നതാണ്.
പിന്നീട് ആ പക്ഷിയെ വ്യക്തമായി കണ്ടത് നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് ഞാന്‍ നടന്നു പോകുമ്പോഴാണ്.
1984 ലെ വേനല്‍ക്കാലത്ത് പറമ്പിക്കുളത്തെ കുരിയാര്‍കുട്ടിയിലേക്ക് നടക്കുകയാണ്. നിത്യഹരിതവനം ആരംഭിക്കുമ്പോള്‍ തന്നെ ചൂളകാക്കയുടെ ഗാനം കേട്ടു തുടങ്ങിയിരുന്നു. നേര്‍ത്ത മൂടല്‍മഞ്ഞ് കാറ്റിനൊത്ത് നീങ്ങി വരുമ്പോള്‍ ആ ഗാനവും പക്ഷിയും മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
അധികം ഉയരമില്ലാത്ത ഒരു മരക്കുറ്റിയില്‍ ഇരുന്ന് സംഗീത കച്ചേരി അനുസ്യൂതം തുടരുകയാണ്. ചൂളമടി സംഗീതത്തിലൂടെ അനുഗൃഹീതമായ ഒരു പ്രശാന്തത അവിടമാകെ പടരുകയാണ്. ഒരേ ശൈലിയിലുള്ള ആലാപനം ആണെങ്കിലും ഏറെ നേരം അതിന് കാതു കൊടുത്തപ്പോള്‍ നേര്‍ത്തൊരു ആരോഹണാവരോഹണം അതില്‍ മറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടു. ഒരു പുതു സംഗീത ശില്‍പ്പം രൂപപ്പെട്ടു വരുന്ന അനുഭവമാണ് എന്നില്‍ ഉളവാക്കിയത്. അന്ന് കൈവശം ക്യാമറ ഒന്നും ഇല്ലാത്ത കാലമായതു കൊണ്ട് കാട്ടില്‍ ധ്യാനിച്ചും കാഴ്ചകളില്‍ മനസ്സറിഞ്ഞ് മന്ദഹസിച്ചുമാണ് നീങ്ങിയിരുന്നത്. അതുകൊണ്ട് കാടിന്‍റെ ഇത്തരത്തിലുള്ള മംഗള ഗീതങ്ങള്‍ ശ്രവിക്കുവാനും നിരീക്ഷിക്കുവാനുമുള്ള അവസരങ്ങള്‍ ധാരാളം ഉണ്ടായിരുന്നു.
പിന്നീടുള്ള മഴക്കാട് യാത്രകളിലൊക്കെ ചൂളകാക്കയുടെ അകമ്പടി ഗാനം നിറഞ്ഞിരുന്നു. ഇലകളെ പ്രകാശിപ്പിക്കുന്ന സൂര്യകിരണങ്ങളെ പോലെ ഇരുണ്ട കാടിനകത്തളങ്ങളിലെ പ്രകാശമായിരുന്നു ഇത്തരം പക്ഷി ഗാനങ്ങള്‍ ഒക്കെ തന്നെയും.
കാന്തല്ലൂരിലെ ജോണിച്ചായന്‍റെ ഫാം ഹൌസില്‍ നിത്യ സന്ദര്‍ശകരായ ചൂളകാക്കയെ കുറിച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. ഈറന്‍ ഇറ്റു വീഴുന്ന അവിടുത്തെ ഗുഹാമുഖത്ത് എവിടെയോ ആയിരുന്നു അവ കൂടൊരുക്കിയിരുന്നത്.
പിന്നീട് ആ ഗുഹയെല്ലാം വലിയൊരു കിടപ്പുമുറി ആക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയിടെ ഞാന്‍ അങ്ങോട്ട് പോയിരുന്നു. ജോണിച്ചായന്‍റെ മകന്‍ വാവച്ചനാണ് ഇപ്പോള്‍ അവിടം പരിപാലിക്കുന്നത്. ഞാന്‍ പഴയ ആ ചൂളകാക്കയെ കുറിച്ച് ചോദിച്ചു.
“അതിപ്പോഴും വരുന്നുണ്ടല്ലോ..”
അദേഹമെന്നെ ഗുഹയ്ക്കരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടമാകെ ആപ്പിള്‍, പ്ലംസ്, ഓറഞ്ച്, മൂസംബി, പേര എന്നീ പഴവര്‍ഗ മരങ്ങളും ചെടികളും കൊണ്ട് മനോഹരമായ ഒരു ഉദ്യാനം പോലെ ആയിരിക്കുന്നു. ഗുഹയുടെ അകം നല്ലൊരു കിടപ്പുമുറിയും.
പൊടുന്നനെയാണ് നീണ്ട ചൂളം വിളിയോടെ ഒരു ചൂളകാക്ക ഗുഹയുടെ അജ്ഞാതമായ ഏതോ ഒരിടത്ത് നിന്നും പറന്നു വന്ന് ഒരു കുറ്റിയില്‍ ഇരുന്നത്. ഇടയ്ക്കിടെ വാലിലെ തൂവലുകള്‍ വിശറി പോലെ വിടര്‍ത്തുകയും നീട്ടി വിസിലടിക്കുകയും ചെയ്യുന്നുമുണ്ട്.
ചിലപ്പോള്‍ ഞങ്ങളുടെ സന്ദര്‍ശനം പക്ഷിക്ക് അത്ര ഇഷ്ട്ടപ്പെട്ടില്ലായിരിക്കാം. വേഗം ഞങ്ങള്‍ അവിടെ നിന്നും മാറുകയുണ്ടായി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത്, ആ ഗുഹക്ക് അകവും പുറവും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടും ആ ചൂളകാക്ക അവിടം വിട്ട് എങ്ങോട്ടും പോയില്ല എന്നതാണ് !
ജോണിച്ചായന്‍ അവിടെ ഉള്ളപ്പോഴൊക്കെ അദേഹത്തിന്‍റെ പിന്നാലെ തറയിലൂടെ ചാടി ചാടി ആ പക്ഷിയും നടക്കുമായിരുന്നു. അദേഹം തോട്ടത്തിലെ ചെടികളുടെ ചുവടുകളെല്ലാം വൃത്തിയാക്കുമ്പോള്‍ ഒപ്പം ആ ചൂളകാക്കയും ഉണ്ടാവും. പ്രാണികള്‍, മണ്ണിരകള്‍ ഒക്കെ ആ പക്ഷിയുടെ ആഹാരമായിരുന്നു. പുതുതായി ആരെങ്കിലും അവിടെ എത്തിയാല്‍ ചൂളകാക്കയെ പിന്നെ അരികില്‍ എങ്ങും കാണാന്‍ പോലും കിട്ടില്ല !
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ആ പക്ഷി തന്നെയാണോ ഇപ്പോഴും കാണപ്പെടുന്നത്? അതോ അവയുടെ കുഞ്ഞുങ്ങളാണോ ഇപ്പോഴുള്ളത്? ഈ പക്ഷിയുടെ ആയുസ്സ് എത്രയായിരിക്കും?
ഇങ്ങിനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ മനസ്സില്‍ ഉണര്‍ന്നു.ഒരു പക്ഷി ഗവേഷകന്‍ അല്ല ഞാന്‍ എന്ന ബോധ്യം ഉള്ളതുകൊണ്ട്,അതൊക്കെ ഗവേഷകരുടെ നിരീക്ഷണത്തിന് വിടുകയാണ് ഉചിതം എന്ന് തോന്നുന്നു.
“ഏതു ജീവിയും നാം ശല്യം ചെയ്യാത്തിടത്തോളം അവ നമ്മോടൊപ്പം ജീവിക്കും. അവയുടെ സ്വകാര്യതയില്‍ കയറി നാം ഇടപെടാത്ത കാലത്തോളം..”
ജോണിച്ചായന്‍റെ വാക്കുകള്‍ മനസ്സില്‍ ചിലപ്പോഴൊക്കെ കടന്നുവരും.
നീലഗിരിയിലെ എന്‍റെ ഇടത്തില്‍ നിത്യ സന്ദര്‍ശകനായ ഈ പക്ഷി ഓരോ പുലരികളിലും പ്രശാന്തമായ അന്തരീക്ഷത്തിന് ശോഭ ഏകാനെന്നവണ്ണം സ്തുതി ഗീതങ്ങളാല്‍ നിറയ്ക്കും. ഒരു പക്ഷിയെ മാത്രമേ കണ്ടിട്ടുള്ളൂ. സന്ദര്‍ശകര്‍ ആരും ഇല്ലാത്തപ്പോള്‍ വരാന്തയിലും മറ്റും വന്നിരിക്കാറുമുണ്ട്. നമ്മുടെ ഒരനക്കം മതി നീളമേറിയ ഒരു വിസിലടിയോടെ പറന്നകലാന്‍.
തറയില്‍ ഇര തേടുന്ന പക്ഷിയാണ് ചൂളകാക്ക. വണ്ടുകള്‍, നിശാശലഭങ്ങള്‍, പുഴുക്കള്‍, മണ്ണിരകള്‍ എന്നിവയൊക്കെ ആഹാരമാണ്. മനുഷ്യ ഭക്ഷണങ്ങളുടെ അവശിഷ്ട്ടങ്ങളും ഭക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഏതെങ്കിലും മരച്ചില്ലകളിലെ കുറ്റികളില്‍ സ്വസ്ഥമായിരുന്ന് ആ ക്ലാസ്സിക് ഗീതം ആലപിക്കുന്നത് കാണാം. മലനിരകളിലെ താമസത്തില്‍ ഒക്കെയും അതിരാവിലെ ചൂളകാക്കയുടെ സംഗീതം നമ്മെ തേടി എത്തുന്നത് കേള്‍ക്കാം.
കാക്കയോട് സാമ്യം തോന്നുമെങ്കിലും വലിപ്പത്തിലും നിറത്തിലും ഒക്കെ ഏറെ വ്യത്യസ്തമാണ് ഈ പക്ഷി. നീലിമയാര്‍ന്ന കറുപ്പ് നിറമാണ് ഇവയ്ക്ക്. നെറ്റിയിലും ചിറകുകള്‍ ആരംഭിക്കുന്ന ഭാഗത്തും ചിറകുകളുടെ വശങ്ങളിലും തിളങ്ങുന്ന നീല നിറമാണ്. സൂര്യപ്രകാശം ദേഹത്ത് വീഴുമ്പോള്‍ ഏറെ മനോഹരമായ കാഴ്ചയാണ്. ചുണ്ടും കാലുകളും കറുപ്പ് നിറമാണ്. ശബ്ദത്തിന് ചൂളം വിളിയുമായി സാമ്യം ഉള്ളത് കൊണ്ടും കാക്കയുടെ ചെറിയൊരു രൂപ സാദൃശ്യം ഉള്ളത് കൊണ്ടുമാണ് ഇവയെ ചൂളകാക്ക എന്ന പേര് ചൊല്ലി വിളിക്കുന്നത്. ഇംഗ്ലീഷില്‍ MALABAR WHISTLING THRUSH എന്നാണ് പേര്. “Whistling School Boy” എന്നും വിളിക്കാറുണ്ട്. ശാസ്ത്രനാമം- Myiophonus Horsfieldii എന്നാണ്.
നിത്യ ഹരിത വനങ്ങളിലും, കാപ്പി, ഏലം, തേയില തോട്ടങ്ങളിലും പുഴകളുടേയും പാറക്കെട്ടുകള്‍ നിറഞ്ഞ നീര്‍ച്ചാലുകളുടേയും ഭാഗങ്ങളിലും ഒക്കെ ചൂളകാക്കയെ കാണാം. പുലരിയിലും സന്ധ്യയിലും ഇവയുടെ ഗാനാലാപനം ഏറെ കേള്‍ക്കാം എങ്കിലും മറ്റു സമയങ്ങളിലും ഞാന്‍ കേട്ടിട്ടുണ്ട്.
ആദ്യമായി കാട്ടില്‍ പോകുന്ന ഒരാള്‍ക്ക് ഇവയുടെ പാട്ട് കേട്ടാല്‍ മനുഷ്യര്‍ ആരോ മറഞ്ഞിരുന്ന് ചൂളമടിച്ച് പാടുന്നതായേ തോന്നൂ. ഈ പക്ഷി പകല്‍ സമയത്ത് വളരെ തിരക്കിട്ട് എന്ന പോലെയാണ് ഇര തേടുന്നത്. കാട്ടരുവി ഓരങ്ങളിലെ പാറകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി നടന്നും പറന്നും ആഹാരം തേടുന്നത് കാണാം. ചിലപ്പോള്‍ ചെറു തവളകളെയും പിടി കൂടി ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. ഭയപ്പെട്ട് പറന്നു പോകുമ്പോള്‍ നീട്ടിയുള്ള ഒരു ചൂളംവിളിയുണ്ട്. ഇര തേടുന്നതിനിടയില്‍ അടിക്കടി വാല്‍ വിടര്‍ത്തുകയും ചുരുക്കുകയും ചെയ്യുന്നത് കാണാം.
വെള്ളച്ചാട്ടങ്ങള്‍ക്കരികിലും അരുവികള്‍ക്കരികിലും ഉള്ള പാറക്കെട്ടുകളിലാണ് ചൂളകാക്കകള്‍ സാധാരണ കൂടൊരുക്കാറുള്ളത്. നെല്ലിയാമ്പതിയിലെ ഒരു കരിങ്കല്‍ പാലത്തിനടിയില്‍ ഇവയുടെ കൂട് ഞാന്‍ കണ്ടിട്ടുണ്ട്. ഫെബ്രുവരി- സെപ്റ്റംബര്‍ മാസങ്ങളിലാണ് പ്രജനനകാലം.
മൂന്നാറും പരിസരവും പാമ്പാടും ഷോല നാഷണല്‍ പാര്‍ക്ക്, മതികെട്ടാന്‍ ചോല നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞി നാഷണല്‍ പാര്‍ക്ക്, ആനമുടി ഷോല നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലെയും മറ്റും താമസത്തിനിടയില്‍ മൂടല്‍മഞ്ഞ് മൂടിയ പുലരികളില്‍ ചൂളകാക്കയുടെ സംഗീതം നമ്മെ തേടി വരുന്നത് മറക്കാനാവാത്ത അനുഭവമാണ്.
മൂടല്‍മഞ്ഞിലൂടെ നാം പക്ഷിയെ തേടി അലയുകയാണ്.
അപ്പോഴാവാം തൊട്ടരികില്‍ നിന്ന് ആ ചൂളംവിളി ഉയരുന്നത്!
പക്ഷെ പക്ഷിയാകട്ടെ മൂടല്‍മഞ്ഞിനിടയില്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടാകും…..
എപ്പോഴെങ്കിലും ചൂളകാക്കയുടെ ഗാനം ഏതൊരാളും കേട്ടിരിക്കണം. പക്ഷികളും അവയെ സംരക്ഷിച്ചു നില്‍ക്കുന്ന കാടും വിസ്മയങ്ങളുടെ ഒരു ലോകമാണ്…..