കുവൈറ്റില്‍ ഇറാക്ക് നടത്തിയ യുദ്ധത്തിന്റെ 34 ാം വാര്‍ഷികം ഓഗസ്റ്റ് രണ്ടിന്.
യുദ്ധഭൂമിയില്‍നിന്നു ജീവനുംകൊണ്ട്
രക്ഷപ്പെട്ട ഓര്‍മയുമായി ജോസ്
തൃശൂര്‍: യുദ്ധഭൂമിയില്‍ പട്ടാളത്തിന്റെ തോക്കിന്‍ മുനയില്‍നിന്ന് പലായനം ചെയ്തതിന്റെ ഞടുക്കുന്ന ഓര്‍മകള്‍ ഇനിയും മങ്ങിയിട്ടില്ല. കുവൈറ്റില്‍ ഇറാക്ക് നടത്തിയ യുദ്ധത്തിന്റെ 34 ാം വാര്‍ഷികത്തിലും യുദ്ധക്കെടുതിയുടെ ഭീതിജനകമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് തൃശൂര്‍ പറവട്ടാനി സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനിയറുമായ ജോസ് പുതുക്കാടന്‍.
അതൊരു ഓഗസ്റ്റ് രണ്ടാം തീയതിയായിരുന്നു. കുവൈറ്റിലെ ഫ്രഞ്ച് കമ്പനിയുടെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ എന്‍ജിനിയറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഹോട്ടലിനു തൊട്ടു മുന്നിലുള്ള അപാര്‍ട്ട്‌മെന്റിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യ ഷൈനിയും ഏതാനും മാസം മാത്രം പ്രായമുള്ള മകന്‍ ആല്‍വിനുമാണു വീട്ടിലുള്ളത്.
പുലര്‍ച്ചെ തൊട്ടടുത്തുള്ള അംബരചുംബിയായ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന സുഹൃത്ത് ജോര്‍ജിന്റെ ഫോണ്‍. കുവൈറ്റിനെതിരേ ഇറാക്ക് ആക്രമണം തുടങ്ങിയെന്നും വളരെ ഉയരമുള്ള അപാര്‍ട്ട്‌മെന്റിനു നേരെ ഏതു സമയവും ആക്രമണമുണ്ടാകുമെന്നുമാണ് ജോര്‍ജ് തിടുക്കത്തില്‍ പറഞ്ഞത്.
ജോസ് ഇങ്ങനെ വിവരിക്കുന്നു: 'അവരുടെ ഫ്‌ളാറ്റിനു മുകളിലൂടെ ഇറാക്കിന്റെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഞാന്‍ താമസിക്കുന്ന അപാര്‍ട്ടുമെന്റിനു ഭൂഗര്‍ഭ നിലയുള്ളതിനാല്‍ താമസം ഇങ്ങോട്ടു മാറ്റുകയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ആ വിളി. അങ്ങനെ ജോര്‍ജും ഭാര്യയും ഞങ്ങളുടെ ഫ്‌ളാറ്റില്‍ അഭയം തേടി.
അതിനു പിറകേ ഞാന്‍ ഹോട്ടലിലേക്കു പോയി. അപ്പോഴേക്കും അതാ, ഒരു കൂട്ടം പട്ടാളക്കാര്‍ ഹോട്ടലിലേക്ക് ഓടിക്കയറി. ഇറാക്കി പട്ടാളം ഹോട്ടല്‍ പിടിച്ചെടുക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതു കുവൈറ്റ് പട്ടാളമായിരുന്നു. ഹോട്ടലിലെ ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് ഇരച്ചുകയറി എല്ലാ വസ്ത്രങ്ങളും അവര്‍ കൈക്കലാക്കി. സൈനിക വേഷം അഴിച്ചുമാറ്റി ഹോട്ടല്‍ ജീവനക്കാരുടെ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തേക്കു പോയി. ആക്രമിച്ചു മുന്നേറിയിരുന്ന ഇറാക്കി പട്ടാളത്തിന്റെ തോക്കുകള്‍ക്ക് ഇരയാകാതിരിക്കാനാണ് കുവൈറ്റ് പട്ടാളം ഇങ്ങനെ വേഷപ്രച്ഛന്നരായത്.
യുദ്ധം തുടങ്ങിയാല്‍ ഭക്ഷണംപോലും കിട്ടില്ലെന്നു ഭയന്നതിനാല്‍ കുഞ്ഞിനുള്ള പാല്‍ അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങിവയ്ക്കാന്‍ തീരുമാനിച്ചു. അദ്ഭുതമെന്നു പറയട്ടേ, യുദ്ധം തുടങ്ങി മണിക്കൂറുകള്‍ക്കകം കടകളെല്ലാം കാലിയായി. തദ്ദേശവാസികളായ അറബികള്‍ എല്ലാം വാങ്ങിക്കൂട്ടി. ഏതാനും പാക്കറ്റ് പാലും ബിസ്‌കറ്റും മാത്രമാണു തരപ്പെടുത്താനായത്.
