അക്കരെയുള്ള ഇരുണ്ട കാട്ടില്‍ നിന്നും ഒരാനയുടെ ചിഹ്നം വിളി ഉയര്‍ന്നു. ഇന്നലെ രാത്രി മുഴുവന്‍ അവിടെ ശബ്ദ കോലാഹലങ്ങള്‍ ആയിരുന്നു. ഇത് മഞ്ഞുകാലമാണല്ലോ, അവ ഇണ ചേരുന്ന സമയമാണെന്ന് തോന്നുന്നു.
പുഴയ്ക്കക്കരെയുള്ള കാട്ടിലേക്ക് അപ്പോഴേക്കും ഒരു കാറ്റെത്തി. ആകാശത്തേക്ക് മത്സരിച്ച് കുട പോലെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങളെ അതൊന്നുലച്ചു. പിന്നെ മെല്ലെ പുഴയെ വന്നു തൊട്ട്, ഞങ്ങളെ തലോടി, പിന്നിലുള്ള കാട്ടിലേക്ക് കടന്നു പോയി.
പെട്ടന്ന്‍ അകലെ എവിടെയോ മലമുഴക്കി വേഴാമ്പലിന്‍റെ ശബ്ദം ഉയര്‍ന്നു.
ചെന്നെത്തുന്ന ഓരോ ആരണ്യകങ്ങളിലും മലമുഴക്കി വേഴാമ്പലുകളെ തിരയുന്ന ഒരു കാലത്തിന്‍റെ കാടോര്‍മ്മ ചെപ്പുകള്‍ ഒന്നൊന്നായി തുറന്നു വരികയാണ്. അത്രമേല്‍ ആഗ്രഹിച്ചിരുന്ന മറ്റൊരു കാനന അന്വേഷണവും ഉണ്ടായിരുന്നില്ല എന്ന് ചിന്തിച്ച കാലം!
1980-85 കാലഘട്ടം. അന്നിവിടെ ഈറ്റ മേഞ്ഞ ഒരു കുടിലായിരുന്നു ഉണ്ടായിരുന്നത്. മുന്നിലൂടെ പുഴയങ്ങനെ ഒഴുകുന്നത് കാണാന്‍ വലിയ മുള അടിച്ചു പരത്തിയുണ്ടാക്കിയ ഒരു ബെഞ്ച് ഇരിക്കാനും ഉണ്ടായിരുന്നു. ഇതുപോലെ ഒരു പ്രഭാതത്തില്‍ അക്കരെ കാട്ടില്‍ നിന്നും പുഴയിലേക്ക് ഇറങ്ങി വന്ന ഒരു കൂട്ടം ആനകളെ നോക്കിയിരിക്കുമ്പോഴാണ് മലമുഴക്കി വേഴാമ്പലുകളുടെ ശബ്ദം ഉയര്‍ന്നത്. അക്കരെ ഏതോ വൃക്ഷത്തില്‍ മലമുഴക്കികളുണ്ട്. പുഴയില്‍ സൂര്യപ്രകാശം പരന്നുകഴിഞ്ഞിരുന്നു. നേര്‍ത്ത നീരാവി പുഴയില്‍ നിന്നുമുയര്‍ന്നു കൊണ്ടിരുന്നു.
തെളിച്ചമുള്ള സൂര്യ കിരണങ്ങളേറ്റ് തിളക്കമുള്ള ആ കൊക്കുകളും കിരീടവും അണിഞ്ഞ്, വായുവില്‍ മെല്ലെ ചിറകുകള്‍ വീശി മുഴക്കമാര്‍ന്ന ശബ്ദത്തോടെ മലമുഴക്കികള്‍ പറന്നുവരുന്ന ഉജ്ജ്വലമായ ആ കാഴ്ചയില്‍ ഞാന്‍ വിസ്മയനേത്രനായി നിന്നു പോയിരുന്നു.
കണ്ണെത്തുന്ന ദൂരത്തെല്ലാം അവയുണ്ടല്ലോ..മലമുഴക്കികള്‍ അപ്പോഴും പുഴയുടെ അക്കരേക്കും ഇക്കരേക്കും പറന്നു നടക്കുകയായിരുന്നു.
ക്യാമറ ഇല്ലാത്ത അക്കാലത്ത് ഒരിക്കലും മങ്ങിപോകാത്ത ഓര്‍മ്മ ചിത്രങ്ങള്‍ ഹൃദയത്തിലേക്കാണ് പകര്‍ത്തി വച്ചത്..
കാലം കടന്നു പോയി….കാട് ഇലകള്‍ പൊഴിക്കുകയും തളിര്‍ക്കുകയും പൂത്തുലയുകയുമുണ്ടായി.
പിന്നീട് ഏറെ നാള്‍ കഴിഞ്ഞ് ഒരിക്കല്‍ കാനന നിശബ്ദതയില്‍ ക്യാമറയുമായി കാതോര്‍ത്തിരിക്കുമ്പോള്‍ വേഴാമ്പലുകള്‍ ക്യാമറയുടെ ഫീല്‍ഡിലേക്ക് പറന്നിറങ്ങി.
പക്ഷെ കാട് അത് തിരുത്തി. മുന്നിലെത്തുന്ന ഓരോ ജീവജാലങ്ങളും അങ്ങനൊക്കെ തന്നെയായിരുന്നു ക്യാമറക്കു മുന്നിലും മനസ്സിനുള്ളിലും. കാടിന്‍റെ പച്ച പടര്‍പ്പുകളില്‍ ഇരമ്പി മറയുന്ന ഓര്‍മ്മകള്‍ ഒരു പിടിയുണ്ട്. ഒരേ സമയം വിസ്മയിപ്പിക്കുകയം അമ്പരിപ്പിക്കുകയും പ്രണയ പരവശനാക്കുകയും എന്‍റെ കാനന സഞ്ചാരങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന എത്ര എത്ര അനുഭവങ്ങള്‍ !
അക്കാലത്ത് നായാട്ടുകാരുടെ കേന്ദ്രമായിരുന്നു ഇവിടം. പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍ എത്താന്‍ ഏറെ ദൂരമില്ല. അഞ്ചു കിലോമീറ്റര്‍ നടന്നാല്‍ ‘ഒരുകൊമ്പന്‍’ പുഴയായി. വേനല്‍ക്കാലത്ത് പുഴയിലെ ജലനിരപ്പ് ഏറെ താഴ്ന്നു പോകും. അപ്പോള്‍ തെളിഞ്ഞു കിടക്കുന്ന പാറക്കല്ലുകളിലൂടെ നടന്ന് അക്കരെ എത്തിയാല്‍ പറമ്പിക്കുളമായി. പുഴയില്‍ നിന്നും അല്പം മാറി അവിടെ ഒരു വലിയ ഏറുമാടം ഉണ്ടായിരുന്നു. പിന്നെ ശൂന്യമായി കിടക്കുന്ന ക്വാര്‍ട്ടേഴ്സുകളും. അവിടെ നിന്നും വീണ്ടും നടന്നാല്‍ കുരിയാര്‍ കുട്ടി ആദിവാസി കോളനി(കാടര്‍) ആയി. അവിടെ പുഴയ്ക്കു കുറുകെ തേക്കിന്‍ തടികള്‍ ഉപയോഗിച്ച് കെട്ടിയ ഒരു പാലമുണ്ട്. അത് കടന്നാല്‍ ഇടതു വശത്തേക്ക് ഒരു റോഡും നേരെ പഴയ ഒരു ട്രാംവേ വഴിയും. രണ്ടും പറമ്പിക്കുളത്ത് എത്തിക്കുന്നു.
