advertisement
Skip to content

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ അച്ചൻകുഞ്ഞ് ഇലന്തൂരിനു പുരസ്കാരം

തിരുവല്ല : ക്രൈസ്തവ സാഹിത്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മരുപ്പച്ച പത്രാധിപർ പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അർഹനായി.
നാലര പതിറ്റാണ്ടിലേറെയായി രചനാ രംഗത്തും പ്രസാധക മേഖലയിലും സജീവമായ അച്ചൻകുഞ്ഞ് ഇലന്തൂർ ഗ്രന്ഥകാരൻ, പത്രാധിപർ , മാധ്യമപ്രവർത്തകൻ , എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും ഏറെ ശ്രദ്ധേയനാണ്. പതിനേഴാം വയസ്സിൽ എഴുതി തുടങ്ങിയ അച്ചൻകുഞ്ഞ് ഇലന്തൂരിന്റെ രചനകളും പത്രാധിപ ലേഖനങ്ങളും ക്രൈസ്തവ ലോകത്തിന്റെ നവീകരണത്തിനും ആത്മീയ മുന്നേറ്റത്തിനും കാരണമായെന്നും രചനകളെല്ലാം ക്രിസ്തു കേന്ദ്രീകൃതമാണെന്നും ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വിലയിരുത്തി.

തിരുവല്ലയിൽ നടന്ന അവാർഡ് നിർണയ യോഗത്തിൽ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജനറൽ ട്രഷറർ ഫിന്നി പി. മാത്യു, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ജനറൽ കോഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സി.പി. മോനായി, ഷാജി മാറാനാഥ എന്നിവർ പ്രസംഗിച്ചു.

സമകാലിക വിഷയങ്ങളെ ആത്മീയ വീക്ഷണത്തിൽ വിലയിരുത്തുന്ന അച്ചൻകുഞ്ഞിൻ്റെ രചനകളും പുസ്തകങ്ങളും പെന്തെക്കോസ്തു സമൂഹത്തെ പുതിയ വീക്ഷണത്തിലേക്കും ദിശയിലേക്കും നയിക്കുവാൻ ഇടയായി. യിസ്രയേൽ ടൂറിസം വകുപ്പ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മരണത്തിനപ്പുറം, കൈത്തിരികൾ, നമ്മുടെ അയൽക്കാർ , ഉണർവിൻ്റെ ജ്വാലകൾ ,
നന്മയുടെ അടയാളങ്ങൾ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.

അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ ഉടമസ്ഥതയിൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ദീപ്തി പബ്ലിക്കേഷനിലൂടെ നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എഴുത്തുകാരുടെ കൂട്ടായ്മയായ സർഗ്ഗസമിതിയുടെ സ്ഥാപകനായ അച്ചൻകുഞ്ഞ് ഇലന്തൂർ ദീർഘകാലം അതിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. ക്രിസ്ത്യൻ എഡിറ്റേഴ്‌സ് സൊസൈറ്റിയുടെ അടിസ്ഥാന ശില്പികളിൽ പ്രധാനിയാണ്.

ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളിൽ ഇതര ക്രൈസ്തവ സഭകളുമായി കൈകോർത്തു നിന്നു പോരാടുവാൻ മുന്നിൽ നിന്നും പ്രവർത്തിച്ചു. ബൈബിൾ ചരിത്രത്തെ പെന്തക്കോസ് സമൂഹത്തിന് പരിചയപ്പെടുത്താൻ അദ്ദേഹം നയിക്കുന്ന ഗോസ്പൽ ടൂർ അനുഗ്രഹമായിട്ടുണ്ട്.

ഭാര്യ : ജാൻസി
മക്കൾ : ദീപ്തി, ഡോണ, ഡെന്നു.

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായി
പാസ്റ്റർ കെ.സി.ജോൺ (രക്ഷാധികാരി) , സി.വി.മാത്യു (ചെയർമാൻ) ,
പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ) ,
സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി) ,
ഫിന്നി പി. മാത്യു (ട്രഷറാർ),
പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു ഹ്യൂസ്റ്റൺ (സെക്രട്ടറിമാർ), ടോണി ഡി . ചെവ്വൂക്കാരൻ (ജനറൽ കോർഡിനേറ്റർ)
കമ്മിറ്റിയംഗങ്ങളായി
പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ , പാസ്റ്റർ റോയി വാകത്താനം , പാസ്റ്റർ സി.പി.മോനായി, കുര്യൻ ഫിലിപ്, ഷാജി മാറാനാഥ , കെ.ബി. ഐസക്ക്, ഷാജി കാരയ്ക്കൽ , വിജോയ് സ്ക്കറിയ, വെസ്ളി മാത്യു , ഉമ്മൻ എബനേസർ, നിബു വെളവന്താനം , എം. വി. ഫിലിപ്പ്, രാജൻ ആര്യപ്പള്ളി , ജോർജ് ഏബ്രഹാം, സ്റ്റാർല ലൂക്ക് എന്നിവർ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest