പി.പി.ചെറിയാൻ
ഹൂസ്റ്റൺ: കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്‍കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും ,നേതാക്കന്‍മാര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമേ കാണൂകയുള്ളൂവെന്നും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.ഹൃസ്വ സന്ദര്ശനാർത്ഥം അമേരിക്കയിൽ എത്തിയ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ എംപിക്ക് ആവേശോജ്വലസ്വീകരണം നൽകി ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയഹാളിലേക്ക് പ്രവേശിച്ച നേതാവിനെ ധീരാ വീരാ കെ സുധാകരാ, കണ്ണേ കരളേ കെ സുധാകരാ വിളികളുമായി കോൺഗ്രസ് പ്രവർത്തകരും അണിനിരന്നപ്പോൾ ഹൂസ്റ്റണിലെ സ്വീകരണം അക്ഷരാർത്ഥത്തിൽ വേറിട്ട കാഴ്ചകളൊരുക്കി.







ജനുവരി 20 ശനിയഴ്ച വൈകുന്നേരം 6 മണിയോടു കൂടി ദേവാലയ പരിസരത്തേക്ക് ഇൻദിൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ നേതാവിനെ കാണാൻ നൂറു കണക്കിനാളുകൾ ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഹാളിനുള്ളിലേക്ക് പ്രവേശിച്ച കെ സുധാകരനെ പുഷ്പവൃഷ്ടി കൊണ്ടാണ് സദസ്സ് എതിരേറ്റത്.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ഡാളസ് ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങു വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണപ്പകിട്ടേകി.
കലാപരിപടികളോടെ ആരംഭിച്ച സംഗമത്തിൽ നൂപുര സ്കൂൾ ഓഫ് ഡാൻസിലെ നേസ, ആഞ്‌ജലീന, ഇസബെൽ എന്നിവരവതരിപ്പിച്ച ഭരതനാട്യം നയനമനോഹരമായിരുന്നു. ഹൂസ്റ്റണിലെ സുപ്രസിദ്ധ ഗായകരായ ഷിനു, റോഷി സി മാലേത്ത് എന്നിവരുടെ ശ്രുതിമധുര ഗാനങ്ങൾ, നേസ ചാക്കോയുടെ മനോഹര നൃത്തം എന്നിവയോടെ കലാപരിപാടികൾക്ക് സമാപനമായി.
തുടർന്ന് ഒഐസിസി യുഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായ മഞ്ജു മേനോനെ വേദിയിയിലേക്കു ക്ഷണിച്ചു. ദേശഭക്തി ഗാനം വന്ദേ മാതരം, അമേരിക്കൻ ഇന്ത്യൻ ദേശീയ ഗാനങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജുഅനിറ്റ ജോയ്, ജ്യോത്സ്ന ജോയ്, ക്രിസ്റ്റൽ റോസ് ജോസഫ്, ആനി ജോസ്, ഷീല ചെറു എന്നിവർ നേതൃത്വം നൽകി.