രാത്രിയില്‍ വെടിശബ്ദങ്ങള്‍ കാട്ടില്‍ നിന്നും ഉയര്‍ന്നാല്‍ നമ്മള്‍ അതും അന്വേഷിച്ച് പോകരുത് എന്നാണ് ആദിവാസികളും പാവം വനംവകുപ്പ് ജീവനക്കാരും പറയുന്നത്. അന്ന് വനത്തില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഒരു ദിവാ സ്വപ്നമായിരുന്നു. അഥവാ ഉണ്ടെങ്കില്‍ തന്നെ അവ തീരെ പ്രവര്‍ത്തന യോഗ്യവുമല്ലായിരുന്നു.
പറമ്പിക്കുളം, ഷോളയാര്‍, വെള്ളിക്കുളങ്ങര കാടുകളില്‍ നിന്നും ദിനവും ചാലക്കുടിയിലേയും തൃശ്ശൂരിലേയും ഹോട്ടലുകളിലും ചില വ്യക്തികളുടെ വീടുകളിലും വെടിയിറച്ചി മണക്കുന്ന ഒരു കാലമായിരുന്നു അത്.
കാരുന്തോട് പുഴയിലൂടെ പിന്നെയും ജലമൊഴുകി.
ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറായി വാഴച്ചാലില്‍ ജോലി ചെയ്തിരുന്ന T.K. ലോഹിതാക്ഷന്‍ (പയ്യന്നൂര്‍) സാറുമായി കാട് അടുപ്പിച്ച് ചേര്‍ത്തൊരു സൌഹൃദമുണ്ട് എനിക്ക്. കാനന സംരക്ഷണവും നേച്ചര്‍ ക്ലബുകളുടെ പ്രവര്‍ത്തനങ്ങളുമായി അദേഹം സജീവമാണ്. നല്ലൊരു വായനക്കാരനുമാണ്.
രണ്ടു മൂന്നു വര്‍ഷം മുന്‍പ് അദേഹവുമായി ഒരു കാനന പരിശോധനക്ക് പോകുവാനുള്ള ഭാഗ്യം ലഭിച്ചു. ഒരു പക്ഷെ തൊട്ടടുത്ത പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ കുരിയാര്‍കുട്ടി – പുളിക്കല്‍ തോടിനരികില്‍ വച്ച് ചന്ദന കള്ളന്മാരെ "2009-ൽ ഞാൻ പിടിച്ചതു കൊണ്ടും ,
ആയോധന കലയിലെ എന്റെ ദീഘകാലത്തെ പരിശീലനവും കാരണമായിരിക്കാം." കൂടാതെ ആയോധനകലകളിലെ എന്‍റെ ദീര്‍ഘ കാലത്തെ പരിശീലനവും കാരണമായിരിക്കാം.
ഞങ്ങളന്ന് വാഴച്ചാലില്‍ നിന്ന് പെരിങ്ങല്‍കുത്ത് ഡാം വഴി ജീപ്പിലെത്തിയിട്ട് പകപ്പാറ, ലക്ഷ്മി പാറ വഴി കാട് കയറി. നടപ്പാതയില്‍ എവിടേയും ആനകളുടെ സാന്നിദ്ധ്യം അറിയിക്കുന്ന അടയാളങ്ങള്‍ ഉണ്ടായിരുന്നു. കാട്ടില്‍ നിന്നും വയലിലേക്ക് (ചതുപ്പ്) ഇറങ്ങിയ ഞങ്ങളെ അട്ടകളും മുട്ടൊപ്പം താഴ്ന്നു പോകുന്ന ചേറുമാണ് കാത്തിരുന്നത്. വയലില്‍ ചില ഇടങ്ങളിലായി മേഞ്ഞുകൊണ്ടിരുന്ന കാട്ടു പോത്തിന്‍ കൂട്ടവും കലമാന്‍ കൂട്ടവും ആശ്ചര്യത്തോടെ ശിരസ്സുയര്‍ത്തി നോക്കി നില്‍ക്കുകയും കാട്ടിലേക്ക് കയറി പോവുകയും ചെയ്തു.
ചേറില്‍ ഇടയ്ക്കിടെ ഉയര്‍ന്നുനില്‍ക്കുന്ന ചില പാറകള്‍ ഉണ്ട്. കാലില്‍ കടിച്ചു തൂങ്ങിയ അട്ടകളെ പറിച്ചെറിയുവാന്‍ അത്തരം ചെറിയ കല്ലുകളില്‍ കയറി നില്‍ക്കുമ്പോള്‍ അവ പിന്നെയും നിറയും. ചില ഇടങ്ങളില്‍ ദീര്‍ഘ ദൂരം മുട്ടൊപ്പം ഉയര്‍ന്നുനില്‍ക്കുന്ന പുല്ലിന് നടുവിലൂടെ വേണം പോകുവാന്‍. ചെറിയ നീരൊഴുക്കുകള്‍ ചാടി കടന്നും കയറിയിറങ്ങിയും ആ സഞ്ചാരമങ്ങിനെ തുടര്‍ന്നു.
ഒരു ഭാഗത്ത് എത്തിയപ്പോള്‍ സാമാന്യം വലിയ ഒരു തോട് കടക്കേണ്ടി വന്നു. അതിന് ഏതാണ്ട് മുട്ടിന് മേലെ ജലം ഉണ്ടായിരുന്നു. ഈറ്റക്കാടുകളുടെ ഇടയിലൂടെ അതൊഴുകി.
“ഇവിടെ രാജവെമ്പാലയുടെ കേളിയിടമാണ്.”
ലോഹിതാക്ഷന്‍ സര്‍ ഇരുണ്ട ഈറ്റക്കാടുകളിലേക്ക് നോക്കി പറഞ്ഞു. കൂടെയുണ്ടായിരുന്ന സ്റ്റാഫ് എല്ലാം ജാഗരൂകരായി. ഞാന്‍ ക്യാമറ ഒന്നുയര്‍ത്തി പിടിച്ചു.
പുഴ കടന്ന് ഞങ്ങള്‍ നല്ല നിത്യഹരിത വനത്തിലേക്കാണ് കയറിയത്. അവിടെ ഇലകള്‍ പൊഴിഞ്ഞു വീണ മെത്ത പോലെയുള്ള അടിക്കാടും അതില്‍ രക്തദാഹം അകറ്റാന്‍ കാത്തിരിക്കുന്ന അട്ടകളും!!
അപ്പോഴാണ് മരങ്ങള്‍ ഒടിയുന്ന ശബ്ദങ്ങള്‍ കേട്ടത്.
“ആനക്കൂട്ടം”
ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് കാണുവാന്‍ ആകുന്നതിന് മുന്‍പേ ആനക്കൂട്ടം മറഞ്ഞു കഴിഞ്ഞിരുന്നു. ദൂരെ നിന്നേ ആനക്കൂട്ടത്തിന് ഞങ്ങളുടെ ഗന്ധം ലഭിച്ചിട്ടുണ്ടാകാം.
ചെറിയൊരു കയറ്റം. അത് കാട്ടിനുള്ളിലെ വന്‍ വൃക്ഷങ്ങള്‍ നിഴല്‍ പരത്തിയ ഇരുണ്ട ഇടങ്ങളിലൂടെ ആയിരുന്നു. എവിടെയും ആനപിണ്ടങ്ങള്‍!! അകലെ എവിടെയോ നിന്നും ഒരു മലമുഴക്കി വേഴാമ്പലിന്‍റെ ശബ്ദം. അത് അധികനേരം തുടര്‍ന്നില്ല. കാടിപ്പോള്‍ നിശബ്ദമായിരിക്കുന്നു. ഞങ്ങളും.
