ഇതാ.. ഇപ്പോള്‍ സുഹൃത്തും കാനന സഞ്ചാരിയും ആയ അഡ്വക്കേറ്റ് അരുണ്‍ സാറിനൊപ്പം അതേ വരാന്തയില്‍ വീണ്ടും ഇരിക്കുന്നു. പുഴയിലും അക്കരെയുള്ള കാട്ടിലും നല്ല വെയില്‍ പരന്നു കഴിഞ്ഞു. ക്യാമ്പ് ഷെഡിന്‍റെ മുന്നിലുള്ള പൂച്ചെടികളിലൊക്കെ ചിത്ര ശലഭങ്ങള്‍ നൃത്തം വെയ്ക്കുന്നു.
“ സര്‍, കാട്ടില്‍ നടക്കാന്‍ പോകേണ്ടേ ?”
വാച്ചര്‍ വന്നു ചോദിച്ചപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി.
“ഇപ്പോള്‍ വേണ്ട..”
ഒരുമിച്ചായിരുന്നു മറുപടി പറഞ്ഞത്.
ഈ വരാന്തയുടെ നിശബ്ദതയിലിരുന്ന് പുഴയിലേക്കും അക്കരെയുള്ള കാട്ടിലേക്കും നോക്കുമ്പോള്‍ അതില്‍ പരം മറ്റെന്തു വേണം!
എപ്പോള്‍ കാട്ടില്‍ കയറിയാലും ഫോട്ടോഗ്രാഫി ചെയ്യണം എന്നുള്ള നിര്‍ബന്ധക്കാരല്ലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. പ്രിയമുണര്‍ത്തുന്ന ഹൃദ്യമായ കാനന ദൃശ്യങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്തുന്നതിലും ഹൃദയത്തിലേക്ക് പകര്‍ത്തുവാനാണ് ഞങ്ങള്‍ ഇഷ്ട്ടപ്പെട്ടിരുന്നത്. വെറുതെയങ്ങനെ നിശബ്ദമായി കാട്ടിലേക്ക് നോക്കിയിരിക്കുക. ഭ്രമിപ്പിക്കാന്‍ പോന്നതാണ് ആ നിശബ്ദമായ അനുഭവം. ഇവിടെ ത്രിസന്ധ്യയിലാണ് വന്യജീവികള്‍ സ്വൈര്യ വിഹാരത്തിനിറങ്ങുക.
അക്കരെ നിന്നും എന്തൊക്കെയോ ശബ്ദങ്ങള്‍ ഉയരുന്നു.
“ആനക്കൂട്ടമായിരിക്കും…….”
അരുണ്‍ സര്‍ മെല്ലെ പറഞ്ഞു. ചീവിടുകളുടെ സംഗീതം ആ കെട്ടിടത്തിന് പിന്നിലുള്ള കാട്ടില്‍ നിന്നുമുയര്‍ന്നു. അത് ഒരു മഹത്തായ സിംഫണി ആയിരുന്നു. ആരോഹണ അവരോഹണ ക്രമത്തില്‍ അവിടമാകെ ഒഴുകി പരന്നു. ഇടയില്‍ കനത്ത നിശബ്ദതയിലേക്കും പോയി.
പുഴയില്‍ നിന്നും തണുപ്പ് മെല്ലെ വരാന്തയിലേക്കും കയറി ഞങ്ങളെ പൊതിഞ്ഞു. ഇപ്പോള്‍ കാടാകെ നിശബ്ദമായി. പുഴ ഒഴുകുന്ന ശബ്ദം പോലും ഇല്ല. ആ നിശബ്ദതക്ക് കാതോര്‍ത്ത് ഞങ്ങള്‍ ഇരുന്നു. ഇലകള്‍ പരസ്പരം അടക്കം പറയുന്ന മര്‍മരം ഉണര്‍ന്നു. അക്കരയിപ്പോള്‍ ഇരുള്‍ മാത്രം. പുഴയും അത്ര വ്യക്തമല്ല. ആകാശ കീറിലെ നേര്‍ത്ത തെളിച്ചം പുഴയില്‍ കാണാം.
തണുപ്പ് കൂടി വരുന്നു. ഞാന്‍ ചെവികള്‍ ഒന്നാകെ മൂടുന്ന കോട്ട് ഇട്ടു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ ആകാശത്തിലും പുഴയിലും മങ്ങിയ ചന്ദ്ര പ്രകാശം.