യുദ്ധഭൂമിയായി മാറിയ കുവൈറ്റില്‍നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും തിടുക്കംകൂട്ടി. രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോഴേക്കും കുവൈറ്റ് സര്‍ക്കാരിന്റെ ഉത്തരവ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരെ പോകാന്‍ അനുവദിക്കരുതെന്നു വിലക്കിക്കൊണ്ടാണ് ഉത്തരവ്. പാസ്‌പോര്‍ട്ടില്‍ എന്‍ജിനിയര്‍ എന്നു രേഖപ്പെടുത്തിയിരുന്നതിനാല്‍ നാട്ടിലേക്കു മടങ്ങാനാവില്ലെന്ന അവസ്ഥയായി. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്ന് എംബസിയില്‍ പരാതി നല്‍കി താത്കാലിക യാത്രാരേഖ തരപ്പെടുത്താനുള്ള ശ്രമമായി.
കുവൈറ്റിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു. നാട്ടിലേക്കു മടങ്ങാന്‍ ജോര്‍ദാനിലെ അമാനിലെത്തണം. അങ്ങോട്ടു കൊണ്ടുപോകാന്‍ ഏതാനും ബസ് ഓപറേറ്റര്‍മാര്‍ രംഗത്തിറങ്ങി. അവര്‍ നിരവധി പേരെ ഇങ്ങനെ കൊണ്ടുപോയെങ്കിലും അമാനില്‍ എത്തിച്ചില്ല. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയിലുള്ള മരുഭൂമിയില്‍ ഇറക്കിവിടുകയാണു ചെയ്തത്. ഇത്രയേറെ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനോ വിമാന യാത്രാ സൗകര്യം ഒരുക്കാനോ കഴിയാത്തതിനാല്‍ ദിവസേനെ ഇരുന്നൂറോളം പേരെ മാത്രമേ അവരുടെ രാജ്യത്തേക്കു പ്രവേശിപ്പിച്ചുള്ളൂ. പകല്‍ അമ്പതു ഡിഗ്രി താപനിലയും രാത്രി അതിശൈത്യവും. ഭക്ഷണവും വെള്ളവും ഇല്ലാത്ത അനന്തമായ മരുഭൂമി. ഞങ്ങളുടെ ഫ്‌ളാറ്റിനു മുന്നിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പാക്കിസ്ഥാനി കുടുംബം നാട്ടിലേക്കു രക്ഷപ്പെടാന്‍ ബസ് കയറി പോയതായിരുന്നു. നാലാം ദിവസം അവര്‍ തിരിച്ചെത്തി. മരുഭൂമിയില്‍ ഇറക്കിവിട്ടതുമൂലം ദുരിതത്തിലായ അവരുടെ കുഞ്ഞ് മരിച്ചു. അതോടെയാണ് അവര്‍ മടങ്ങിയെത്തിയത്.
അതിനിടെ ഞാന്‍ ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ മാനേജുമെന്റും സ്റ്റാഫംഗങ്ങളുമെല്ലാം സ്ഥലംവിട്ടിരുന്നു. എന്‍ജിനിയറായതിനാല്‍ പോകാനാകാതെ ഞാന്‍ അവിടെത്തന്നെ കഴിയുകയാണ്. അങ്ങനെയിരിക്കേ, ഇറാക്കി പട്ടാളം ആ ഹോട്ടല്‍ പിടിച്ചെടുത്തു. ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ഹോട്ടലില്‍ താമസിക്കുന്നത്. ഹോട്ടലിലെ സാധനങ്ങളെല്ലാമെടുത്തു ഭക്ഷണമുണ്ടാക്കി കഴിക്കും. എല്ലാ ദിവസവും ഞാന്‍ ഹോട്ടലിലേക്കു പോകാറുണ്ട്. അവരുമായി ചങ്ങാത്തത്തിലായി. അവര്‍ എനിക്കും ഭക്ഷണം തരും.
ഒരു ദിവസം പട്ടാളം എന്റെ കാര്‍ തടഞ്ഞ് പിടികൂടി തോക്കു ചൂണ്ടി ഹോട്ടലില്‍ എത്തിച്ചു. ഹോട്ടലിലെ കേടായ എയര്‍ കണ്ടീഷണര്‍ ശരിയാക്കാനാണ് ഇങ്ങനെ അവര്‍ സേര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു പിടികൂടിയത്. എസി ശരിയാക്കിയതോടെ അവരുമായുള്ള ചങ്ങാത്തം കൂടുതല്‍ സുദൃഡമായി. നാട്ടിലേക്കു പോകാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ ദിവസവും പോകാനുള്ള പഴുതുതേടി അലയുകയായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് പാസ്‌പോര്‍ട്ടിനു പകരമുള്ള ബദല്‍ യാത്രാരേഖ കിട്ടി. ഫ്‌ളൈറ്റ് ടിക്കറ്റ് തരപ്പെടുത്തി. ഒരു ബസ് വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ രണ്ടു കുടുംബങ്ങള്‍ ബാഗ്ദാദിലേക്കു തിരിച്ചു. യാത്രാമധ്യേ പോലീസോ പട്ടാളമോ തടഞ്ഞില്ല. വിമാനം പറന്നുയര്‍ന്ന് യുദ്ധമേഖല പിന്നിട്ടശേഷമാണ് അല്‍പം ആശ്വാസമായത്.
തൃശൂര്‍ മിഷന്‍ ക്വാട്ടേഴ്‌സിലുള്ള അക്വാറ്റിക്‌സ് ക്ലബിന്റെ പ്രസിഡന്റും കുവൈറ്റ് റിട്ടേണീസ് അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയുമാണ് റിട്ടയേഡ് ചീഫ് എന്‍ജിനിയറായ ജോസ്.
(ജോസ് പുതുക്കാടന്‍ - 9847783069 )