വാർത്ത: ഷാജി രാമപുരം
ഹ്യുസ്റ്റൺ : സെന്റ്.തോമസ് മാർത്തോമ്മാ ഇടവക ഹ്യുസ്റ്റൺ ധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി. ഹ്യുസ്റ്റൺ ഇമ്മാനുവേൽ സെന്ററിൽ വെച്ച് നടത്തപ്പെട്ട സംഗീത സായാഹ്നം ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ഡി. സി മഞ്ജുനാഥ് ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി ജോർജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ജഡ്ജ് ജൂലി മാത്യു, മുൻ മാർത്തോമ്മ സഭാ സെക്രട്ടറിയും, വികാരി ജനറാളും ആയ റവ.ഡോ. ചെറിയാൻ തോമസ്, ഇടവക വികാരി റവ.സോനു വർഗീസ്, ആതുര സേവന രംഗത്തെ വ്യവസായി പി. ടി ഐസക് ആൻഡ് ലീലാമ്മ ഐസക് (ഡാളസ്), പ്രോഗ്രാം കൺവീനർ ജോൺസൺ ജോർജ് എന്നിവർ പങ്കെടുത്തു.

മലയാള ചലച്ചിത്ര ഗാന ലോകത്തെ അതുല്യ പ്രതിഭ കെ.എസ് ചിത്ര, പ്രമുഖ സംഗീത സംവിധായകനും, ഗായകനുമായ ശരത്, ഗായകരായ നിഷാദ്, അനാമിക എന്നിവരുടെ നേതൃത്വത്തിൽ ആണ് ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം ഒരുക്കിയത്.
ഹ്യുസ്റ്റണിലെ ഹാരീസ് കൗണ്ടിയിലെ സൈപ്രസ്സ് സിറ്റിയിൽ വാങ്ങിയ സ്ഥലത്ത് 2018 ൽ ആരംഭിച്ച സെന്റ്. തോമസ് മാർത്തോമ്മാ ദേവാലയത്തിന് ഏകദേശം മൂന്ന് മില്യൻ ഡോളർ മുടക്കി പുതിയതായി പണിയുന്ന ബിൽഡിംഗിന്റെ ധനശേഖരണാർത്ഥം ആണ് സംഗീത സായാഹ്നം ഒരുക്കിയത് എന്ന് ബിൽഡിംഗ് പ്രോജക്ട് കൺവീനർ ജോൺ തോമസ്, ഇടവക ട്രസ്റ്റിന്മാരായ ജതേഷ് വർഗീസ്, ജുന്നു സാം എന്നിവർ അറിയിച്ചു.

ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നത്തിൽ പങ്കെടുത്ത് വൻ വിജയം ആക്കിയ വൈദീകരോടും, ഹ്യുസ്റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരോടും, പങ്കെടുത്ത എവരോടും ഇടവകക്ക് വേണ്ടി വികാരി റവ. സോനു വർഗീസ്, സെക്രട്ടറി തോമസ് ക്രിസ് ചെറിയാൻ എന്നിവർ നന്ദി അറിയിച്ചു.
