advertisement
Skip to content

ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം: സതീശന്‍

തൃശൂര്‍: ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ്യ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.


സംസ്ഥാന പ്രസിഡന്റ് എ. മാധവന്‍ അധ്യക്ഷനായി. ടി.ജെ. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ, തൃശൂര്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി. നാരായണനെ ആദരിച്ചു.

സമാപന സമ്മേളനം മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ സുഖദ പ്രസംഗിച്ചു. വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്‍, ആര്‍.കെ. ദാമോദരന്‍, കെടിഡിസി ഡയറക്ടര്‍ ബാബു ഗോപിനാഥ് എന്നിവരെ ആദരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ നാലു ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ പ്രകാശനം നിര്‍വഹിച്ചു. എന്‍. മൂസകുട്ടി രചിച്ച 'അറിയപ്പെടാത്ത ലോകം', 'മഹത്തായ കുറ്റാന്വേഷണ കഥകള്‍', '1001 രാവുകളിലെ ജന്തു കഥകള്‍', കെപി. ആന്റണിയുടെ 'തൃശൂര്‍ ചരിതം ചില അനുഭവ സ്പര്‍ശങ്ങള്‍', പെല്ലിശേരിയുടെ 'ദശരഥം', ജോഷി ജോര്‍ജിന്റെ 'മോട്ടിവേഷണല്‍ ടിപ്‌സ്' എന്നീ ഗ്രന്ഥങ്ങളാണു പ്രകാശിതമായത്.

എണ്‍പതു വയസു കടന്ന മാധ്യമ പ്രവര്‍ത്തകരെ ടി.എന്‍. പ്രതാപന്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സി. അബ്ദുറഹ്‌മാന്‍, എം.എസ്. സമ്പൂര്‍ണ, ഫോറം ഭാരവാഹികളായ ഹക്കിം നട്ടാശേരി, ഹരിദാസന്‍ പാലയില്‍, കെ. കൃഷ്ണകുമാര്‍, വി. സുരേന്ദ്രന്‍, നടുവട്ടം സത്യശീലന്‍, സണ്ണി ജോസഫ്, ആര്‍.എം. ദത്തന്‍, സുമം മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.


സീനിയര്‍ ജേണലിസ്റ്റ്‌സ്:
അലക്‌സാണ്ടര്‍ സാം
പ്രസിഡന്റ്, വിജയകുമാര്‍
വീണ്ടു൦ ജന. സെക്രട്ടറി

തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്‌ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.

മുന്‍ പ്രസിഡന്റ് എ. മാധവന്‍ (എറണാകുളം), ഡോ. നടുവട്ടം സത്യശീലന്‍ (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.


മാധ്യമ പ്രവര്‍ത്തകരുടെ
പിഎഫ് പെന്‍ഷന്‍
7,500 രൂപയാക്കണം

തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.

സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്‍ഷന്‍ സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷന്‍ 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, പകുതി പെന്‍ഷന്‍ നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ ഫണ്ടില്‍ മാനേജുമെന്റ് വിഹിതം ഏര്‍പ്പെടുത്തുക, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നടപ്പാക്കിയ മെഡിസെപ് ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest