തൃശൂര്‍: നാടിനെ ഏകീകരിക്കാന്‍ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്ന് ഗോവ ഗവര്‍ണര്‍ പി എസ്. ശ്രീധരന്‍ പിള്ള. ബഹറിന്‍ കേരളീയ സമാജം പ്രവാസി കുടുംബ സംഗമമായ 'ഹാര്‍മണി 2024' ല്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. 1947 ല്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ പാക്കിസ്ഥാനിലേക്കു പോയവരില്‍ വലിയൊരു ഭാഗവും നാലഞ്ചു വര്‍ഷത്തിനുശേഷം തിരിച്ചുവന്നത് അതുകൊണ്ടാണ്. കാലദേശങ്ങളെ അതിജീവിക്കാന്‍ സാഹിത്യത്തിനു കഴിയും. രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കുവലുതാണ്. ശ്രീധരന്‍ പിള്ള പറഞ്ഞു.
പ്രായത്തില്‍നിന്നും ജരനരകളില്‍നിന്നും ഒളിച്ചോടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍ പറഞ്ഞു. തനിക്ക് 95 വയസായെങ്കിലും പ്രസംഗിച്ചും എഴുതിയും ജനങ്ങളോടു സംവദിച്ചും മുന്നോട്ടു പോകാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരിതത്തിനു പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇപ്പോഴാണു സഹായം കിട്ടേണ്ടത്. കിട്ടേണ്ട സമയത്തു സഹായം കിട്ടണമെന്നും പദ്മനാഭന്‍ ഗോവ ഗവര്‍ണറും എന്‍.കെ. പ്രേമചന്ദ്രനും ഇരുന്ന വേദിയില്‍ പറഞ്ഞു.
ബഹറിനില്‍ അധ്വാനിച്ചു ജീവിതം വിജയകരമാക്കി കുടുംബത്തിനും നാടിനും കൈത്താങ്ങായവരാണ് ബഹറിന്‍ പ്രവാസികളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ സാമൂഹ്യ പ്രതിബദ്ധതക്കു ഈ നാടു കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ ഗ്രാന്‍ഡ് ഹയാത്ത് റിജന്‍സിയില്‍ നടന്ന ചടങ്ങില്‍ വയനാട് ദുരന്തത്തില്‍ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം റവന്യു മന്ത്രി കെ. രാജനു കൈമാറി.
ബഹറിന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, മുന്‍ എംപി രമ്യ ഹരിദാസ്, സാഹിത്യകാരന്മാരായ ടി. പത്മനാഭന്‍, ബന്യാമിന്‍, ജനറല്‍ കണ്‍വീനര്‍ ജോസ് പുതുക്കാടന്‍, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബഹറിനിലെ സംരംഭകരായ വി.ഡി. തങ്കച്ചന്‍, എന്‍.ബി. പ്രശാന്ത്, കോശി ഏബ്രഹാം, പി.കെ. രാജു, രാജന്‍ വാര്യര്‍ എന്നിവര്‍ക്കു ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വര്‍ഗീസ് ജോര്‍ജ്, സമാജം വനിതാ വിഭാഗം അധ്യക്ഷ മോഹിനി തോമസ്, ബില്‍ഡര്‍ പി.വി. മോഹന്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ സ്ഥാപക വസന്ത മോഹന്‍ എന്നിവരെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. നികേത വിനോദിനെ പൊന്നാടയണിച്ച് ആദരിച്ചു. സോമന്‍ ബേബി രചിച്ച 'അനുഭവങ്ങളുടെ താഴ്‌വര' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ടി. പദ്മനാഭനില്‍നില്‍നിന്ന് ആദ്യ കോപ്പി സ്വീകരിച്ചുകൊണ്ട് ഗവര്‍ണര്‍ ശ്രീധരന്‍പിള്ള നിര്‍വഹിച്ചു. മജീഷ്യന്‍ സമ്രാജ് ഷോയുമുണ്ടായിരുന്നു. ബഹറിന്‍ മലയാളി പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഹാര്‍മണി കുടുബ സഗമം ഒരുക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എഴുന്നൂറോളം പേര്‍ പങ്കെടുത്തു.