പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ശാപഗ്രസ്തമായ ഭൂമിയില്‍ പ്രവേശിച്ചു ബെത്ലഹേമിലെ ഒരു പശു തൊട്ടിയില്‍ പിറവിയെടുക്കുന്നതിനും, ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ മരുഭൂമിയിലും കാനനങ്ങളിലും സഞ്ചരിച്ചു നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും സ്വയം ഏല്പിച്ചുകൊടുത്ത ദൈവകുമാരന്റെ ജന്മദിനസ്മരണകൾ മനുഷ്യ മനസ്സിനെ മഥിക്കുന്ന ദിനമാണ് ക്രിസ്മസ്
പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു.കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി. എന്നന്നേക്കുമായി മനുഷ്യന് നല്കപ്പെട്ടിരുന്ന നിത്യജീവനും ദൈവീക തേജസും അവർ നഷ്ടപ്പെടുത്തി .പാപം ചെയ്‌തതിലൂടെ മനുഷ്യനു നഷ്ടപെട്ടതെന്തോ അത് വീണ്ടെടുകുന്നതിനും,മനുഷ്യവർഗത്തിന്റെ രക്ഷക്കായും ദൈവം തന്റെ കരുണയിലും മുൻനിര്ണയത്തിലും ഒരുക്കിയ ഒരു പദ്ധതിയാണ് യേശുക്രിസ്തുവിന്റെ കന്യകാജനനം.
ക്രിസ്തുമസ് പുതിയൊരു സൃഷ്ടിപ്പിൻറെ ചരിത്രം കൂടിയാണ്.ദൈവം നമ്മോടുകൂടെ വസിക്കുവാൻ തയാറെടുക്കുന്ന ,നമ്മെ അവൻ്റെ സ്വരൂപത്തിലേക്കും സാദ്ര്ശ്യത്തിലേക്കും മടക്കിയെടുക്കുന്നു .പ്രത്യാശയുടേയും സന്തോഷത്തിന്റേയും അവസരമാണ് ക്രിസ്തുമസ് .പിതാവിനു മക്കളോടുള്ള സ്‌നേഹം എപ്രകാരമാണോ അപ്രകാരമാണ് ദൈവത്തിനു മനുഷ്യരോടുള്ള സ്‌നേഹം .ദൈവീക സ്വരൂപത്തിൽ ദൈവത്തെക്കാൾ അൽപം മാത്രം താഴ്ത്തി ദൈവീക കരങ്ങളാൽ സൃഷ്ടി ക്കപെട്ട മനുഷ്യനെ എന്നന്നേക്കുമായി തള്ളിക്കളയുവാൻ സൃഷ്ടി കർത്താവിനാകുമോ? ഒരിക്കലുമില്ല .മാലാഖമാരുടെ സ്തുതി ഗീതങ്ങളും സ്വർഗീയ സുഖങ്ങളും വെടിഞ്ഞു തന്റെ ഏകജാതനായ പുത്രനെത്തന്നെ പാപം മൂലം മരണത്തിനധീനരായ മാനവജാതിയെ വീണ്ടെടുത്തു നിത്യജീവൻ പ്രദാനം ചെയ്യുന്നതിന് കന്യക മറിയത്തിലൂടെ മനുഷ്യവേഷം നൽകി ഭൂമിയിലേക്കയകുവാൻ പിതാവിന് ഹിതമായി .ഇതിലും വലിയ സ്നേഹം എവിടെയാണ് നമുക്കു ദർശിക്കുവാൻ കഴിയുക ?വചനം മാംസമായതിലൂടെ അഥവാ ദൈവം മനുഷ്യനായതിലൂടെ അഭൗമികമായതു ഭൗമികതയെ സ്വീകരിച്ചു .
