തൃശൂര്‍: കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ 60 ാം സംസ്ഥാന സമ്മേളനം 'സല്‍ക്കാര്‍ 2025' ഫെബ്രുവരി 14, 15, 16 തീയതികളില്‍ തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഹോട്ടല്‍, റസ്‌റ്റോറന്റ്, ലോഡ്ജ്, ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയ്പാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, മുന്‍മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എംപിമാര്‍, എംഎല്‍എമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച രാവിലെ പത്തിന് എക്‌സ്‌പോ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രതിനിധി സമ്മേളനവും ഉച്ചയ്ക്കുശേഷം ജനറല്‍ കൗണ്‍സില്‍ യോഗവുമാണ്. ശനിയാഴ്ച രാവിലെ പത്തിനു രമേശ് ചെന്നിത്തല ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, കല്യാണ്‍ ഗ്രൂപ്പ് സാരഥികളായ ടി.എസ്. കല്യാണരാമന്‍ ടി.എസ്. പട്ടാഭിരാമന്‍, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലരയ്ക്കു പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച രാവിലെ പത്തിനു സമാപന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള മാധ്യമ സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കുടുംബസംഗമത്തില്‍ ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയാകും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഡിജിപി പി. വിജയനെ ആദരിക്കും. രാത്രി മെഗാഷോ അരങ്ങേറും.
ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനമായ 'ഹോട്ടല്‍ എക്‌സ്‌പോ' സമ്മേളന നഗരിയിലെ പ്രധാന ആകര്‍ഷണമാകും. വിവിധ കമ്പനികളുടെ 150 സ്റ്റാളുകളുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് ഹോട്ടല്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ നടക്കും. പത്തു പവനാണ് ഒന്നാം സമ്മാനം.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി. ബിജുലാല്‍, വൈസ് പ്രസിഡന്റ് വി.ടി. ഹരിഹരന്‍, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് എന്നിവരു൦ പങ്കെടുത്തു.
