ന്യു യോർക്ക്: ഇന്ത്യയിൽ പീഡനമനുഭവിക്കുന്ന സഹോദരരോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചും ഭിന്നതകൾക്കിടയിലും ക്രിസ്തുവിൽ തങ്ങൾ ഒന്നാണെന്ന സന്ദേശം നൽകിയും സേവനരംഗത്തെ ക്രൈസ്തവ സംഭാവനകൾ വിളംബരം ചെയ്തും മൂന്നാമത് ഇന്ത്യൻ ക്രിസ്ത്യൻ ദിനം (യേശു ഭക്തി ദിവസ്) ആഘോഷിച്ചു.
മൂന്നു വര്ഷം മുൻപ് ന്യു യോർക്കിൽ മാത്രമായിരുന്നു ആഘോഷങ്ങളെങ്കിൽ ഇന്നത് അമേരിക്കയിലെ പത്ത് നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നതിൽ ദൈവത്തിനു നന്ദി പറയുന്നുവെന്ന് ആഘോഷം സംഘടിപ്പിച്ച ഫിയക്കൊന (ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻസ് ഓഫ് നോർത്ത് അമേരിയ്ക്ക) പ്രസിഡന്റ് കോശി ജോർജ് ചൂണ്ടിക്കാട്ടുകയും ചെയ്തു.
സഭാവിഭാഗം നോക്കാതെ വിവിധ ചർച്ചകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്തു. സഭാസമൂഹങ്ങളുടെ കൊയർ ഹൃദയാവർജ്ജകമായി.
ഇന്ത്യയിലെ പീഡനങ്ങളിൽ നിരാശരാകാതെ സേവനരംഗത്ത് നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാക്ഷ്യം അഭംഗുരം തുടരുന്നതിൽ പ്രാസംഗികർ സംതൃപ്തി രേഖപ്പെടുത്തി. തിന്മയുടെ ആശയങ്ങൾ ശക്തിപ്പെടുമ്പോഴും സ്നേഹത്തിലൂടെ പ്രതികരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ മാതൃകയും അവർ എടുത്തു പറഞ്ഞു.
ബിഷപ്പ് റവ.ഡോ ജോൺസി ഇട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവിതകാലത്ത് ക്രിസ്തുവിനു ഒരുപാട് അനുചരർ ഉണ്ടായിരുന്നതായി ബിഷപ്പ് ജോൺസി ഇട്ടി ചൂണ്ടിക്കാട്ടി. എന്നാൽ യഥാർത്ഥ അനുഗാമികളായി വന്നത് 12 ശിഷ്യന്മാരാണ്. അവരിലൂടെയാണ് ക്രൈസ്തവ വിശ്വാസം വളർന്നത്.
ഫിയക്കൊന എക്സിക്യൂട്ടീവ് ഡയറക്റാർ റവ. നീൽ ക്രിസ്റ്റി (വാഷിംഗ്ഗ്ട്ടൺ, ഡി.സി) ആരോഗ്യ സംരക്ഷണരംഗത്തും പരിചരണമേഖലയിലും ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ എടുത്തുകാട്ടി.
വൈദ്യ പരിചരണരംഗത്ത് ക്രിസ്ത്യൻ മിഷനറികൾ നൽകിയ സംഭാവനകളുടെ പ്രയോജനം കാലങ്ങളായി നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നമ്മെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ സമയത്ത് 1000 ആശുപത്രികളും 60000 കിടക്കകളും അവർ നൽകി. ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കുക എന്നുള്ളത് മനുഷ്യന്റെ അവകാശങ്ങളിൽ ഒന്നാണ്. രോഗശാന്തിയിലേക്കുള്ള മാർഗം കാണിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നാണ് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത്. സമൂഹത്തിലെ സ്ഥാനമോ ജാതി വ്യത്യാസങ്ങളോ പരിഗണിക്കാതെയാണ് ക്രിസ്ത്യാനികൾ ആരോഗ്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത്, പ്രത്യേകിച്ച് കുഷ്ഠരോഗവും മറ്റ് സാംക്രമിക രോഗങ്ങളും ജനജീവിതം സ്തംഭിപ്പിച്ചിരുന്ന കാലയളവിൽ. ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഉത്തമ ഉദാഹരണങ്ങളാണ് ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജും-അദ്ദേഹം ചൂണ്ടിക്കാട്ടി
മത ദേശീയത സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ന്യു യോർക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. പീറ്റർ കുക്ക് ചൂണ്ടിക്കാട്ടി. അത് മതങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും വികലമാക്കുകയും ചെയ്യും. ലോകമെമ്പാടും പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മത ദേശീയതയിൽ നിന്ന് നാം വഴുതിമാറിനിൽക്കേണ്ടത് പ്രധാനമാണ്-റവ. കുക്ക് പറഞ്ഞു
ഇന്ത്യയിലെ ക്രിസ്തുമതവിശ്വാസത്തിന് 2000 വർഷങ്ങളുടെ പഴക്കമുണ്ടെന്നത് പലരും മറക്കുന്നതായി റവ . വിൽസൺ ജോസ്, (പാസ്റ്റർ, ഗ്രേസ് ഇൻ്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ്) ചൂണ്ടിക്കാട്ടി. ബി.ജെ.പി./ആർ.എസ്.എസ് ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഫിയാക്കോനയെ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ പിന്തുണയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു .
പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി എന്നും ശബ്ദമുയർത്തുന്ന പീയറ്റർ ഫ്രെഡറിച്ച് (കാലിഫോർണിയ) ശ്രദ്ധേയമായ പ്രസംഗത്തിൽ ദുരിതം അനുഭവിക്കുമ്പോഴും അത് നേരിട്ട് മുന്നേറാനുള്ള ഇന്ത്യൻ ക്രിസ്ത്യാനികളുടെ കഴിവിൽ അതിശയം പ്രകടിപ്പിച്ചു.
പാപത്തിൻ്റെയും അടിമത്തത്തിൻ്റെയും നുകത്തിൽ നിന്ന് ആളുകളെ മോചിപ്പിക്കുന്നതിൽ യേശു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഭൗതികമായ നമ്മുടെ വിമോചനം സംരക്ഷിക്കാൻ ഇന്ന് നമുക്ക് രാഷ്ട്രീയ വിമോചനം ആവശ്യമാണ്. നമുക്ക് മാനസികവും ആത്മീയവുമായ വിമോചനവും വേണം.
നിസ്സഹായരെ പീഡിപ്പിക്കുന്ന ദുഷിച്ച പ്രത്യയശാസ്ത്രത്തിൻ്റെ ഞെരുക്കത്തിൽ ഇന്ത്യ ഇപ്പോൾ അമർന്നിരിക്കുകയാണ്. മണിപ്പൂരിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള ക്രിസ്ത്യാനികൾക്ക് ഹിന്ദു ദേശീയ ഭരണകൂടം വിതച്ച ദുരിതങ്ങൾ വളരെ വലുതാണ് . നമുക്ക് തിന്മയെ നന്മകൊണ്ടു ജയിക്കാം. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക.
സെൻ്റ് തോമസിൻ്റെ രക്തസാക്ഷിത്വമാണ് ഇന്ത്യയിൽ ക്രിസ്തുമതത്തിന് വിത്ത് പാകിയത്. മദർ തെരേസ ഇന്ത്യയിലെ ദരിദ്രരോടും അധഃസ്ഥിതരോടും ക്രിസ്തുവിന് സമാനമായ സ്നേഹം പ്രകടിപ്പിച്ചു-അദ്ദേഹം ചൂണ്ടിക്കാട്ടി.
റവ. സാറാ പീറ്റർ, പാസ്റ്റർ, സെൻ്റ് പോൾസ് ഇൻ്റർനാഷണൽ ലൂഥറൻ ചർച്ച്, ഫ്ലോറൽ പാർക്ക്, പ്രാരംഭ പ്രാർത്ഥന നടത്തി.
FIACONA പ്രസിഡൻ്റ് കോശി ജോർജ് സ്വാഗതം ആശംസിച്ചു
ഗാനാലാപനം: ജൂബിലി ചർച്ച് ക്വയർ, സെൻ്റ് ജോൺസ് മാർത്തോമ്മാ ഗായകസംഘം, പഞ്ചാബി ഇന്ത്യൻ ചർച്ച് ഗായകസംഘം, സെൻ്റ് പോൾസ് ഇൻ്റർനാഷണൽ ലൂഥറൻ ചർച്ച്, ഫ്ലോറൽ പാർക്ക്, ഗാർഡൻ ഓഫ് പ്രയർ, സ്റ്റാറ്റൻ ഐലൻഡ്, യൂത്ത് ഗ്രൂപ്പ്, ഇന്ത്യ പെന്തക്കോസ്ത് ചർച്ച്, ക്യൂൻസ്, ക്രൈസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർചർച്ച്, മാസി സത്സംഗ്
റവ.ഡോ. ബാബു തോമസ് ബൈബിൾ വായിച്ചു.
ഡോ. ബേബി സാം സാമുവൽ (സാമൂഹിക സംരംഭകൻ) ആൻസൻ തോമസ് (സാമൂഹിക പ്രവർത്തകൻ), പാസ്റ്റർ . ജതീന്ദർ ഗിൽ, (പഞ്ചാബി ഇന്ത്യൻ ചർച്ച്), തുടങ്ങിയവർ ആശംസകൾ നേർന്നു.
ജോർജ് എബ്രഹാം (മുൻ ചീഫ് ടെക്കനോളജി ഓഫീസർ, യുഎൻ, & വൈസ് ചെയർ, ഐഒസി) നന്ദി പറഞ്ഞു.
റവ. ഡോ. നെഹെമിയ തോംസൺ, സമാപന പ്രാർത്ഥന നടത്തി.
ഡോ. ലിസ ജോർജ്, പ്രിയ വർഗീസ് എന്നിവരായിരുന്നു എംസിമാർ.
റവ. ജോൺ തോമസ്, (വൈസ് പ്രസിഡൻ്റ് സ്റ്റെഫ്ന, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി) ഭക്ഷണം ആശീർവദിച്ചു.
വീഡിയോഗ്രാഫർ: ഷാജി എണ്ണശേരിൽ, ഫോട്ടോ: അഭിജിത് റോയ്; പിഎ: സുജിത്ത് മൂലയിൽ; ഫാ. നോബി അയ്യനേത്ത്.