ബെത്‌ലഹേമിലെ പുല്കൂട്ടിൽ പിറന്നുവീണ ഉണ്ണി യേശുവിനെ തേടി വിദ്വാന്മാര്‍ യാത്ര തിരിച്ചത് അവർക്കു മുകളിൽ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ ലക്ഷ്യമാക്കിയാണ് . ദൈവം അവർക്കു നൽകിയ അടയാളമായിരുന്നു നക്ഷത്രം .എന്നാല്‍ ആ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചു യാത്ര ചെയ്തു രാജാവിന്റെ കൊട്ടാരത്തിലാണ് അവർ എത്തിചേർന്നത്.ദൈവകുമാരൻ ജനിക്കുക ഒരു രാജകൊട്ടാരത്തിലല്ലേ? ദൈവീക ജ്ഞാനത്തിനും ലക്ഷ്യങ്ങൾക്കും അപ്പുറമായി വിദ്വാന്മാർ ചിന്തിച്ചതും വിശ്വസിച്ചതും അവർക്കു വിനയായി ഭവിച്ചു .പരിണിതഫലമോ ആയിരകണക്കിന് നവജാത ശിശുക്കളുടെ ജീവനാണു ബലിയർപ്പിക്കേണ്ടിവന്നത്
.ഇന്ന് പലരും വിദ്വാന്മാരുടെ പാതയിലൂടെ സഞ്ചരിക്കുന്നവരാണ് സ്വയത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും അഹങ്കരിക്കുകയും ചെയ്തു ദൈവീക ജ്ഞാനത്തേയും അരുളപ്പാടുകളെയും തള്ളി കളയുന്നു. ഇതു അവർക്കു മാത്രമല്ല സമൂഹത്തിനും ശാപമായി മാറുന്നു .മനം തിരിഞ്ഞു ദൈവീക ജ്ഞാനത്തില്‍ ആശ്രയികുകയും അവന്റെ വഴികളെ പിന്തുടരുകയും ചെയുമ്പോൾ മാത്രമാണ് നമുക്ക് യഥാര്തമായി ഉണ്ണി യേശുവിനെ കാണുവാനും പൊന്നും മൂരും കുന്തിരിക്കവും സമര്പിക്കുവാനും സാധിക്കുന്നത് . ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം, ക്രിസ്തു എന്ന ഏക ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കാതെ യഥാർത്ഥമായി രക്ഷിതാവിനെ കണ്ടെത്തുന്നതിനുള്ള അവസരമായി മാറട്ടെയെന്നു ആശംസിക്കുന്നു.
ദൈവം മാംസം ധരിക്കുകവഴി വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത് .മാംസധാരികളായ നാം ദൈവത്തെ ഉൾകൊള്ളുന്നതിനുള്ള വെല്ലുവിളി ഏറ്റെടുക്കുമോ ?ദൈവാത്മാവ് നമ്മുടെ ജഡത്തിൽ വ്യാപാരിക്കുവാൻ നാം നമ്മെ തന്നേ ഏല്പിച്ചുകൊടുക്കുമോ?താഴ്മയുടെയും ,സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പ്രതിഫലനമായിരികേണ്ടതല്ലേ നമ്മുടെ ജീവിതം ?.അതാണ് മറ്റുള്ളവർ നമ്മിൽ നിന്നും പ്രതീക്ഷിക്കുന്നതും.ക്രിസ്തുവിന് വലിയ ആഘോഷങ്ങളും വിരുന്നു സല്‍ക്കാരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നമ്മിലര്‍പ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്.
സ്വര്‍ഗ്ഗം നിരസിക്കുമ്പോള്‍, വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോള്‍, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോള്‍, ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരിട്ട് രുചിച്ചറിയുവാന്‍ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങള്‍ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുവാന്‍ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?ക്രിസ്തു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.
ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വ്വ പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന സത്യങ്ങള്‍ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ രക്ഷകനായി സ്വീകരിച്ചു ഓരോരുത്തരുടേയും ഹൃദയാന്തര്‍ഭാഗത്ത് ദിനംതോറുമുളള ആഘോഷമാക്കി ക്രിസ്മസ് മാറും' എന്ന പ്രതിജ്ഞയോടെ ഈ വര്‍ഷത്തെ തിരുപിറവിയെ എതിരേല്‍ക്കാം
എല്ലാവർക്കും സന്തോഷകരമായ ക്രിസ്തുമസും സമ്പൽ സമൃദ്ധമായ നവവത്സരവും ആശംസിക്കുന്നു .