വലിയൊരു ചീനി മരത്തിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന വേരുകള്‍ക്കിടയില്‍ ഞങ്ങള്‍ തെല്ലു നേരം കിതപ്പടക്കി.
എന്തൊരാശ്വാസം !
ഇവിടെ വായുമലിനീകരണമോ ജല മലിനീകരണമോ മണ്ണ് മലിനീകരണമോ ശബ്ദ മലിനീകരണമോ ഏതും ഇല്ലല്ലോ.. ആ കാരണങ്ങളാല്‍ തന്നെ നമ്മള്‍ എത്ര ഊര്‍ജ്ജസ്വലരായി തീരുന്നു. കാട് എതിന്‍റെയും ഊര്‍ജ ഉറവിടമല്ലേ എന്ന് അനുഭവങ്ങള്‍ തെളിയിക്കുകയാണ്.
പാദം വയ്ക്കുന്ന ഇടങ്ങളൊക്കെ ഇവിടെ ജീവനുകളാണ്. പൊഴിഞ്ഞു വീണ ഇല അടരുകള്‍ക്കിടയിലെ ഒരു പിടി കറുത്ത മണ്ണ് ഒന്നു വാരി നോക്കേണ്ടതാണ്. മഴക്കാടിന്‍റെ മണ്ണിലെ ഫല ഭൂയിഷ്ട്ടത. സൂര്യപ്രകാശത്തിന് ഇങ്ങോട്ട് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് മുകളില്‍ ഹരിത കുട നിവര്‍ത്തിയ വന്‍ വൃക്ഷങ്ങള്‍. പ്രാചീനവും ജൈവ സമ്പന്നവുമായ ഇത്തരം വനങ്ങളാണ് ഭൂമിയിലെ എല്ലാ ജീവനുകളുടേയും ആധാരം.
അത്ഭുതസ്തബ്ധന്‍ ആയിട്ടല്ലാതെ ഞാന്‍ ഒരിക്കലും ഇത്തരം കാടുകളില്‍ നിന്നിട്ടില്ല. ഏകാന്തമായ കാട്ടുവഴികളാണ് എന്‍റെ ഓരോ ചുവടുകളേയും ധ്യാനത്തിലേക്കെത്തിക്കുന്നത്.
നമ്മുടേയും കാടിന്‍റെയും പൊരുള്‍ എന്തെന്നറിയുവാന്‍ നമ്മള്‍ ഏകാന്തരായിട്ട് കാട്ടിലൂടെ സഞ്ചരിച്ചാല്‍ മതി. അപ്പോള്‍ നമ്മുടെ ഓരോ ചുവടുകളും ധ്യാനമാണ്. ചില വേള കാട് നമ്മെ ഒരു തീര്‍ഥാടകനാക്കി തീര്‍ക്കും. അതെ, ഭൂമിയിലെ ഏറ്റവും പുണ്യമായ ഇടത്തിലാണല്ലോ നാമിപ്പോള്‍ !
കാട്ടിലൂടെയുള്ള നടത്തം ആനന്ദകരമായി തീരുകയാണ്. ഭൂമിക്കടിയിലൂടെ ചില അദൃശ്യ നീര്‍ പ്രവാഹങ്ങള്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍. അത്തരം സവിശേഷതകള്‍ വരെ ആര്‍ജിക്കുവാന്‍ കാട് നാം അറിയാതെ നമ്മെ പാകപ്പെടുത്തുന്നു.
അതീവ നൈര്‍മല്യമുള്ള ഏതാനം വെള്ളപൂക്കള്‍ ഒരു കൊച്ചു ചെടിയില്‍. അവാച്യമായ സൌന്ദര്യത്തിന്‍റെ കാനന കാഴ്ചയിലേക്ക് ഒരു ചെറു വന പുഷ്പം എത്രമാത്രം ആകര്‍ഷകമായിട്ടാണ് നമ്മെ ക്ഷണിക്കുന്നത്!