പണ്ടൊക്കെ ഏറെ ചെറുപ്പമായിരുന്നപ്പോള്‍ എല്ലാ പൌര്‍ണമി രാവുകളിലും ഞങ്ങള്‍ ഏതാനം പേര്‍ ഏതെങ്കിലും കാട്ടു പുഴയോരത്ത് രണ്ട് രാവുകള്‍ കഴിച്ചു കൂട്ടാറുണ്ടായിരുന്നു. സെബാസ്റ്റ്യന്‍ മാഷായിരുന്നു ഞങ്ങളെ അങ്ങിനെ കാട്ടു പുഴയോരത്തെക്കൊക്കെ കൂട്ടി കൊണ്ടു പോയിരുന്നത്.
പുഴയില്‍ കുളിയും പുഴയോരത്ത് വല്ല കപ്പയോ കാച്ചിലോ പുഴുക്കുണ്ടാക്കി കഴിച്ചും ഞങ്ങള്‍ മാഷിന്‍റെ യാത്രാനുഭവങ്ങള്‍ക്ക് കാത് കൊടുക്കും.
പൂര്‍ണ്ണ ചന്ദ്രന്‍ ഉദിച്ചുയരുമ്പോള്‍ ഞങ്ങള്‍ നിശബ്ദരായി ആ കാഴ്ച കാണും. ചന്ദ്രന്‍ പുഴയില്‍ വീണു തിളങ്ങുന്നത് കാണാന്‍ കാത്തിരിക്കും. ചന്ദ്ര പ്രഭയില്‍ ആകൃഷ്ടനായി പുഴയിലേക്കിറങ്ങി വരുന്ന കാട്ടാന കൂട്ടങ്ങളെയും കാട്ടു പോത്തിന്‍ കൂട്ടങ്ങളെയുമൊക്കെ വിസ്മയത്താല്‍ നോക്കിയിരിക്കും. ഒടുവില്‍ എപ്പോഴെങ്കിലും പാറപ്പുറത്ത് ചെറു ചൂടേറ്റ് മയങ്ങും.
“അത്താഴം ആയി ..”
വാച്ചര്‍ അത്താഴം വിളമ്പി. വീണ്ടും പരിപൂര്‍ണ്ണ നിശബ്ദത.
“രാത്രിയില്‍ ചിലപ്പോഴൊക്കെ കടുവയുടെ ശബ്ദം കേള്‍ക്കാറുണ്ട് സാര്‍..” അയാളുടെ കണ്ണുകള്‍ മങ്ങിയ വെട്ടത്തില്‍ തിളങ്ങുന്നതായി കണ്ടു.
“എപ്പോഴെങ്കിലും കടുവയെ കണ്ടിട്ടുണ്ടോ?”
ഞാന്‍ ചോദിച്ചു. അയാള്‍ ഒരു നിമിഷം പകച്ചു. പിന്നെ കാടോര്‍മ്മകളില്‍ നിന്നും ആ വലിയ മാര്‍ജ്ജാരനെ കണ്ട നാള്‍ ഓര്‍മ്മിച്ചെടുക്കുവാന്‍ ശ്രമിച്ചു.
“ഒടുവില്‍ രണ്ടു മാസം മുന്‍പ് ഒരു ദിവസം രാവിലെ അക്കരെ നിന്നും ഒന്ന്‍ ഇറങ്ങി വന്നു. എന്നിട്ട് പുഴയോരത്തെ കല്ലില്‍ ഇരുന്ന്‍ ഞങ്ങളെ നോക്കി. പിന്നെ പുഴ നീന്തി കടന്ന് ഇക്കരെ കാട്ടിലേക്ക് കയറി പോവുകയും ചെയ്തു…” പറഞ്ഞു നിര്‍ത്തിയിട്ട് പുറത്തെ ഇരുളിലേക്ക് കാതോര്‍ത്തു. പിന്നെ തുടര്‍ന്നു. “ അവയങ്ങനെ മനുഷ്യനെ ഉപദ്രവിക്കില്ല, അവയുടെ പാട് നോക്കി മാറി നടക്കും. എന്തായാലും മനുഷ്യനേക്കാള്‍ മര്യാദക്കാരാണ് കാട്ടുമൃഗങ്ങള്‍. അവ ആവശ്യമില്ലാതെ ഉപദ്രവിക്കാന്‍ ശ്രമിക്കില്ല. അവ ജനിച്ചു വളര്‍ന്ന സ്ഥലമല്ലേ സാര്‍ ഇവിടം.?” ഞങ്ങളുടെ മുഖത്ത് ഒരു നിമിഷം നോക്കി. “ അപ്പോള്‍ അവരുടെ വീടാണിത്, നമ്മള്‍ ആ വീട്ടില്‍ താമസിക്കാന്‍ വന്നവരും. വീടിനൊരു മര്യാദ കൊടുക്കേണ്ടേ?”