ഒഐസിസി യൂഎസ്‍എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സമരാഗ്നി സംഗമത്തെ പറ്റി ആമുഖ പ്രസ്താവന നടത്തി. 2023 ഡിസംബർ 31 നു കേരളത്തിൽ നിന്നും ഒരു ചെറിയ കാറ്റായി തുടങ്ങി 2024 ന്റെ പുത്തൻ പുലരിയിൽ ചരിത്ര പ്രസിദ്ധമായ ഷിക്കാഗൊ നഗരത്തിൽ എത്തിയപ്പോൾ ഒരു ചെറിയ ചുഴലിക്കാറ്റായി മാറി ന്യൂ ജേർസി വഴി ഫ്‌ലോറിഡായിൽ എത്തിയപ്പോൾ ഒരു കൊടുങ്കാറ്റായി മാറിയ കെ സുധാകരൻ എന്ന കരുത്തനായ നേതാവ് ഹൂസ്റ്റൺ നഗരത്തിൽ എത്തിയപ്പോൾ ശാന്തത കൈവന്നു എന്ന് കരുതിയാൽ അത് തെറ്റി! ഫെബ്രുവരി 7 മുതൽ കേരളത്തിൽ ആരംഭിക്കുന്ന സമരാഗ്നി യാത്രയുടെ അഗ്നി ജ്വാല കത്തിക്കുവാനാണുണ് പ്രസിഡണ്ട് ഇവിടെ എത്തിയിരിക്കുന്നത് എന്ന സൂചനയോടൊപ്പം ഒഐസിസിയൂഎസ്‌എ സംഘടിപ്പിച്ച നിരവധി സമ്മേളനങ്ങളേയും കെപിസിസി പ്രസിഡണ്ട് പുതുതായി പ്രഖ്യാപിച്ച ന്യൂജേർസി, ന്യൂയോർക്, പെൻസിൽവാനിയ, അരിസോണ, ഫ്ലോറിഡ, നോർത്ത് കരോലിന, സാൻ അന്റോണിയ ചാപ്റ്ററുകളെ പറ്റി പരാമർശിക്കുകയായിരുന്നു ജീമോൻ.
നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതം പറഞ്ഞു.
തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ കെ സുധാകരൻ ചുമതലയേറ്റത്തിനുശേഷം കേരളത്തിലെ കോൺഗ്രെസ്സിനുണ്ടായ വിജയങ്ങളെ പറ്റി, യൂണിവേഴ്സിറ്റി തലങ്ങളിൽ കെഎസ് യു നടത്തിയ തിരിച്ചു വരവിനെ പറ്റി ബേബി മണക്കുന്നേൽ പ്രതിപാദിച്ചു.
തുടർന്ന് നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ നടത്തിയ പ്രസംഗത്തിൽ ദുർഭരണത്തെ തൂത്തെറിയുന്ന അഗ്നിഗോളമായി മുന്നേറുകയാണ് കെ.സുധാകരൻ എന്ന് ആവേശം നിറഞ്ഞു നിന്ന പ്രസംഗത്തിൽ ചൂണ്ടികാട്ടി.
അതിനു ശേഷം തുടർന്ന് കെ.സുധാകരൻ അമേരിക്കയിലെ തിരഞ്ഞെടുക്കപെട്ട
പ്രതിനിധികളായ ഫോർട്ട് ബന്ദ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്., മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടു, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് 240 ഡിസ്‌ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ, ഫോർട്ട് ബെൻഡ് കോർട്ട് ജഡ്ജ് ജൂലി മാത്യൂ എന്നിവരോടൊപ്പം നാഷണൽ, റീജിയൻ, ഹൂസ്റ്റൺ - ഡാളസ് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി. തുടർന്ന് അമേരിക്കയിലെ തിരഞ്ഞെടുക്കപെട്ട നേതാക്കളെ പൊന്നാട നൽകി ആദരിച്ചു.
തുടർന്ന് മൂന്നു നാല് ദശകങ്ങൾക്ക് മുൻപ് ഹൂസ്റ്റണിൽ എത്തി കോൺഗ്രസ് പ്രസ്ഥാനത്തിന് ശക്തി പകർന്നു നൽകിയ പൊന്നു പിള്ള, എബ്രഹാം തോമസ് (അച്ചന്കുഞ്ഞു) തോമസ് വർക്കി (മൈസൂർ തമ്പി) എന്നിവരെ പൊന്നാട നൽകി ആദരിച്ചു. ഏറ്റവും സീനിയറായ ജോർജ് എബ്രഹാമിന്റെ അഭാവത്തിൽ അദ്ദേ ഹത്തിന്റെ വിലപ്പെട്ട സേവനങ്ങളെ എടുത്തു പറഞ്ഞു.
