ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോക കേരള സഭയുടെ നടത്തിപ്പിന് എതിരെ ഉയർന്നിട്ടുള്ള വിമർശനം കണക്കിലെടുത്തു ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമം നടത്തണമെന്നു കേരള ഗവൺമെന്റിനോട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർ ജോർജ് ഏബ്രഹാം നിർദേശിച്ചു.

"ആ വിമർശനം തള്ളിക്കളയുന്നത് മിടുക്കാണെന്നു ഞാൻ കരുതുന്നില്ല," അദ്ദേഹം പറഞ്ഞു. "ജനാധിപത്യം കേവലം ഭൂരിപക്ഷത്തിന്റെ ഭരണമല്ല. എതിർക്കുന്നവരുടെ ശബ്ദവും കേൾക്കണം. ന്യൂനപക്ഷ അഭിപ്രായങ്ങളും പരിഗണിക്കണം."

കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും പാർട്ടിക്ക് മഹത്തായ ചരിത്രമുണ്ടെന്നു അദ്ദേഹം പറഞ്ഞു. 1996ൽ കോൺഗ്രസ് മന്ത്രിസഭയാണ് ആദ്യമായി എൻ ആർ ഐ വകുപ്പുണ്ടാക്കിയത്. നേരിട്ടുള്ള വിദേശനിക്ഷേപങ്ങൾ തേടി മന്ത്രി എം എം ഹസനും ഗവൺമെന്റ് സെക്രട്ടറി ജിജി തോംസണും യുഎസിൽ എത്തിയപ്പോൾ അവരുമായി സഹകരിച്ചു പ്രവർത്തിച്ചത് ഏബ്രഹാം ഓർമിച്ചു.
പ്രതിപക്ഷത്തിന്റെ സാന്നിധ്യം കൂടി ഉറപ്പാക്കാൻ സ്‌പീക്കറോട് ഏബ്രഹാം നടപടികൾ ആവശ്യപ്പെട്ടു. "പ്രതിപക്ഷ പങ്കാളിത്തം കൂടി ഉണ്ടായാൽ ഈ സമ്മേളനങ്ങൾ കൂടുതൽ ഫലപ്രദമാകും."