പലപ്പോഴും എന്‍റെ നേച്ചര്‍ ക്യാമ്പുകളില്‍ ഞാനും ഈ കാര്യങ്ങള്‍ പറയാറുണ്ടെന്ന് ഓര്‍മ്മിച്ചു.
രാത്രി മയക്കത്തില്‍ ഞങ്ങള്‍ വീണ്ടും പുഴയ്ക്കക്കരെ നിന്നും ആനക്കൂട്ടങ്ങളുടെ ശബ്ദങ്ങള്‍ കേട്ടിരുന്നു.
മഞ്ഞു മൂടിയ പ്രഭാതമായിരുന്നു ഞങ്ങളെ കാത്തിരുന്നത്. ഒപ്പം ഒരു പാട് പക്ഷികളുടെ സംഗീതവും. സൂര്യപ്രകാശം നിറഞ്ഞപ്പോഴേക്കും പക്ഷികളും ചിത്രശലഭങ്ങളും ക്യാമറക്ക് വിരുന്നൊരുക്കുവാന്‍ എത്തിക്കഴിഞ്ഞിരുന്നു. ഒരിക്കല്‍ മാത്രം അകലെ എവിടെ നിന്നോ ഒറ്റപ്പെട്ട ഒരു മലമുഴക്കി വേഴാമ്പലിന്‍റെ ശബ്ദം കേട്ടു.
രണ്ടു ദിവസം മുന്‍പാണ് ചെക്ക്പോസ്റ്റിന്‍റെ പരിസരത്ത് ഒരു ജോഡി മലമുഴക്കി വേഴാമ്പലുകള്‍ ഏതാണ്ട് മൂന്നു മണിക്കൂറോളം വ്യത്യസ്തമായ ഒത്തിരി പോസുകള്‍ നല്‍കിയത്. റോഡരുകില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദമൊന്നും അവയെ ലേശം പോലും അലട്ടിയില്ല. കാട്ടാല്‍മരത്തിലെ പഴുത്ത പഴങ്ങളില്‍ മാത്രമേ അവ ശ്രദ്ധ ചെലുത്തിയിരുന്നുള്ളൂ. അലൌകികമായൊരു കാഴ്ച ആയിരുന്നു അത്. പഴങ്ങള്‍ ഭക്ഷിച്ചും തൂവലുകള്‍ മിനുക്കിയും മിഴികള്‍ പൂട്ടിയിരുന്നും ആ മലമുഴക്കികള്‍ ആഘോഷിക്കുകയായിരുന്നു.
പ്രാതല്‍ കഴിച്ച് ഞങ്ങള്‍ പുഴയ്ക്കരികിലേക്ക് നടന്നു. അവിടെ നാല് മുളകള്‍ കൂട്ടിക്കെട്ടിയ ഒരു ചങ്ങാടം കിടപ്പുണ്ടായിരുന്നു. അത് കെട്ടിയിട്ട കുറ്റിയില്‍ ഒരു ചെറു മീന്‍കൊത്തി (പൊന്മാന്‍) ജലത്തിലേക്ക് നോക്കി തപസ്സിരിക്കുന്നു.
ഇത്തരം ചങ്ങാടങ്ങള്‍ തുഴയാന്‍ പഠിച്ചത് പറമ്പിക്കുളത്തെ തൂണക്കടവ് ഡാമിനരികില്‍ നിന്നാണ്. പിന്നെ സുങ്കം കോളനിയില്‍ നിന്നും. അവിടെ നിലാവിലും വെയിലിലും മഞ്ഞിലും മഴയിലുമൊക്കെ ചങ്ങാടം തുഴഞ്ഞ് ഏറെ നടന്നിട്ടുണ്ട്.