ഒഐസിസിയുടെ ടെക്സസിലെ ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകൾക്കു ശേഷം പുതുതായി രൂപം കൊള്ളുന്ന സാൻ അന്റോണിയോ ചാപ്റ്ററിന്റെ കെപിസിസി പ്രസിഡണ്ട് പ്രഖ്യാപിച്ചു. അതൊടൊപ്പം പ്രസിഡണ്റ്റായി നിയമിക്കപ്പെട്ട സ്റ്റീഫൻ മറ്റത്തിലിനെ കെപിസിസി പ്രസിഡണ്ട് പൊന്നാട നൽകി ആദരിച്ചു.
തുടർന്ന് ന്യൂജേർസിയിൽ നിന്നും എത്തിയ ഡബ്ളിയുഎംസി ഗ്ലോബൽ പ്രസിഡണ്ട് തോമസ് മൊട്ടക്കൽ, ഒഐസിസി സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, സാമൂഹ്യ സാംസ്‌കാരിക സമുദായീക മാധ്യമ രംഗത്തെ പ്രമുഖരായ റവ. എ.വി.തോമസ്. റവ.കെ.ബി.കുരുവിള, ശശിധരൻ നായർ, ജി.കെ.പിള്ള,സൈമൺ വളാച്ചേരിൽ, ജേക്കബ് കുടശ്ശനാട്, ബ്രൂസ് കൊളമ്പയിൽ, അജിത് പിള്ള , ബിജു ഇട്ടൻ ടോം വിരിപ്പൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കെ സുധാകരൻ എംപി മറുപടി പ്രസംഗം നടത്തി.യുഎസിലെ ആദ്യ സന്ദര്ശനമാണ് ഇത്. ഇവിടെ എത്തിയതോടെ അമേരിക്കയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറി. അമേരിക്ക 'റോള്‍ മോഡല്‍ ടു വേള്‍ഡ്' എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ഈ രാജ്യത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരോട് അടക്കം കാട്ടുന്ന സ്‌നേഹവും കരുതലും അനുകമ്പയുമെല്ലാം ഇന്ത്യയില്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയുന്നതല്ല. അത്ഭുതം തോന്നുകയാണ. വിശാലമായ റോഡുകള്‍, രമ്യഹര്‍മ്യങ്ങള്‍. ഓരോ പൗരന്റെയും ജീവിത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ജോലി നഷ്ടപ്പെട്ട ചില മലയാളികളെ കണ്ടു. ജോലി പോയെങ്കിലും അവര്‍ക്ക ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും സുധാകരന്‍ പറഞ്ഞു.
നാട്ടിലെ സ്ഥിതി എന്താണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് എന്തു മെച്ചമാണ് ചെയ്യുന്നത് എന്ന് ചിന്തിച്ചു പോവുകയാണെന്നും സുധാകരന്‍ പറഞ്ഞു. യുഎസില്‍ എത്തിയിട്ടും മലയാളികള്‍ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഭാഗ്യമായി കരുതുന്നു. ലോകത്ത് ഏതു ഭാഗത്താണെങ്കിലും സ്വന്തം മണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ സമയം കണ്ടെത്തുന്ന നിങ്ങളുടെ മനസ്സ് വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഡോക്ടര്‍മാരുടെ പെരുമാറ്റവും കൃത്യനിഷ്ടയും കരുതലും ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തിയ തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഒഐസിസി ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് നന്ദി പ്രകാശിപ്പിച്ചു. മൈസൂർ തമ്പി ജനറൽ കൺവീനർ ജോർജ് കൊച്ചുമ്മൻ , ജോമോൻ ഇടയാടി, പൊന്നു പിള്ള, ഷീല ചെറു, എബ്രഹാം തോമസ്, ജോജി ജോസഫ്, രാജീവ് റൊണാൾഡ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നിരവധി കമ്മിറ്റികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സമ്മളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
സമ്മേളന ശേഷം ഡിന്നറും ഉണ്ടായിരുന്നു.