മരതക പച്ചയണിഞ്ഞ ഒരു വണ്ട്. അതെത്ര മാത്രം മനോഹരമാണ് . ഞങ്ങള്‍ വീണ്ടും മുകളിലേക്ക് കയറി കൊണ്ടിരുന്നു.
ഇനി ഇറക്കമാണ്, ഇറക്കം കഴിഞ്ഞപ്പോള്‍ തുറസ്സായ ഒരിടത്തേക്കാണ് എത്തി ചേര്‍ന്നത്.
ഇവിടെ ഒരു കുളമുണ്ട്. നന്നായി തെളിഞ്ഞ് പച്ച രാശി കലര്‍ന്ന ജലം. അവിടമാകെ വന്യജീവികളുടെ ചവിട്ടടയാളങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. നിശ്ചലമായ ആ ജലാശയത്തിന് ചുറ്റിലും ചെറു സസ്യങ്ങള്‍ ധാരാളം തഴച്ചുവളര്‍ന്നു നിന്നിരുന്നു.
ഈ സ്ഥലത്തിന് ‘ഇക്കാ ഷെഡ്’ എന്നാണ് വിളിച്ചു വരുന്നത്. പണ്ട് പറമ്പിക്കുളത്തേക്ക് ചാലക്കുടിയില്‍ നിന്നും ട്രാംവേ ഉള്ള കാലത്ത് ഈ വഴിയിലൂടെയും ഒരുകൊമ്പന്‍കുട്ടി, കുരിയാന്‍കുട്ടി വഴി പറമ്പിക്കുളത്തേക്ക് സഞ്ചാരിച്ചിരുന്നു. അന്നിവിടെ ഒരു ഇക്കയുടെ ചായക്കട ഉണ്ടായിരുന്നു. അതുകൊണ്ട് പിന്നീട് ഇവിടം ‘ഇക്കാ ഷെഡ്’ എന്നറിയാന്‍ തുടങ്ങി.
ഞങ്ങള്‍ വീണ്ടും നടന്നു. ഇപ്പോള്‍ ജീപ്പ് പാതയില്‍ ആയി. ചുറ്റിനും വന്‍ വൃക്ഷങ്ങള്‍ തലയുയാര്‍ത്തി നില്‍ക്കുന്നതിന് ചോട്ടിലൂടെ പാത നീണ്ടു പോയി. അപ്പോഴും വഴി നീളെ അട്ടകള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.
ഇടതു വശത്തു കൂടെ പുഴ ഒഴുകുന്നത് ഇപ്പോള്‍ കാണാം. മറു വശം വലിയൊരു മണല്‍തിട്ട രൂപപ്പെട്ടിരുന്നു. മുതലകളെ മിക്കവാറും അവിടെ വെയില്‍ കാഞ്ഞു കിടക്കുന്നത് കാണാറുണ്ട്.
അങ്ങനെ ഞങ്ങള്‍ ഉച്ച തിരിഞ്ഞതോടെ കാരാത്തോട് ക്യാമ്പ് ഷെഡില്‍ എത്തി ചേര്‍ന്നു. ചുറ്റിനും വന്യ ജീവികള്‍ കടന്നു വരാതിരിക്കുവാന്‍ ട്രെഞ്ച് കുഴിച്ചിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം മഴ ആരംഭിച്ചു. മഴയില്‍ പുഴയെ നോക്കിയിരിക്കാന്‍ രസമാണ്. നേര്‍ത്ത പുക മഞ്ഞും കൂടി ചേര്‍ന്നപ്പോള്‍ കാഴ്ച ഏറെ മനോഹരമായിരുന്നു.
അന്നുരാത്രി അവിടെ തങ്ങിയിട്ട് പിറ്റേന്ന് ജീപ്പില്‍ തിരികെ വാഴച്ചാലിലേക്ക് പോവുകയാണുണ്ടായത്.