ദീര്‍ഘ ദൂരങ്ങള്‍ ചങ്ങാടത്തില്‍ താണ്ടിയത് പെരിയാര്‍ കടുവ സങ്കേതത്തില്‍ വച്ചായിരുന്നു. അവിടെ വാച്ചര്‍ കണ്ണനായിരുന്നു വഴികാട്ടി. മൂന്നും നാലും മണിക്കൂറൊക്കെ ചങ്ങാടം തുഴഞ്ഞ് മുല്ലക്കുടിയിലേക്കും താന്നി കുടിയിലേക്കും സഞ്ചരിച്ചിട്ടുണ്ട്.
ഒരിക്കല്‍ അടിച്ചിൽതൊട്ടി ആദിവാസി കുടിയിലെ കുമാരനൊത്ത് മലക്കപ്പാറക്ക് താഴെ കപ്പായത്ത് നിന്നും ഇടമലയാറ്റിലേക്ക് ഈറ്റകള്‍ കൂട്ടി കെട്ടിയ വലിയ ചങ്ങാടത്തില്‍ സഞ്ചരിച്ചതൊക്കെ ഓര്‍മ്മയിലേക്ക് വന്നു നിറയുകയാണ്. അതും വലിയൊരു സഞ്ചാരം തന്നെയായിരുന്നു. പുഴയിലെ മീനും കപ്പയുമായിരുന്നു ആഹാരം. ഈറ്റ വെട്ടുകാര്‍ ആരൊക്കെയോ ഒപ്പം ഉണ്ടായിരുന്നു. ആ പോക്കിലാണ് ഒരു വലിയ കൂട്ടം ആനകള്‍ ഇടമലയാര്‍ നീന്തി കടന്ന് പൂയംകുട്ടി വനങ്ങളിലേക്ക് പോകുന്നത് കണ്ടത്.
മനുഷ്യന്‍റെ പല വികസന പ്രവര്‍ത്തനങ്ങളുടെയും ഫലമായി ജീവിതത്തോട് പൊരുതി നില്‍ക്കുകയാണ് വന്യ ജീവികളില്‍ പലതും. പ്രത്യേകിച്ച് ആഹാരം തേടി സഞ്ചരിച്ചിരുന്ന ആനക്കൂട്ടങ്ങളെ പോലെയുള്ള വന്യജീവികള്‍.
തിരിച്ചു പോകുവാനുള്ള ജീപ്പിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ടിപ്പോള്‍. ഞങ്ങള്‍ പുഴക്കരയില്‍ നിന്നും ക്യാമ്പ് ഷെഡിലേക്ക് കയറി. ബാഗുകളെല്ലാം ഒരുക്കി. അപ്പോഴേക്കും നല്ല വെയില്‍ തെളിഞ്ഞിരുന്നു.
പുഴയോരത്തെ ആ ഭവനത്തിന് വിട പറഞ്ഞ് ഞങ്ങള്‍ നീങ്ങി. കാടിനകവശത്ത് അപ്പോഴും പ്രകാശം വീണിട്ടില്ലായിരുന്നു. മദിപ്പിക്കുന്ന ഏതോ ഗന്ധം കാട്ടിനുള്ളില്‍ നിന്നും ഞങ്ങളെ തേടി എത്തി. ഏതെങ്കിലുംഅജ്ഞാത ചെടി പുഷ്പ്പിച്ചിട്ടുണ്ടാകും. വഴി നീളെ നിത്യഹരിത വനങ്ങളില്‍ കാണുന്ന മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
കരിങ്കുരങ്ങ് കൂട്ടങ്ങളെ പല ഇടങ്ങളിലും കണ്ടു. ആകാശം തൊട്ടു നില്‍ക്കുന്ന മഹാ വൃക്ഷങ്ങളായിരുന്നു പിന്നീടുള്ള ദൂരം. അത് കഴിഞ്ഞപ്പോള്‍ തേക്ക് തോട്ടങ്ങള്‍ കണ്ടു തുടങ്ങി.
ചാടിയും തെറിച്ചും കുലുങ്ങിയുമൊക്കെ ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിനരികില്‍ എത്തി.
ഇനിയങ്ങോട്ട് ടാര്‍ റോഡിലൂടെയാണ് യാത്ര. ഞാന്‍ തിരിഞ്ഞ് ഇറങ്ങി പോന്ന മഹാ വൃക്ഷ കൂട്ടങ്ങളിലേക്ക് നോക്കി.
ഇനി അടുത്ത വരവ് എന്നായിരിക്കും!