ഹ്യൂസ്റ്റണ്‍: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (MMGH) മാർച്ച് 15 ശനിയാഴ്ച സംഘടിപ്പിച്ച സമൂഹ നോമ്പു തുറ വന്‍ വിജയമായി. വിവിധ മതവിശ്വാസങ്ങളിലുള്ള നിരവധി വ്യക്തിത്വങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. MMGH പ്രസിഡന്റ് മുഹമ്മദ് റിജാസിന്റെ നേതൃത്വത്തിലും മറ്റു കമ്മിറ്റിയംഗങ്ങളുടെയും സമർപ്പിതരായ വോളണ്ടിയർമാരുടെയും സഹകരണം കൊണ്ട് ഈ സമൂഹ നോമ്പു തുറ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.





വിവിധ മതവിശ്വാസികൾ പങ്കെടുത്ത ഈ സമൂഹ നോമ്പു തുറയില്‍ മതസൗഹാർദ്ദം, സമാധാനം, സഹിഷ്ണുത, സർവമത ഐക്യം എന്നിവയുടെ സന്ദേശം പങ്കുവെക്കുകയും, വിവിധ മതവിശ്വാസങ്ങളിലുള്ള വ്യക്തിത്വങ്ങൾ ഒരുമിച്ചു ഈ സന്ദേശം അറിയിക്കുകയും ചെയ്തു.
വിവിധ മതനേതാക്കൾ പങ്കെടുത്ത ഈ ഇഫ്താർ സംഗമത്തിൽ ISGH പ്രസിഡന്റ് ഇമ്രാൻ ഗാസി, ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണൻ, എക്യുമെനിക്കൽ ക്രിസ്ത്യൻ കൗൺസില്‍ പ്രസിഡന്റ്, സെയിന്റ് പീറ്റേഴ്‌സ് & സെയിന്റ് പോൾസ് ചർച്ച് വികാരി ഫാ. ഡോ. ഐസക് ബി പ്രകാശ്, ചർച്ച് ഓഫ് ലാറ്റർ ഡേ സെയിന്റ്‌സിന്റെ ഹൈ കൗൺസിൽ മെംബർ ഡൗഗ് ബ്രൗൺ, മിഷനറി ചർച്ച് ഓഫ് ഹ്യൂസ്റ്റണ്‍ പാസ്റ്റർ വിൽ മക്‌കോർഡ്, ഇസ്ലാമിക പണ്ഡിതനും ഐടി പ്രൊഫഷണലുമായ സൽമാൻ ഗാനി, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന ജനറൽ സെക്രട്ടറി എബ്രഹാം ഈപ്പൻ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, മിസോറി സിറ്റി ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) പ്രസിഡന്റ് ജോസ് കെ. ജോൺ, ട്രഷറര്‍ സുജിത് ചാക്കോ, SNDP യോഗം ഹൂസ്റ്റൺ പ്രസിഡന്റ് അഡ്വ. അനിയൻ തയ്യിൽ, മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഹൂസ്റ്റൺ പ്രസിഡന്റ് മനോജ് അനിരുദ്ധൻ എന്നിവരും മറ്റു പ്രമുഖരും, മലയാളി മുസ്ലിം കമ്മ്യൂണിറ്റി അംഗങ്ങളും, അവരുടെ സുഹൃത്തുക്കളും പങ്കെടുത്തു.
ഈ ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായി മാറി. വിവിധ മത, സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നവർ ഒരുമിച്ച് ഐക്യത്തോടെ ഇഫ്താർ ആഘോഷിച്ചത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമായി. കൂടാതെ, മതസൗഹാർദ്ദത്തിനും സാമൂഹിക ഐക്യത്തിനും ഊന്നൽ നല്‍കുകയും, സമാധാനം, സഹിഷ്ണുത, ഐക്യം എന്നിവയുടെ സന്ദേശം നൽകുകയും ചെയ്തു.
സമർപ്പണത്തിന്റെയും സഹനത്തിന്റെയും മാസമായ ഈ റമദാനില്‍, മലയാളി മുസ്ലിം കമ്മ്യൂണിറ്റി അംഗങ്ങൾ മതസൗഹാർദ്ദം പങ്കുവെച്ചു, എല്ലാവർക്കും നന്ദി അറിയിക്കുകയും ഇത്തരത്തിലുള്ള സമ്മേളനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് MMGH ഭാരവാഹികൾ അറിയിക്കുകയും ചെയ്തു.
വാര്‍ത്ത: അജി കോട്ടയിൽ
